എന്തിതു കോലാഹലം?കാവ്യമോഷണമെന്നു
ചിന്തിച്ചിടാതേ നാമും പറയുന്നതു കേട്ടാൽ
ഇന്നിതുവരേ കണ്ടിടാത്ത പോലല്ലേ, കേൾക്കൂ
മോഷണമില്ലാതെങ്ങു നിലനിൽക്കുവാൻ കാവ്യം
ഉണ്ടൊരേ മഹാകാവ്യമതിന്നീ പ്രപഞ്ചമെ -
ന്നല്ലയോ തലക്കെട്ടു നൽകി നാമിന്നോളവും
അതിന്റെയോരോ വരി കട്ടെടുത്തല്ലോ നിത്യം
വിരിയിയ്ക്കുന്നൂ സൂര്യൻ സുന്ദരപ്രഭാതത്തെ
ആയതിനവാച്യാനുഭൂതിയിലാവിഷ്ടരായ്
പാദപങ്ങളോ ഭൂവിൽ വിരിയിയ്ക്കുന്നൂ സൂനം
ആ പുഷ്പകാവ്യങ്ങളെ നുകർന്നേ മൂളുന്നിതാ
വണ്ടുകൾ നിരന്തരം ഗാനങ്ങൾ പകലൊക്കെ
ഓരോരോ പുഷ്പത്തിന്റെ വരികൾ ചേർത്തല്ലയോ
ഭൂമിയും വിരിയ്ക്കുന്നൂ വാസന്തകാവ്യാരാമം
അതിലേറ്റവും ഭംഗി കലരും വാസന്തത്തെ
ഹൃദയം കൊണ്ടാടുന്നൂ പൊന്നോണപ്പൊലിപ്പാട്ടിൽ
കണ്ണുനീരൊഴുക്കിയാ വിണ്ടലം പാടും ഗാന -
മല്ലയോ കേൾക്കുന്നു നാം പല ഭാഷയിലോർത്താൽ
കൂവിടും കുയിലില്ലാതാതിരക്കുളിരില്ലാ-
തോമന മുക്കുറ്റിയ്ക്കു വിരിയും നാണം വിനാ
പൂർണ്ണമാകുമോ ഭാഷ, ചിന്തിച്ചാലനന്തമാം
ജീവചേതന തന്റെ ഭാഷാനുവാദം കാവ്യം.
സത്യനവ്യയൻ മഹാദേവന്റെയുടുക്കിൽ നി-
ന്നയ്യുണ് ഋളുക്കായി* വന്നൊരാദിമ ശബ്ദം
കേട്ടവർ കൊരുത്തൊരാ അക്ഷരമാല്യത്തിനാൽ
നീട്ടിയും കുറുക്കിയും വിരചിച്ചൊരീ ഭാഷ
ആയതിൻ ചിറകേറിയല്ലിയാ മഹാമുനി-
യ്ക്കായതാ തുണയറ്റ പക്ഷിതൻ ശോകം കാണാൻ
ആ രാമാമൃതത്തിന്റെ തെളിനീരൊഴുക്കിനാൽ
പാവനമായിത്തീർന്നൂ ഭരതക്ഷിതി പണ്ടേ
പിന്നീടാ വാക്കിൻ തുമ്പിലാടിയ കിളിയല്ലേ
തന്നതാ തുഞ്ചത്തെഴും രാമാനുജന്നും കാവ്യം
രഘുവംശത്തെപ്പാടാനാഞ്ഞ കാളിദാസന്നും
തുണയായ് വന്നുള്ളതാ വേടന്റെ ഗാനം മാത്രം
യക്ഷന്റെ നിശ്വാസത്തെപ്പകർത്താനല്ലോ മേഘ-
മാലകൾതന്നെദ്ദൂതു പോകുവാൻ നിയോഗിച്ചാൻ
ആയിരം പദങ്ങളാൽ തീർക്കുന്ന കവിതയ്ക്കു-
മാകുമോ പുതുതായി വല്ലതും സൃഷ്ടിക്കുവാൻ
എത്രമേൽ സന്തോഷങ്ങൾ, എത്ര ദുഃഖങ്ങൾ, എത്ര
സത്യവാഞ്ഛകൾ, മോഹഭംഗങ്ങൾ, നിരാശകൾ
എത്രയോ പുലരികൾ, ഋതുക്കൾ, ശലഭത്തിൻ
സ്വപ്നങ്ങൾ മോഷ്ടിച്ചല്ലീ പിറക്കുന്നതു കാവ്യം?
നിർത്തിടാമതിന്നാലീ മോഷണവിവാദങ്ങ -
ളൊത്തുചേർന്നിടാം നാലാൾക്കുതകാനായിജ്ജീവൻ
കത്തിടും ചിരന്തനമക്ഷരജ്യോതിസ്സിൽ നി-
ന്നുത്തുംഗ മനുഷ്യാന്തർജ്വാല നാം കൊളുത്തീടാം !!!
