Wednesday, August 19, 2020

നീലമഷി...

മുളന്തണ്ടുകൾ പാടുന്ന 
മധുരോദാര ഗീതകം 
ഏറ്റു പാടുന്ന കാളിന്ദീ 
പുളിന ശ്യാമഭംഗിയിൽ

പൂവാക തേച്ചൊരാ മെയ്യിൽ 
പൂന്തേനുണ്ണുന്ന വണ്ടുകൾ 
മുരളും പ്രണവധ്വാനം
ഉയരും വിപിനങ്ങളിൽ 

കാളിയന്റെ മദം തീർത്ത 
കുഞ്ഞിക്കാൽ അണിയുന്നൊരാ 
നൂപുരത്തിൻ കിലുക്കങ്ങൾ
കാതോർക്കും വ്രജവാടിയിൽ 

ഈരേഴുലകു കൺചിമ്മി-
ക്കാണും രാസോത്സവങ്ങളിൽ
പൈക്കുട്ടികൾ കുതിച്ചോടും
വൃന്ദാവന തടങ്ങളിൽ 


വെയിലിൽ വാടിടാതുള്ള
ഗോപികാഗീതകങ്ങളിൽ
ഉരൽ രണ്ടായ് പിളർത്തിട്ട
ജന്മപാപാർജ്ജിതങ്ങളിൽ 

വേദാന്തം തൊഴുകൈയോടെ
നിൽക്കും ഗോപാങ്കണങ്ങളിൽ 
ഉടഞ്ഞ തൈർക്കുടം ചോർന്ന
മമത്വാകർഷണങ്ങളിൽ

പരാനന്ദസരിത്ഗംഗ
തൊടും ഗോവർദ്ധനങ്ങളിൽ
പുഞ്ചിരിപ്പാലൂട്ടുന്ന
ഗോപീ ഹൃദയവാടിയിൽ

മുടിക്കെട്ടിന്മേൽ ആകാശം
നോക്കി നിൽക്കുന്ന പീലികൾ 
പൊഴിക്കും മയിലാടുന്ന
യാമുനാർദ്ര നിലങ്ങളിൽ 

മഞ്ജുളാഭയിൽ മുങ്ങുന്ന 
നന്ദഗോപഗൃഹത്തിലും
മഞ്ജുളാൽത്തറ തന്മേലും 
ഗുരുവായുപുരത്തിലും 

അല തീർത്തൊഴുകീടുന്ന
നീലക്കാർമുകിൽ വർണ്ണമെൻ 
ഒഴിഞ്ഞ പേനയിൽ വീണ്ടും
നിറഞ്ഞു കവിയേണമേ
ജീവിതത്തിന്റെയോരോരോ
താളിലും പടരേണമേ

No comments:

Post a Comment