ഇരുളിൽ, ഇടയന്റെ കുടിലിലെ പുൽക്കൂട്ടിൽ
ഉദയാഭയാർന്ന വിഭാതം
നിലതെറ്റിയുടയുന്ന ലോകത്തിനൊരു നവ്യ
ശുഭദ പ്രതീക്ഷ നക്ഷത്രം
മറിയ തൻ മാറിൽ ചുരന്ന മാതൃത്വത്തിൻ
മധുരം നുകർന്ന സൗഭാഗ്യം
നിറവേറ്റുവാനുള്ള ദൈവനിയോഗത്തിൻ
പരിപൂർത്തിയായ് പെയ്ത വർഷം
പെരുകും മനുഷ്യദുഃഖങ്ങളിൽ നൊന്തു തൻ
കരൾ നീറി ചിന്തിയ കണ്ണീർ
നുരയുന്ന മദമാർന്ന മതമേടകൾക്കു മേൽ
നിപതിച്ച ചാട്ടയടികൾ
കരുണ തൻ സങ്കീർത്തനങ്ങൾ
നദി പോലെയൊഴുകി നീ കഴുകിക്കളഞ്ഞതാം
അളവറ്റ പാപക്കറകൾ
നിറമറ്റ ജീവിതങ്ങൾക്കു മേൽ വിരിയിച്ച
ദയയുടെ ഇന്ദ്രധനുസ്സ്
കുരിശ്ശിൽ പിടഞ്ഞു നീ ഞങ്ങൾക്കു തന്നതാം
കൃപയുടെ ദിവ്യാമൃതത്വം
മധുരമായ് പെയ്‌തൊരു വചന സംഘോഷണം
പുതുയുഗത്തിൻ ജീവഗാനം
ജനസാഗരത്തിനു നടുവിൽ നീയേന്തിയ
കൊടിയ പാപത്തിൻ കുരിശ്ശ്
പിറവി തൻ ദിവ്യമാം ദിനമിതിൽ ലോകത്തിൻ
പരിപൂർണ്ണ സൗഖ്യത്തിനായി
ഇരുമുട്ടിൽ ഞങ്ങളിരുന്നപേക്ഷിക്കുന്നു നിൻ
തിരുകൃപ വർഷിച്ചിടേണേ
No comments:
Post a Comment