Tuesday, March 26, 2019

പഴമ....

പഴയ കാലങ്ങളുടെ
മെഴുക്ക് പുരണ്ട പാത്രങ്ങൾ
ചിതറിക്കിടക്കുന്ന
മച്ചിൽ ഇടക്ക് കയറി നോക്കണം...

അതിൽ ചിലത് കാലിനടിയിൽ
കലപില കൂട്ടുന്ന ശബ്ദം കേൾക്കണം
പൊടിമൂടിയ കണ്ണാടി പതുക്കെ തുടച്ച്
അതിൽ തൻ്റെ തന്നെ മുഖം നോക്കിനോക്കണം
പരിചയമുണ്ടോ എന്ന്.

പഴയ ഇരുമ്പു പെട്ടിയിൽ
മഞ്ചാടിമണികളും
തൂവലുകളും
പേപ്പർ വെട്ടിയൊട്ടിച്ച
നോട്ടുപുസ്തകങ്ങളും
ചികഞ്ഞു,
ഉണങ്ങിയ ഒരാലിലയിൽ
കൈ തടയണം.

ചിതറിപ്പോയ സൗഹൃദങ്ങളുടെ
ചിത്രങ്ങൾ ഓർത്തെടുക്കണം
വിതറിയ ചിരിമുത്തുകൾ
കോർത്തെടുക്കണം
നിറം വറ്റിയ ജീവിതത്തിന്റെ
വക്കിൽ ഒരല്പം
ചെഞ്ചോരച്ചായം തേച്ച്
ധൃതിയിൽ
ആ മച്ചിന്റെ മരപ്പടികൾ
ശബ്ദമുണ്ടാക്കി ഇറങ്ങി വരണം.....

No comments:

Post a Comment