Tuesday, July 28, 2020

ശ്രീരാഘവാത്മാരാമൻ!

അച്ഛൻ കൈയിലെടുത്തു നിന്റെ ചെവിയിൽ മന്ത്രിച്ചൊരാ വാക്കിനാൽ
ലോകത്തിന്നഭിരാമനാമമതു നിൻ പേരായി വന്നൂ പുരാ
രാമാ, ലോകവും ആയതിന്റെ സ്ഥിതി സംഹാരങ്ങൾ ചെയ്വോരുമോ
-തീടുന്നൂ തവ താരകം അതിലടങ്ങീടുന്നു വേദങ്ങളും

പൊന്നിൻ കൈവള കൊഞ്ചിടുന്ന മധുരോദാരസ്വരം കേൾക്കവേ
കണ്ണിന്നഞ്ജനമായ നിൻറെ കുസൃതിക്കൂത്തൊന്നു കണ്ടീടവേ
ഉള്ളിൽ പ്രേമനിലാവുതൂകി വരുമാ ശ്രീരാമഭദ്രൻറെയാ
രൂപം അമ്മയറിഞ്ഞ പോലെയറിവാൻ കൗസല്യസൂനോ തുണ

ആകാശത്തു തെളിഞ്ഞ ചന്ദ്രനുടനെ കൈയിൽ ലഭിക്കേണമെ-
ന്നാകെ വാശി പിടിച്ച നിന്നെയുടനേ തന്നന്തികേ ചേർത്തണ-
ച്ചാ കണ്ണാടിയിൽ നിന്റെയാ സുമധുരത്തേൻഭംഗി കാണിച്ചിതാ
കാണുന്നൂ മമ രാമചന്ദ്രനെ, അവർ ചൊല്ലുന്നു കൈകേയിയാൾ

വേദാന്താദ്വയശാന്തി നേടിയുലകിൽ ലോകോപകാരാർത്ഥമായ്
നിത്യം സൂര്യകുലപ്രകാശകഗുരു സ്ഥാനത്തിൽ വാഴുന്നവൻ
ആ പുണ്യപ്രവരൻ വസിഷ്ഠമുനിയാൽ ലോകത്തിൻ ആധാരമായ്-
ക്കാണായ്,വന്ന നിരഞ്ജനപ്രകൃതിയാം വേധസ്സിനെക്കൂപ്പിടാം

പോകല്ലേയെന്നു ചൊല്ലിപ്പിറകെ വരുമൊരാ വൻ ജനക്കൂട്ടമെന്നും
സ്വപ്നം കണ്ടുള്ള രാജ്യം വരുവതിനിനിയും കാക്കുവാൻ വയ്യായെന്നായ്
നിൻ പാദപ്പൊടി ചൂടി ദാസ്യമരുളാൻ കൈകൂപ്പി നിന്നോരിൽ നിൻ
സ്മേരം തൂവിയ രാഘവാ രഘുകുലത്തിൻ നാഥ നിന്നെത്തൊഴാം

പ്രാണന്നും പ്രിയയായ് വരിച്ച മിഥിലാപുത്രിക്ക് വേണ്ടിക്കൃപാ
പൂരം കൊണ്ടു നിറച്ച തൻ ഹൃദയവും കണ്ണീരിൽ മുക്കീ ഭവാൻ
വൈദേഹീവിരഹത്തിനാൽ കരയുമെൻ കണ്ണിന്റെ കണ്ണായിടും
സീതാനാഥ, നിശാചരാന്തക, ജഗന്നാഥാ നമസ്തേ സദാ

പാപം പോക്കിയഹല്യയെ പതിതയെന്നല്ലാതെയാക്കിശ്ശിവാ-
ചാപം പൊട്ടിമുറിച്ച  നാളു മുതലേ നീയാണു സീതാപതി
ഭാഗ്യത്തിൻ പരിപൂർത്തിയാൽ മിഥില തൻ മാറത്തുദിച്ചുള്ള നിൻ
സീതാലിംഗിത ദേഹമെന്നുമകമേ മിന്നിത്തിളങ്ങേണമേ

അച്ഛന്നു രാമനമ്മക്കോ രാമഭദ്രൻ അകല്മഷൻ
കൈകേയിയമ്മ കൊഞ്ചിക്കും രാമചന്ദ്രമഹാപ്രഭു
ഗുരു കണ്ടൊരു വേധസ്സ്, അയോധ്യക്ക് രഘൂത്തമൻ
നാഥൻ സീതക്ക്, വൈദേഹീപതിയാം മിഥിലയ്ക്കു നീ

രാമായ  രാമഭദ്രായ
രാമചന്ദ്രായ  വേധസേ,
രഘുനാഥായ  നാഥായ,
സീതായാഃ പതയേ   നമഃ 

No comments:

Post a Comment