Thursday, August 1, 2019

ഇരു കരകൾ

കൈകൾ എത്തിപ്പിടിക്കാൻ ശ്രമിക്കെ
തട്ടി വീണു കരഞ്ഞെണീക്കുമ്പോൾ
നിഷ്കപടനവൻ  ചിണുങ്ങുന്നു
"ഞാനുമത്ര ഉയരത്തിലെത്തും"

പട്ടുസാരിയെടുത്തുലക്കുമ്പോൾ
അമ്മ ചൊല്ലും വഴക്കു കേൾക്കുമ്പോൾ
ചുണ്ടുകോട്ടിയവൾ പിണങ്ങുന്നു
"ഞാൻ വലുതായി സാരിയുടുക്കും"

------------------------------------------------------------

നല്ലവണ്ണം ഉരുട്ടിക്കഴിക്കാൻ
ചൂടുവെള്ളം ആറ്റാതെ കുടിക്കാൻ
ഉപ്പിലിട്ടത് തൊട്ടു നക്കീടാൻ
കൈ പിടിക്കാതെ റോഡിൽ നടക്കാൻ
ഇഷ്ടം പോലെ മഴയിൽ കളിക്കാൻ
ഇഷ്ടമുള്ള പാട്ടൊക്കെയും പാടാൻ
പേടി തോന്നാതിരുട്ടിൽ കിടക്കാൻ
കാലിൽ കാൽകേറ്റി വീട്ടിലിരിക്കാൻ
പത്തുറുപ്പികക്കാശിനു മിട്ടായ്
വാങ്ങിയൊറ്റക്കതെല്ലാം കഴിക്കാൻ
ഒക്കെയും നേടുവാൻ വലുതാകാൻ

സ്വപ്നവുമായ് ഉറങ്ങുന്നിതുണ്ണി

ഒന്നുറക്കെ കരയുവാൻ, തൂങ്ങും
കണ്ണിമാങ്ങകൾ പൊട്ടിച്ചു തിന്നാൻ
വെന്തുരുകുന്ന ചൂടിൽ പുഴയിൽ
ആകുവോളം നീരാടിക്കുളിക്കാൻ
വാച്ച് നോക്കാതെ പയ്യെ നടക്കാൻ
കാശ് നോക്കാതെ ഇഷ്ടങ്ങൾ ചെയ്യാൻ
ആർത്തിരമ്പും തിരമാല നോക്കി
പല്ലിളിച്ചു കാണിച്ചു രസിക്കാൻ
നേർത്തു മെല്ലിച്ച അമ്മ തൻ കൈയിൽ
തൂങ്ങിയാടി പൂരത്തിനു പോകാൻ
ജാലവിദ്യ തൻ വിസ്മയം കണ്ണിൽ
വീണ്ടുമോരോ വർണ്ണങ്ങൾ വിതറാൻ
നേടിയതൊക്കെ നഷ്ടപ്പെടാനായ്
കുട്ടിയാകാൻ കൊതിക്കുന്നുവച്ഛൻ


കുട്ടികൾക്ക് മുതിരുവാൻ മോഹം
മൂത്തവർക്ക് ബാല്യത്തിലെത്താനും 

No comments:

Post a Comment