Sunday, August 2, 2020

രാമൻ്റെ അയോദ്ധ്യ....

എവിടെയോ നാം കണ്ടു മറന്ന ഒരു കാര്യം വീണ്ടും കാണുകയാണെന്ന മട്ടിൽ നമുക്ക് തോന്നാറില്ലേ. ഇംഗ്ലീഷിൽ ഇതിനു ദേജാവൂ(dejavu) എന്നാണ് പേര് (മലയാളം അറിയില്ല). ഓഗസ്റ്റ് 5 എനിക്ക് സമ്മാനിക്കുന്നത് അതായിരിക്കും. ഈ ദിവ്യസ്വപ്നം ഞാൻ പലവട്ടം കണ്ടു കഴിഞ്ഞിരിക്കുന്നു. അയോധ്യയിലെ ഭവ്യമായ രാമക്ഷേത്രം എനിക്കെന്ന പോലെ പലർക്കും പല നാൾ കണ്ടു പരിചയിച്ച ഒരു മുഹൂർത്തത്തിന്റെ പുനരാവിഷ്കരണമായിരിക്കും എന്നതിൽ സംശയമേതുമില്ല. കഥാപാത്രങ്ങൾ മാറിയാലും, രാമലല്ല അതു തന്നെ. ആ ക്ഷേത്രവും അതു തന്നെ.

ഇത് ഒരു കെടാത്ത ആവേശമായി എന്നും മനസ്സിലുണ്ടായിരുന്നു. ഏറെയൊന്നും അറിയാത്ത കാലം മുതൽക്കേ... പിന്നീട് അതിന് ബോധ്യം വന്നപ്പോഴേക്കും കാലം കുറെയേറെ വന്മരങ്ങളെ കടപുഴക്കി എറിഞ്ഞു പുതിയവയെ പ്രതിഷ്ഠിച്ചിരുന്നു. എങ്കിലും നിസ്സാരമായ മനുഷ്യജീവിതങ്ങൾക്കിടയിൽ ഒരിക്കലും അണയാത്ത ധ്യേയമെന്നോണം അയോധ്യയുടെ ശോകതപ്തമായ മുഖം ജ്വലിച്ചിരുന്നു. ഇന്നിതാ അതിലേക്ക് ശ്രീരാമചന്ദ്രപ്രഭുവിന്റെ മുഖധവളിമ പ്രകാശിച്ചിരിക്കുന്നു. ഇതൊരു പുതിയ ഭാരതമാണെന്ന്, ഒരു രാമരാജ്യമാണെന്ന് ഉദ്‌ഘോഷിക്കുന്നു.

പലപ്പോഴും സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയ്ക്കായിരുന്നു രാമജന്മഭൂമി എനിക്ക്. 1992 ഡിസം3ബർ 6 നു ശേഷം കാത്തിരിപ്പത്രയും ഈ ഒരു നാളിനു വേണ്ടി ആയിരുന്നു. അധികാരം ലഭിച്ചതിനു ശേഷവും ഇതിനിത്രയും കാലതാമസമുണ്ടായതിൽ മനസ്സ് വേദനിക്കുകയും ചെയ്തിരുന്നു. ഇനി വോട്ട് അമ്പലം വന്നതിനു ശേഷമെന്ന് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുൻപേ തീരുമാനിക്കുകയും ചെയ്തു.
എങ്കിലും ഇത് ഈ കണ്ണിലെ ഒളി കെടുന്നതിനു മുൻപേ കാണുവാൻ സാധിക്കുമെന്ന് ആരോ അകത്തിരുന്നു മന്ത്രിച്ചിരുന്നു. ആ ഉറപ്പിന്റെ പിൻബലത്തിലാണ് "അയോധ്യയിലെ രാമന്" എന്ന കവിതയിൽ "നിന്നമ്പലം ഞങ്ങളിൽ ജീവൻ ബാക്കിയിരിക്കുമെങ്കിൽ ഉയരും വീണ്ടും അയോധ്യക്കകം" എന്നും,
"മധുരാകാശിയയോധ്യകൾ വീണ്ടും പുളകം കൊള്ളും നിമിഷം
ഇനിയും കാക്കണമെന്നാൽ നിശ്ചയമുയരും ഭാരതമുണരും" എന്നും എഴുതുവാൻ സാധിച്ചത്. എന്നിലൂടെ വന്ന ആ വരികൾക്ക് ഇന്ന് അർത്ഥം കൈവന്നിരിക്കുന്നു. മറ്റുള്ളവർക്ക് ഇത് എന്തു തന്നെ ആയാലും, എനിക്ക് ഇതൊരു ജീവിതസാകല്യമായിത്തീരുന്നതും മറ്റൊന്നും കൊണ്ടല്ല.

ഇരുളിന്റെ, അടിമത്തത്തിന്റെ, നിരാശയുടെ കോട്ട കൊത്തളങ്ങൾ തകർത്തെറിഞ്ഞു, സ്വർണം മൂടിയ ലങ്ക വിട്ട്, ഈ പാവനഭൂമി തേടി ശ്രീരാമചന്ദ്രൻ ഇന്നെഴുന്നള്ളുകയാണ്...
ഇനി അയോദ്ധ്യയിൽ പോകാം...
എൻ്റെ ഹൃദയനാഥൻ വാഴുന്ന അയോദ്ധ്യയിൽ.

No comments:

Post a Comment