Thursday, December 31, 2020

കല്പകത്തൈ....

കല്പതരുദിനാശംസകൾ(ജനുവരി 1 )
---------------------------------------
അനാദിയാകും വേദത്തി-
ന്നാഴത്തിൽ വേരു താഴ്ത്തി നീ
വലിച്ചെടുത്ത സത്യത്തിൻ
പുഷ്ടിയാൽ പൂത്ത വാക്കുകൾ 

നിൻ പാദം ചിന്ത ചെയ്‌തെന്നും
കൈവല്യമണയാൻ തപം 
ചെയ്യുന്നു യോഗിവൃന്ദങ്ങൾ 
വല്മീകത്തിന്റെയുള്ളിലായ്

അതിസാധാരണമാം മട്ടിൽ
ഉള്ളിലെ കാമ്പു കാട്ടിടാ-
ടേറും കൗശലമോടെ നിൻ 
ലീലയാൽ തീർത്ത തോൽപ്പുറം

ദുഷ്കരം ശുദ്ധശാസ്ത്രത്തിൻ 
പാതയിൽ സഞ്ചരിച്ചു തൻ 
ഉടലിൽ സഞ്ചയിച്ചോരു
സത്യാർത്ഥത്തിൻറെ കാതലും

വൈവിധ്യപൂർണ്ണമാം പാത-
യോരോന്നിൻ പരിപൂർണ്ണത 
നേടി നീ നീട്ടി നിൽക്കുന്നൊ -
രസംഖ്യം പൂത്ത ചില്ലകൾ

നിൻ സുഗന്ധം ജഗത്താകെ
വിതറാനായി മൊട്ടിട്ടു
വിടർന്നു നിൻ വചോഗന്ധ-
വാഹിയാം ശിഷ്യസഞ്ചയം 




മധുവിൻ രുചിഗന്ധങ്ങൾ
അനുഭൂതി വിഭൂതികൾ
നുകർന്നു മത്തരായ് മൂളും
ഭക്തരാകുന്ന വണ്ടുകൾ

ഇരുണ്ട ജീവമാർഗ്ഗത്തി-
ന്നാന്ധ്യമെല്ലാമകറ്റുവാൻ 
നിൻ കണ്ണിൻ ദ്യുതി പാറുന്നു 
മിന്നാമിന്നികളായ് സദാ

ഭക്തിയും മുക്തിയും - തൃപ്തി 
വരുത്തും ഫലസഞ്ചയം 
ലോകർക്കായ് തൂങ്ങിയാടുന്നു
കൈയെത്തുമുയരത്തിലായ് 

നൂറായിരക്കണക്കായി
നിന്റെ നാവു മൊഴിഞ്ഞതാം
വചോപർണ്ണങ്ങൾ വീശുന്നു 
ആശ്വാസക്കുളിർകാറ്റിതാ

ഭഗവൻ! ഭവചക്രത്തിൽ-
പെട്ടുഴറും ജീവരാശികൾ-
ക്കമൃതൂട്ടുന്ന നീ, ഞങ്ങൾ 
ഇളവേൽക്കും മഹാമരം 

സുഖദുഃഖങ്ങൾ തന്നാഴി
മഥനം ഞങ്ങൾ ചെയ്യവേ
കൃപയാലുദയം ചെയ്ത 
ഇച്ഛ തീർക്കുന്ന കല്പകം

ചോദിക്കുന്നതിലേറെത്തൻ
കാരുണ്യം കൊണ്ടു ഞങ്ങളിൽ
വർഷിക്കും കല്പകത്തൈയേ 
രാമകൃഷ്ണാ ജയിക്കുക!!

അഹേതുകദയാസിന്ധോ
അപ്രാർത്ഥിതവരപ്രദ
അവാങ്ഗോചര വിശ്വാത്മൻ
അവതാരവരിഷ്ഠാ തൊഴാം!!!

**https://en.wikipedia.org/wiki/Kalpataru_Day

No comments:

Post a Comment