Wednesday, May 2, 2018

വിദ്യാരംഭം

"എഴുതാതിരിപ്പതെന്തേ നീയിതിത്ര നാൾ
ഒരു വാക്കു പോലും, പിണക്കമോ? സന്ധ്യകൾ
പഴയ പോലേകാന്ത മധുരമല്ലാത്തതോ?
ഘടികാര സൂചികൾക്കൊപ്പമെത്താത്തതോ?
ദിനരാത്രമോരോന്നും അറിയാത്തൊരീശ്വരൻ
കളിയായി പിച്ചിക്കളയവേ, നീ നിൻറെ
വിഫലസ്വപ്നങ്ങളിൽ ആണ്ടൊഴുകുന്നതോ?

മുഴുവൻ പറഞ്ഞു കഴിഞ്ഞുവോ പ്രാണന്റെ
പരിഭവങ്ങൾ, ജീവശൈലങ്ങൾ താണ്ടി നീ
ചെറുതുമ്പി തൻ കണ്ണിൽ വിടരുന്ന വിസ്മയ
നിറമൊക്കെയൊപ്പിയെടുത്തുവോ, ഉച്ചയ്ക്ക്
വിറകൊള്ളും ആലിലക്കയ്യിൽ പിടിച്ചു നിൻ 
പിതൃവാക്യമൊക്കെ ശ്രവിച്ചുവോ, നഷ്ടങ്ങൾ
മാത്രം കുറിച്ചു വെക്കുന്നൊരീ നോവിൻറെ
പുസ്തകം വായിച്ചു തീർത്തുവോ, ഇല്ലെങ്കിൽ
എഴുതാതിരിപ്പതെന്തേ നീയിതിത്ര നാൾ?"
----------------------------------------
"ഗന്ധം വറ്റിയ പൂവായി 
ജീവിതം തന്നെ മാറവെ 
ഇതളെല്ലാം വിടർത്തീടാൻ
പൂവിന്നാശ മുളയ്ക്കുമോ

കാറ്റിൽ പെട്ടൊരു കപ്പൽ പോൽ
ദിശ തെറ്റിക്കുഴങ്ങവേ
വെള്ളം തേവീടുവാനല്ലാ-
താരാലാകുന്നു പാടുവാൻ

മുങ്ങിപ്പൊങ്ങുന്ന നേരത്തായ്
മുന്നിൽ വന്ന ജഡത്തെയും
ചങ്ങാടമാക്കുവാനല്ലാ-
താരുണ്ടന്ത്യേഷ്ടി ചെയ്‌വവൻ 

ജീവിതത്തിൻ മഹാശംഖം
പൂർണമാകാത്ത നാൾ വരെ 
എഴുതിത്തോൽക്കുവാനല്ലോ
എന്നെ നിങ്ങൾ ക്ഷണിപ്പത് 

നിശ്ശബ്ദതയിൽ സംഗീത
സ്വരം, ശൂന്യഹൃദന്തരേ
കവിതാ മേഘനിർഘോഷം
കേൾക്കുമ്പോളാണനുഗ്രഹം

ആശാപാശം മുറുക്കുന്ന 
ഹൃദയഗ്രന്ഥി പൊട്ടുകിൽ 
എഴുതീടുന്ന വാക്കെല്ലാം
നിത്യപൂജാ സുമങ്ങളാം

പിഴയാണെഴുതീടുന്ന 
വാക്കിൽ, ഹാ ജീവിതത്തിലും!!
അനുഭൂതികൾ പൂക്കുന്ന
കാവ്യമാകുന്നു  ജീവിതം

മായ്ക്കയാണിന്നു പണ്ടെങ്ങോ
കോറിയിട്ട പദങ്ങളെ 
പുതു വാക്കെഴുതീടാനായ്
നിറം ചേർക്കട്ടെ ജീവിതം

നാവിൻ തുമ്പിൽ തിളങ്ങുന്നു 
സ്വർണ്ണം ചേർത്ത മഹാക്ഷരം
വിരിച്ച മണലിനുള്ളിൽ
സ്നേഹത്തിൻ ഉറപൊട്ടിയോ?

എഴുതാൻ കൈവിരൽത്തുമ്പു
നീട്ടി നിൽക്കുകയാണു ഞാൻ 
പിടിച്ചെഴുതിപ്പിച്ചാലും
നിത്യവിശ്വമഹാകവേ"
-----------------------------------------------

No comments:

Post a Comment