നല്ലവനാം ഇടയൻ നടത്തുന്ന
നല്ല ചെമ്മരിയാടുകൾ നമ്മൾ
നല്ല ചെമ്മരിയാടുകൾ നമ്മൾ
മേഞ്ഞിടാനീ വിശാലമാം ലോകം
പാഞ്ഞു തുള്ളുവാൻ പച്ചപ്പുൽ മേട്
ദാഹമൊക്കെയകറ്റുമരുവി
ശീതളിമയരുളും മരങ്ങൾ
പോകയാണു നാം നിശ്ചിന്തരായാ
ബാലകൻ നയിക്കുന്ന വഴിയേ
കൂട്ടമറ്റു നാം പോകാതിരിക്കാൻ
കാട്ടിലൊറ്റയ്ക്കതാവാതിരിക്കാൻ
ആട്ടിടുന്നവൻ പോകും വഴിക്കേ
നീട്ടി കാൽ വെച്ചു പോകുന്നു നമ്മൾ
കൂടെയുണ്ടവൻ, കേൾക്കുന്നു നാദം.
കൂടെയുണ്ടു, നിഴലനങ്ങുന്നു.
ഓടിയോടി നാം വീഴാതിരിക്കാൻ
നീളമുള്ള വടി ചുഴറ്റുന്നു
ഭംഗിയേറുമീ പുൽമേടു വിട്ട്
പോകണം നാമവൻ വിളിക്കുമ്പോൾ
നാളെ നേരം പുലരും വരേയ്ക്കും
കൂടിനുള്ളിൽ ഒതുങ്ങണം വീണ്ടും
നല്ലവനാം ഇടയൻ നടത്തുന്ന
നല്ല ചെമ്മരിയാടുകൾ നമ്മൾ
ഇല്ല പേടി നമുക്കു, നയിക്കാൻ
മുന്നിലെന്നും അവൻ നടക്കുമ്പോൾ
No comments:
Post a Comment