* മാഹേശ്വര സൂത്രങ്ങൾ
ചിന്തിച്ചിടാതേ നാമും പറയുന്നതു കേട്ടാൽ
ഇന്നിതുവരേ കണ്ടിടാത്ത പോലല്ലേ, കേൾക്കൂ
മോഷണമില്ലാതെങ്ങു നിലനിൽക്കുവാൻ കാവ്യം
ഉണ്ടൊരേ മഹാകാവ്യമതിന്നീ പ്രപഞ്ചമെ -
ന്നല്ലയോ തലക്കെട്ടു നൽകി നാമിന്നോളവും
അതിന്റെയോരോ വരി കട്ടെടുത്തല്ലോ നിത്യം
വിരിയിയ്ക്കുന്നൂ സൂര്യൻ സുന്ദരപ്രഭാതത്തെ
ആയതിനവാച്യാനുഭൂതിയിലാവിഷ്ടരായ്
പാദപങ്ങളോ ഭൂവിൽ വിരിയിയ്ക്കുന്നൂ സൂനം
ആ പുഷ്പകാവ്യങ്ങളെ നുകർന്നേ മൂളുന്നിതാ
വണ്ടുകൾ നിരന്തരം ഗാനങ്ങൾ പകലൊക്കെ
ഓരോരോ പുഷ്പത്തിന്റെ വരികൾ ചേർത്തല്ലയോ
ഭൂമിയും വിരിയ്ക്കുന്നൂ വാസന്തകാവ്യാരാമം
അതിലേറ്റവും ഭംഗി കലരും വാസന്തത്തെ
ഹൃദയം കൊണ്ടാടുന്നൂ പൊന്നോണപ്പൊലിപ്പാട്ടിൽ
കണ്ണുനീരൊഴുക്കിയാ വിണ്ടലം പാടും ഗാന -
മല്ലയോ കേൾക്കുന്നു നാം പല ഭാഷയിലോർത്താൽ
കൂവിടും കുയിലില്ലാതാതിരക്കുളിരില്ലാ-
തോമന മുക്കുറ്റിയ്ക്കു വിരിയും നാണം വിനാ
പൂർണ്ണമാകുമോ ഭാഷ, ചിന്തിച്ചാലനന്തമാം
ജീവചേതന തന്റെ ഭാഷാനുവാദം കാവ്യം.
സത്യനവ്യയൻ മഹാദേവന്റെയുടുക്കിൽ നി-
ന്നയ്യുണ് ഋളുക്കായി* വന്നൊരാദിമ ശബ്ദം
കേട്ടവർ കൊരുത്തൊരാ അക്ഷരമാല്യത്തിനാൽ
നീട്ടിയും കുറുക്കിയും വിരചിച്ചൊരീ ഭാഷ
ആയതിൻ ചിറകേറിയല്ലിയാ മഹാമുനി-
യ്ക്കായതാ തുണയറ്റ പക്ഷിതൻ ശോകം കാണാൻ
ആ രാമാമൃതത്തിന്റെ തെളിനീരൊഴുക്കിനാൽ
പാവനമായിത്തീർന്നൂ ഭരതക്ഷിതി പണ്ടേ
പിന്നീടാ വാക്കിൻ തുമ്പിലാടിയ കിളിയല്ലേ
തന്നതാ തുഞ്ചത്തെഴും രാമാനുജന്നും കാവ്യം
രഘുവംശത്തെപ്പാടാനാഞ്ഞ കാളിദാസന്നും
തുണയായ് വന്നുള്ളതാ വേടന്റെ ഗാനം മാത്രം
യക്ഷന്റെ നിശ്വാസത്തെപ്പകർത്താനല്ലോ മേഘ-
മാലകൾതന്നെദ്ദൂതു പോകുവാൻ നിയോഗിച്ചാൻ
ആയിരം പദങ്ങളാൽ തീർക്കുന്ന കവിതയ്ക്കു-
മാകുമോ പുതുതായി വല്ലതും സൃഷ്ടിക്കുവാൻ
എത്രമേൽ സന്തോഷങ്ങൾ, എത്ര ദുഃഖങ്ങൾ, എത്ര
സത്യവാഞ്ഛകൾ, മോഹഭംഗങ്ങൾ, നിരാശകൾ
എത്രയോ പുലരികൾ, ഋതുക്കൾ, ശലഭത്തിൻ
സ്വപ്നങ്ങൾ മോഷ്ടിച്ചല്ലീ പിറക്കുന്നതു കാവ്യം?
നിർത്തിടാമതിന്നാലീ മോഷണവിവാദങ്ങ -
ളൊത്തുചേർന്നിടാം നാലാൾക്കുതകാനായിജ്ജീവൻ
കത്തിടും ചിരന്തനമക്ഷരജ്യോതിസ്സിൽ നി-
ന്നുത്തുംഗ മനുഷ്യാന്തർജ്വാല നാം കൊളുത്തീടാം !!!
* മാഹേശ്വര സൂത്രങ്ങൾ
No comments:
Post a Comment