Monday, February 24, 2020

ഉയിർപ്പ്!!!

ശ്രീരാമകൃഷ്ണ ജയന്തി ആശംസകൾ!!!
-------------------------------------------------------
ഒടുവിലേതൊക്കെയോ  ദീർഘദീർഘമാം
സ്മൃതിപഥങ്ങളെ പിന്നിട്ടു ശൂന്യമാം
ഇരുൾവഴിപ്പാത തന്നിൽ ഹതാശനായ്
നിഴലു പോലെ ഞാൻ നിൽക്കയാണിന്നിതാ

പിറവി കൊണ്ടുമൊടുങ്ങാത്ത ദുഷ്കൃത-
ച്ചുമടെടുത്തു വളഞ്ഞ നട്ടെല്ലിലൂ-
ടറിവതുണ്ടു ഞാൻ മെല്ലെ കിനിയുന്ന
ഭയം, ഉയരുന്ന രക്തസമ്മർദ്ദനം.

ചിരമൊടുങ്ങാത്ത ഭ്രാന്തമാം സക്തികൾ
മുറിവുകൾക്കു മേൽ തീർത്ത മുറിവുകൾ
പഴകി നാറുന്ന ദുർഗന്ധം, തൊണ്ടയിൽ
നിലവിളിക്കുന്നു  വാക്കിൻ വിശപ്പുകൾ

വിധുരരാത്രികൾ, പൊള്ളും പകലുകൾ
നിലയുറക്കാത്തൊരാഴക്കടലുകൾ
പിറകിൽ നിന്നു കടിച്ചു വലിക്കുന്ന
പകകൾ, പിന്നെയും തോറ്റു പോകുന്നു ഞാൻ

വെയിലു പൊള്ളിത്തളർന്നൊരെൻ കയ്യുകൾ
ഒടുവിലെത്തെയാ അമ്പുമയക്കവേ
അകലെയേതോ ശ്രവണകുമാരന്റെ
നിലവിളി ശബ്ദം കേട്ടു ഞെട്ടുന്നു ഞാൻ

മൊഴികളൊക്കെയും കെട്ടു പോകുന്നൊരീ
നിണമൊലിക്കുന്ന വീഥി തന്നറ്റത്ത്
ഒരു ചിത - അതീ എൻറെയായീടുമോ? -
കനൽ പറത്തിയെരിഞ്ഞു തീരുന്നിതാ

പുഴകളിൽ പൊന്തി നീന്തും കബന്ധങ്ങൾ
വനമെരിഞ്ഞു വേവും മൃഗപക്ഷികൾ
അതിരുകൾ വേലികെട്ടി കാവൽ നിൽക്കും
മരണദൂതിന്നു കയ്യൊപ്പു ചാർത്തുന്നവർ

പൊടി നിറഞ്ഞു നീറും ശ്വാസകോശങ്ങൾ
മിഴി കടയുന്ന മായാവിലാസങ്ങൾ
മദിര മോന്തിക്കുടിച്ചു പുകതുപ്പി
വഴിയരികിലെ കുപ്പ പോൽ ജീവിതം

കനവിലേതൊക്കെയോ കനൽക്കാടുകൾ,
ചിതറിവീണ പ്രണയം, നിരാശകൾ
ചെകിടടപ്പിക്കും മൗനം, ഉയിരിലെ
തിരിവു തോറും പകയ്ക്കുന്ന മന്മനം
----------------------------------------------------------------
ഇരുളു വീഴ്‌ത്തുന്ന രാവിന്റെ മാറിൽ നി-
ന്നൊരു നിലാവായുയിർക്കുക, ചന്ദന-
ക്കുളിരു പെയ്യുക, വീണ വായിയ്കുക,
ഉയിരിലേതോ സുകൃതം മൊഴിഞ്ഞുവോ?

കടുനിരാശ തൻ ഭൂഗർഭപാതകൾ
കുറുകെ നീന്തിക്കടന്നു നീ കേറുക
വെയിലു കൊള്ളാതെ പൂത്തവയൊക്കെയും
ഫലമുരുവാക്കയില്ല നീയോർക്കുക

പടപൊരുതുക നിത്യവും നീയുമായ്,
പ്രണയവായ്പ്പാൽ സ്വയമുയിർപ്പിക്കുക
തിരികെ കിട്ടില്ലയെന്നറിഞ്ഞീടിലും
നിറയെ സ്നേഹാമൃതം ചുരത്തീടുക

സകലലോകവും കൈയൊഴിഞ്ഞെങ്കിലും
ഒരുവനുണ്ടു നിനക്കാശ്രയിക്കുവാൻ
പിഴകളിൽ വീണു താണു പോയെങ്കിലും
പഴയതൊക്കെയും മായ്ച്ചു തരുന്നവൻ

പുതിയ ജീവന്റെ വീഞ്ഞുമായ് വന്നവൻ
പുതിയ ഗീതാമൃതം പാടിടുന്നവൻ
പുതിയ ധർമ്മസ്വരൂപമായ്  ലോകത്തിൽ
പതിതപാവനനായിക്കഴിഞ്ഞവൻ


വിരലിനാൽ എഴുതിക്കുന്നവൻ, നിന്റെ
കുരലിൽ സംഗീതമായ് നിറയുന്നവൻ
ഇരുവശത്തും ശിവശ്ശക്തിയുക്തനായ്‌*
ഭുവനമണ്ഡലം പാലിച്ചിടുന്നവൻ

പിറവികൾക്കപ്പുറം തൊട്ടു പേറുന്ന
ചുമടുകളൊക്കെ ചുട്ടെരിക്കുന്നവൻ
വിരലിൻ ഒന്നിൻറെ തുമ്പിനാൽ ലോകർക്ക്
അയുതജന്മപ്രകാശമായ് നിൽപ്പവൻ

ബെതലഹേമിലയോദ്ധ്യയിൽ, അഷ്ടമീ
നിശയിൽ കാരാഗൃഹത്തിൽ ജനിച്ചവൻ
കരുണയാൽ ക്ഷുധിരാമഗേഹത്തിൽ വ-
ന്നൊരു തവണ കൂടി പിറന്നുള്ളവൻ

ഭുവനമാകെയും കാൽക്കൽ നമിച്ചിടും
സകലദേവതാശാസനം ചെയ്‌വവൻ
സകലപാപപ്രണാശകൻ, മുക്തിദൻ
നിഖിലശാസ്ത്രപ്രകാശകൻ**, ശാശ്വതൻ

അവനെ കുമ്പിട്ടു കൈവണങ്ങീടുക
തിരുജനനത്തിൽ ഉല്ലസിച്ചീടുക
ഉയിരിൽ ശ്രീരാമകൃഷ്ണന്റെ നാമവും
മിഴിയിൽ അൻപിൻ നനവുമായ് വാഴുക
---------------------------------------------------
ഒടുവിലേതൊക്കെയോ  ദീർഘദീർഘമാം
സ്മൃതിപഥങ്ങളെ പിന്തള്ളിയെന്നുടെ
അചലലക്ഷ്യപഥത്തിൽ ഞാൻ കാലൂന്നി
കൃപയുടെ മഴയേറ്റു നിൽക്കുന്നിതാ....


*ശ്രീമദ്‌വിവേകാനന്ദസ്വാമികളും, ശ്രീശാരദാദേവിയും
** ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം ശരിയാണെന്നു അനുഭവത്താൽ തെളിയിച്ചവൻ

No comments:

Post a Comment