Tuesday, February 12, 2019

അയ്യപ്പസമരഭടന്മാരോട്

ഇന്ന് അയ്യപ്പനു വേണ്ടി ധർമ്മസമരത്തിൽ പങ്കെടുത്ത ഒരു സുഹൃത്തിനോട് സംസാരിച്ചതിനു ശേഷം മനസ്സിലൊരു വിങ്ങൽ. ഒരുതരം ആത്മനിന്ദ...... എത്രയൊക്കെ പറഞ്ഞാലും ചെയ്താലും ഈ സമരഭടന്മാരുടെ ത്യാഗത്തിനു തുല്യം എത്താനാവില്ലല്ലോ എന്ന്.
ഇത് അതിൽ നിന്ന് അദ്ദേഹത്തിനായി വന്നത്. അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി പ്രസിദ്ധീകരിയ്ക്കുന്നു.
നല്ലതെല്ലാം അയ്യപ്പസ്വാമിയുടെ .

കുറവെല്ലാം എന്റെ.
---------------------------------------------------
കനൽ കുടിച്ചു വളർന്നവരാണു നാം
സ്വയമുരുകിത്തെളിഞ്ഞവരാണു നാം
കൊടിയ യാതനയ്ക്കുള്ളിലും ശുഭ്രമാം
നവവിഭാതം കിനാക്കണ്ടോരാണു നാം

ചകിതരായ സ്വബാന്ധവർക്കപ്പുറം
ചിതറി വീണ നിണത്തിന്നുമപ്പുറം
ചടുലതാണ്ഡവമാടിത്തിമിർക്കുന്ന
ഭരണകൂടവേതാളതയ്ക്കപ്പുറം
മിഴികടയുന്ന വേദനയ്ക്കപ്പുറം
മിഴിവു കൂടും സുഖത്തിന്നുമപ്പുറം
തൊഴുതു കണ്ഠമിടറി വിളിയ്ക്കുന്ന
ശരണമന്ത്രത്തെ നമ്പിയോരാണു നാം

പരഹിതത്തിനു വേണ്ടി തൻ ജീവനും
നിറചിരിയോടെയേകിയോരാണു നാം
മഹിതമാമൊരു ധർമ്മത്തിനായ്ക്കൊണ്ടു
വിധിയെ കീഴ്മേൽ മറിച്ചവരാണു നാം

ഇവിടെയിന്നു നാം പാടിടും ഗാനങ്ങൾ
അവരുടെ രക്തസങ്കീർത്തനങ്ങളാം
ഇവിടെ നാമേന്തിടുന്നൊരീ പന്തങ്ങൾ
അവരുരുകി ജ്വലിപ്പിച്ചെടുത്തതാം

ഇനിയും വറ്റിയിട്ടില്ലയാ വീര്യത്തിൻ
ഉറവയെന്നു നാം കാണിയ്ക്കയാണിതാ
ഇനിയുമസ്തമിച്ചിട്ടില്ല ധർമ്മത്തിൻ
പകലൊളിയെന്നു ഘോഷിയ്ക്കയാണിതാ

ഇനി വരുന്ന യുഗങ്ങൾക്കു പാടുവാൻ
പുതിയ ഗീതം രചിയ്ക്കുകയാണു നാം
ഇനി വരുന്ന തലമുറയോർക്കുവാൻ
വിജയഗാഥയെഴുതുകയാണു നാം

തലയുയർത്തിപ്പിടിച്ചേ നടക്കുക
നിലമുഴുതുകൊണ്ടേ നമ്മൾ പോവുക
അനുഭവിയ്ക്കുവാൻ നാമില്ലയെങ്കിലും
പുതുയുഗത്തിന്റെ വിത്തു നാം പാകുക.

ഇനിയിരുട്ടിന്റെ അന്ത്യത്തിനായൊരു
അരവിനാഴിക കാത്തിരുന്നാൽ മതി
ഇനിയീ വൃക്ഷം കടപുഴകാനൊരു
മൃദുസമീരന്റെ സംസ്പർശനം മതി
ഇനിയും കെട്ടിപ്പടുക്കുവാനാവാതെ
ഇവിടെ രാക്ഷസക്കോട്ട തകരുവാൻ
ഉയിരിൽ അയ്യപ്പനാമം ജപിയ്ക്കുന്ന
ജനതതിയുടെ ശ്വാസമൊന്നേ മതി

അതുവരേയ്ക്കുമീ രക്തം തിളയ്ക്കണം
അതുവരേ കൈകൾ താഴാതിരിയ്ക്കണം
അതുവരേയ്ക്കും നാം ആശ തൻ ജ്വാലകൾ
തിരികെടാതിങ്ങു കാത്തുസൂക്ഷിയ്ക്കണം

അവൻ, അവൻ മാത്രം ജീവിപ്പു, അന്യനായ്
സ്വയമുരുകി ആർ ജീവിച്ചിടുന്നുവോ
അവനവന്നായി മാത്രം കിണയുന്നോർ
മൃതി വരുന്നതിൻ മുൻപേ മരിച്ചവർ *

*“They alone live who live for others. Rest are more dead than alive”- Swami Vivekananda

No comments:

Post a Comment