Tuesday, August 13, 2019

പ്രച്ഛന്നവേഷം

പഴശ്ശിരാജ തൻ വേഷമാണുണ്ണിക്ക്
വിരവിൽ പ്രച്ഛന്നവേഷത്തിനായിതാ
ചുരിക കുന്തം കഠാരയില്ലെങ്കിലും
പഴയ വാളൊന്നു വേണമൊരുങ്ങുവാൻ

അരയിൽ കച്ച മുറുക്കിയിരിക്കണം,
നിറയെ ഭൂഷകൾ എങ്ങുമണിയണം,
കുറി തൊടേണം, നിറഞ്ഞ കോപത്തോടെ
അലറണം ഒരു സിംഹം കണക്കിനെ

 പലകുറി ചൊല്ലി നോക്കിയ വാക്കുകൾ
പതറിടാതെ പറയണം വേദിയിൽ
അതു കഴിഞ്ഞിറങ്ങുമ്പോൾ നിലക്കാത്ത
കൈയടി ശബ്ദം  നിന്നെ പൊതിയണം

ഇനിയടുത്ത വർഷത്തിലും വേറൊരു
മഹിതജീവിതവേഷം നീ കെട്ടിടാം
ഇതിലുമുജ്ജ്വലമായി ആ വേദിയിൽ
അതിനെ നീ ജീവവത്താക്കി മാറ്റിടാം


എങ്കിലുമീ സംവത്‌സരത്തിന്റെ ഓർമ്മ നിൻ
ഉള്ളിലെന്നും നിറഞ്ഞിരുന്നീടണം
കേവലം വേഷമല്ലാതെ ജീവിതം
കേരളസിംഹതുല്യമായ് തീർക്കണം

നീയറിഞ്ഞുവോ ഈ പൊന്നുതമ്പുരാൻ
കാത്തൊരാ വയനാടിന്റെ കണ്ണുനീർ?
വൻദുരന്തങ്ങൾ കൊണ്ടു പൊതിഞ്ഞൊരാ
വൻ മലകാക്കും നാടിന്റെ നൊമ്പരം ?

നാടിനെ കാക്കുവാനായ് പൊരുതിയോ-
രാ കുറിച്ച്യർ തൻ നാടിൻ വിലാപങ്ങൾ
കണ്ടറിയുവാൻ ആയില്ല പ്രായമെൻ
ഉണ്ണി എങ്കിലും നീയോർത്തു വെക്കണം

അന്യനായി തൻ ജീവൻ കൊടുത്തൊരാ,
നാടിനെ കാക്കുവാനായ് മരിച്ചൊരാ
മുൻതലമുറ തന്നവകാശിയാ
-ണെന്ന ബോധം നിന്നുള്ളിൽ നിറയണം

 കാട് തന്നെ ഗതിയെന്നതിപ്പോഴും
ഓർത്തിടാത്ത ഭരണവർഗങ്ങളെ
വീരനാമീ പഴയ രാജാവിന്റെ
ഗീതകങ്ങളാൽ നീയുണർത്തീടണം

പെറ്റനാടിൻ ഹൃദയവിലാപങ്ങൾ
കേൾക്കുവാൻ ചെവി കാതോർത്തിരിക്കണം
കപടത ചുറ്റിലും പെരുകുമ്പൊഴും
ഹൃദയമാർദ്രമായ്ത്തന്നെ നീ കാക്കണം

പഴശ്ശിരാജ തൻ വേഷമല്ലെങ്കിലും
ഉയിരിലാ നന്മ തൻ മുദ്ര വീഴ്ത്തണം
ഇനി പലപല വേഷമാടുമ്പോഴും
നിനവിലെന്നും നാടിൻ നന്മയോർക്കണം

1 comment: