Monday, October 19, 2020

പുഴനോവ്

കുറഞ്ഞും കൂടിയും

അകത്തൊരു വിങ്ങൽ 

ചിരപരിചിത-

മൊരുനിശ്ശബ്ദത 


തുടുതുടെ ചുവ-

ന്നൊരാ സന്ധ്യാംബരം 

ഒരിറ്റിരുട്ടിനാൽ

മുഴുവൻ മൂടവേ 


വെളിവു വറ്റുന്ന

പുഴക്കരയിലെൻ 

ഹൃദയം നിഷ്ഫലം 

തെളിവു തേടുന്നു 


ഇവിടെയാണെങ്ങോ 

കളഞ്ഞു പോയതെൻ 

പഴയ പേനയും

കടലാസ് കഷ്ണവും


ഇവിടെയാണെങ്ങോ 

മറന്നു വെച്ചതെൻ 

ഹൃദയം പൂവിട്ട

വസന്ത സന്ധ്യകൾ 


ഇവിടെയീ മണൽ-

പ്പരപ്പിലുണ്ടാകാം

പഴയ മാധവ-

മുരളികാ ഗാനം


ഇരുളു മൂടിയ

നദിക്കകമെയെൻ

വിരൽ നനച്ചൊരാ

കവിതയുണ്ടാകാം


കുഴഞ്ഞ കാൽ നീട്ടി 

പിതാമഹൻ പാടി 

നടന്നൊരാ വഴി 

ഇതു തന്നെയാകാം 


പരാജയം മണ-

ത്തൊരാ വിജിഗീഷു

കൊടിപ്പടം താഴ്ത്തി-

യിരുന്നതിങ്ങാകാം 


മറഞ്ഞു പോയൊരെൻ 

പ്രണയകാലവും

സുമംഗലിയായി

നടന്നതീ വഴി


കുറുമ്പു കാട്ടിയെൻ

കഴിഞ്ഞ ജന്മത്തിൽ 

ഇവിടെ ഞാനെങ്ങോ 

കളിച്ചിരുന്നിടാം


നരച്ച ജീവിതം

മിനുക്കുവാൻ ദിനം

ഇവിടിരുട്ടിലായ്

ചടഞ്ഞിരുന്നിടാം 


ചിരികൾ വറ്റിയ 

ദുരന്തഭൂമിയിൽ 

ഹൃദയത്തിൽ കേട്ടൊ-

രതേ നിലവിളി 


വിരക്തിയാൽ മൂടു-

പടമിട്ട കൺകൾ

വിശപ്പു മാറാത്ത

ശരീരതൃഷ്ണകൾ


നിലാവിൻ പാൽകുടി-

ച്ചൊരു ഞൊടി നേരം

പുഴയും രാവുമെൻ 

ഹൃദയവുമൊന്നായ്

പകുത്തു വേർപാടും,

വിഷമവും, പാട്ടും

പഴയ ജന്മത്തിൻ 

പരാതിയൊക്കെയും


പടം പൊഴിച്ചു തൻ 

വഴിയിഴയുന്നു-

ണ്ടൊരു സർപ്പം പുഴ

നനച്ച മണ്ണിതിൽ 


വെയിലു പൊങ്ങുന്ന 

സമയത്തിൻ മുൻപേ 

തിരിച്ചു പാറുന്നു

കടവാവൽക്കൂട്ടം 


ഉയിരിൻ മാർദ്ദവം

സഹിക്കുവാൻ വയ്യാ-

തൊരൊച്ചു തൻ ശംഖിൽ

ഒതുങ്ങിക്കൂടുന്നു

No comments:

Post a Comment