നീയാം തണലിൻ ചോട്ടിൽ ഞങ്ങൾ
നീലാകാശം കാണുന്നു
നീലിമയാർന്നൊരു കൺകളിൽ സ്വപ്നം
നൂറായിരമുയർ കൊള്ളുന്നു
പേരറിയാൻ കഴിയാത്ത വികാരം
നീ ഞങ്ങളിലുളവാക്കുന്നു
കാലിടറുമ്പോൾ ഉഴറുമ്പോൾ നീ
താങ്ങായ് വന്നു തലോടുന്നു
മൂടുമിരുട്ടിന്നുള്ളിൽ ചങ്ങല
പൊട്ടിച്ചൻപൊടു പൂക്കുന്നു
മാരിയിൽ ഞങ്ങൾ നനഞ്ഞീടുമ്പോൾ
നെഞ്ചിൻ ചൂടു ചുരക്കുന്നു
കൈവിരൽ കോറിവരയ്ക്കും വാക്കിനു
നീയർത്ഥത്തണലേകുന്നു
ഉള്ളിൽ വിങ്ങും സന്താപം നിൻ
തീർത്ഥം തീർത്തു കൊടുക്കുന്നു
നൂറായിരമായ് പിരിയും നാഡിയിൽ
കുണ്ഡലിനിപ്പൊരുൾ തേടുമ്പോൾ
നീയാനന്ദചിദാകാശത്തിൽ
പാറാൻ ചിറകുകൾ നൽകുന്നു
വിസ്മയരാഗസുധാലഹരിക്കകം
നിറമേഴും നീ നിർത്തുന്നു
പാഴ്‌മുള തന്നിൽ പൂന്തെന്നൽ പാ-
ടീടും നാദമതാകുന്നു
സഹജമൃഗീയവിചാരമിരുട്ടിൻ
ചുരുളുകൾ നീളെ വിതക്കുമ്പോൾ
സിംഹോപരി അമരും മാതാ മഹി-
ഷാസുരമർദ്ദിനിയാകുന്നു
സിന്ദൂരത്തിൻ ശോണിമയായ് നീ
മൂകാംബികയിൽ വാഴുന്നു
നിത്യം ഭഗവാൻ കുമ്പിടുമാ ഭവ-
താരിണിയായി വിരാജിപ്പൂ
ഓംകാരത്തിൻ പൊരുളായ്, വേദ-
ത്തേന്മൊഴിയിൽ നിറയും സ്നേഹ-
പ്പാട്ടുകളായ്, വരയായ്, വരിയായി
നിറമായ് ഉള്ളിൽ വാർക്കുന്നു
നാവിൽ വാഴും സൗവർണാക്ഷര
രേഖയിൽ പുഞ്ചിരി തൂകുന്നു
അരിയിൽ പണ്ടെഴുതിച്ച ഹരിശ്രീ-
യായെന്നും കുടികൊള്ളുന്നു .
No comments:
Post a Comment