Friday, August 17, 2018

പ്രളയപയോധിജലേ

ചിങ്ങം പിറന്നൂ - പിറക്കട്ടെ -
യീയെനിക്കെന്തോണം എന്തു വിഷു?
അത്തം ചിരിച്ചൂ - ചിരിച്ചോട്ടെ -
യെന്നുള്ളിൽ ആജന്മദീർഘം കടൽ

നോവുകളാറാതെ മാന്തുന്നു
പിന്നെയും വേവുന്നൊരീ ജീവനെ
കാതുകൾക്കുള്ളിൽ മുഴങ്ങുന്നു
പ്രാണന്റെ അന്ത്യശ്വാസത്തിൻ വിളി

നഷ്ടക്കണക്കു നോക്കാൻ ത്രാണിയില്ലാതെ
കുമ്പിട്ടിരിക്കുന്നൊരെൻ
നേർക്കു നീളുന്നുവോ കയ്ക്കും കരുണയിൽ
ചാലിച്ചൊരെച്ചിൽ പൊതി

വന്നു പോയത്രേ ഹെലിക്കോപ്ടറിൽ അധി-
കാരികൾ ഒന്നു രണ്ട്
കണ്ടു കാണില്ലവർ ജീവപ്പുഴുക്കളാം
ഞങ്ങളെ മേലെ നിന്ന്.

കണ്ടെങ്കിലെന്തവർ നല്കുമോ കൈവിട്ടു
പോയതാം ജീവിതങ്ങൾ
നൽകീടുവാനവർക്കാകുമോ പൂക്കുന്ന
ചിങ്ങപ്പുലരി വീണ്ടും

പൊയ്പോയതൊക്കെയും ഓർമ്മയിൽ പിന്നെയും
വന്നു കലമ്പൽ കൂട്ടേ
നീർ വറ്റിയ കണ്ണിലേതോ ചലച്ചിത്ര
തേരോട്ടം കണ്ടിടുന്നൂ.

അങ്ങാണ് നമ്മുടെ വീടതാ പൊങ്ങിനിൽ-
ക്കും മരത്തിന്നരികെ
അങ്ങാണ് കാരണവന്മാർ ഉറങ്ങും തറ,
അങ്ങ് ദൂരെ തൊഴുത്ത്

അങ്ങതാ രണ്ടു മരത്തലപ്പിന്നിട-
യ്ക്കാകും നിൻ വിദ്യാലയം
കുഞ്ഞുങ്ങൾ വൈകീട്ട് പായുന്ന പോലെയ-
ല്ലേ ജലം പായുന്നത്

എങ്ങോ മറഞ്ഞു പോയ് വൻ കൊടുങ്കാറ്റിലും
നെഞ്ച് വിരിച്ചു നിന്ന
മാവുകൾ, പോയീ കവുങ്ങുകൾ, കിങ്ങിണി
ഊരാത്ത പൂമരങ്ങൾ

എങ്ങോ മറഞ്ഞു പോയ് പാടങ്ങൾ,പൂത്തിരി
കത്തിച്ചു നിന്ന രാത്രി
പൂവെയിൽനാളങ്ങൾ, വെൺമുകിൽ ചന്തങ്ങൾ,
നാമം ജപിച്ച സന്ധ്യ

എങ്ങും പ്രളയജലം മാത്രം, ജീവനെ
ഊറ്റിക്കുടിച്ച് നൃത്തം
തുള്ളും മഹാകാലഭൈരവതാണ്ഡവം,
സംഹാര നൃത്തസന്ധ്യ

എങ്ങും ദുരിതമഹാമാരി, കണ്ണുനീർ
ചേർത്തൊഴുകുന്ന പുഴ.
എങ്ങും നിശ്ശബ്ദമായ് പെയ്തൊഴുകും മൃതി,
ഭഗ്നമോഹത്തിൻ ശവം.

പൊട്ടിയ വീടുകൾ, പാലങ്ങൾ നിർമ്മിക്കാം
അല്പമീ പെയ്‌ത്തൊഴിഞ്ഞാൽ
പൊട്ടിയ ജീവിത മൺകുടങ്ങൾ കൂട്ടി-
ച്ചേർക്കുവാനാണു കഷ്ടം

ശാന്തമായ്ത്തീരുക നീരൊഴുക്കേ, ഞങ്ങൾ
കാലൊന്നുറപ്പിക്കുവാൻ
ശാന്തമായ്ത്തീരുക പേമാരിയേ, എൻ്റെ
കുഞ്ഞുണരാതിരിക്കാൻ

ശാന്തി പയോദമേ, ശാന്തി സമുദ്രമേ
ശാന്തി മരുത്തുക്കളേ
ശാന്തി മലകളേ, ശാന്തി പുഴകളേ
ശാന്തി  ജീവാമൃതമേ

കണ്ണീരിൻ മഴ തോർന്നിടാത്ത പുലരിയ്‌ക്കൊപ്പം വിടർന്നീടിലും
തുമ്പേ നിന്നെയടിച്ചു വീഴ്ത്തുവതിനീ വജ്രായുധം വീശവേ
നിന്നെച്ചൂടിയൊരന്തകാന്തക പദാംഭോജം സ്മരിച്ചീടുകാ-
സന്നം മൃത്യുവകന്നിടും, പുതുവെയിൽ പൊൻകോടി കൊണ്ടേവരും.

No comments:

Post a Comment