Friday, July 27, 2018

ഗുരുവെത്തൊഴാം

തിരിയിട്ടു കൊളുത്തും പൊൻ-
വിളക്കായ് ഹൃദയാന്തികേ
പ്രകാശിക്കുന്ന സൗവർണ്ണ-
പാദപങ്കജമേ തൊഴാം

ദുരിതത്തിൻ മഹാവേനൽ
വെയിലിൽ ഞങ്ങൾ നിൽക്കവേ
കുടനീട്ടിപ്പിടിക്കുന്ന
അൻപാം നിൻ കഴൽ കൈതൊഴാം

തളരും ജീവലക്ഷങ്ങൾ-
ക്കാശ്വാസമരുളുന്നതാം
കൃപാമൃതക്കടൽ തിങ്ങും
കണ്ണുകൾ രണ്ടും കൈതൊഴാം

ശ്വാസം മുട്ടിപ്പിടഞ്ഞീടും 
ഹൃദയങ്ങൾക്കകത്തു ഹാ
മാലേയമരുതാകുന്ന
ധ്യാനസൗഭഗമേ തൊഴാം

ബാധിര്യം നീക്കി നാമത്തിൻ
പീയൂഷം പകരുന്നതാം
ചിത്പ്രകാശസ്മിതം തൂകും
വക്ത്രങ്ങൾ പ്രണമിച്ചിടാം

തിമിരം കീറി നേത്രങ്ങൾ
തെളിയിക്കുന്ന രശ്മികൾ
പുറപ്പെടും നഖങ്ങൾ തൻ
വൈദ്യുതദ്യുതി കൈതൊഴാം

ശിഷ്യരെച്ചേർത്തണയ്ക്കുന്ന
തിരുനെഞ്ചിഹ ഞാൻ തൊഴാം
ഭയമൊക്കെയകറ്റുന്ന
ബാഹുദ്വന്ദ്വങ്ങൾ കൈതൊഴാം

പ്രണവാർത്ഥം ചൊരിഞ്ഞീടും
ചിന്മുദ്രാംഗുലികൾ തൊഴാം
മഴവിൽച്ചന്തമേറും നിൻ
പുരികക്കൊടികൾ തൊഴാം

ചിന്താശൂന്യമനസ്സിങ്കൽ
തെളിയും അഴകേ തൊഴാം
ആത്മസന്ദർശനത്തിന്റെ
പഥദർശക കൈതൊഴാം

തുമ്പപ്പൂവിന്റെ നൈർമല്യം
ചേർന്ന മാനസമേ തൊഴാം
വിണ്ടലം പോൽ സമസ്തർക്കും
തുല്യനാം നിന്നെ കൈതൊഴാം

അന്ധകാരാദ്രി പിളരും
പൊന്നുഷ:സന്ധ്യയേ തൊഴാം
മാനുഷാത്മാവിലുണരും
ഗുരു ലാവണ്യമേ തൊഴാം

ഗുരുപൂർണിമയിൽ പെയ്യും
നിലാവിൻ കടലേ തൊഴാം
അനാഥനാഥനാം സച്ചിത്-
പരമാനന്ദമേ തൊഴാം

No comments:

Post a Comment