Friday, September 8, 2017

ഒറ്റ...........

കണ്ണുനീർ നിറയുന്ന മിഴികളാൽ
എൻ മുഖം നോക്കി നിൽക്കയാണിപ്പൊഴും
മന്ദഹാസം മറഞ്ഞ മുഖത്തോടെ
സങ്കടക്കടൽത്തീരത്തിലിന്നവൻ

ദൈന്യഭാവത്തിൽ എന്നോടുരയ്ക്കുന്നു
"എന്നെ ഒറ്റയ്ക്കു വിട്ടു പോയീടല്ലേ.....
ഒറ്റയായ്പോകും, പേടിയുണ്ടെന്നെയീ
പുത്തനാം ക്ലാസ്സിൽ വിട്ടു പോയീടവേ"

കണ്ണുനീരു തുടയ്ക്കാതവൻ നിന്നു
തേങ്ങുകയാണ് ക്ലാസ്സിൻ വരാന്തയിൽ
ആശ്വസിപ്പിക്കാൻ നോക്കിയെന്നാകിലും
കേൾപ്പതില്ലവൻ സാന്ത്വനവാക്കുകൾ

കാത്തു നിൽക്കാതെ പിന്തിരിഞ്ഞൊട്ടൊന്നു
നോക്കിടാതെ തിരിച്ചു പോന്നീടവേ
കേട്ടിടുന്നവൻ തന്റെ കരച്ചിലിൻ
ആർദ്രമാം സ്വരം, വേഗം നടന്നു ഞാൻ

പിച്ചവെക്കുന്ന നാളു പിന്നിട്ടു തൻ
കൊച്ചു കാലാൽ നടക്കാൻ പഠിച്ചതും
അർത്ഥമില്ലാക്കരച്ചിലിൻ കാലങ്ങൾ
വിട്ടു വാക്കു നീ ചൊല്ലിപ്പഠിച്ചതും

അമ്മയൂട്ടിത്തരുന്ന ഉരുള വേ-
ണ്ടെന്നു ചൊല്ലി നീ  വാരിക്കഴിച്ചതും
കൈപിടിക്കാതെ ഓടുവാൻ വെമ്പി നീ
റോഡിലൂടെ കരഞ്ഞു നടന്നതും

ഒക്കെയേതൊരു സ്വാതന്ത്ര്യവാഞ്ഛ തൻ
പ്രേരണയാലെ നീ ചെയ്തിരുന്നുവോ
ഇന്നതേ സ്വാതന്ത്ര്യത്തിൻ കവാടത്തിൽ
എന്തിനിങ്ങിനെ നീ കരഞ്ഞീടുന്നു

ഒറ്റയാകാൻ പഠിക്കുക, തിന്മകൾ
കൂട്ടമായി വരുന്ന നേരത്തിലും
ഒറ്റയായി ഭയക്കാതെ നേരിടാൻ
ഇപ്പൊഴിന്നു തൊട്ടേ പഠിച്ചീടുക

ആൾത്തിരക്കു കുറഞ്ഞ വഴികളിൽ
നേർത്ത പൂനിലാവൂർന്ന പഥങ്ങളിൽ
തന്റെ തോളിലേ തൻ കയ്യു ചേർത്തു നി-
ശ്ശങ്കനായി നടക്കാൻ പഠിയ്ക്കുക

പൂത്ത മാവിന്റെ കൊമ്പിന്മേലേറിയാർ-
ക്കെന്നറിയാതെ പാടും കുയിലിനെ-
പ്പോലെ ആത്മസംഗീതങ്ങൾ ഒക്കെയും
ഒറ്റയായ്ത്തന്നെ പാടാൻ പഠിയ്ക്കുക

ബന്ധുമിത്രാദികൾ നിന്റെയൊപ്പമെ-
ല്ലായ്പൊഴും കാണുമെങ്കിലും ഉള്ളിലെ
താരകസ്വരം മീട്ടീടുവാൻ സ്വയം
ആൾത്തിരക്കിലും ഒറ്റയായീടുക

ഒത്തുചേർന്നു ചിരിച്ചു രസിക്കിലും
ചിത്തതാരിൽ തൃപ്പാദം നിനയ്ക്കുക
ഒറ്റയായീടുമെന്നറിയുമ്പൊഴും
സത്യമായവ മാത്രം പറയുക

പോയതും വരാനുള്ളതും ഓർത്തോർത്തു
ആധി കൊള്ളാതിരിക്കാൻ പഠിക്കുക
ചാരിടാതെ നിന്നീടാൻ, തല കുനി-
ക്കാതെ ഒറ്റയ്ക്കു നിൽക്കാൻ പഠിക്കുക

ആയിരം കിളികൾ, വാവൽ, അണ്ണകൾ,
വാനരർ, പുഴു, കീടങ്ങൾ, ഒച്ചുകൾ
ക്ഷീണിതരായ യാത്രികർ, കൂടു കെ-
ട്ടീടുവാൻ തുളയ്ക്കും മരംകൊത്തികൾ

ആശ്രയമറ്റവർക്കണഞ്ഞീടുവാൻ
നീയൊരത്താണിയായി മാറീടുക
സൂര്യതാപം കുടിച്ചു തണൽ വിരി-
ച്ചീടും ആലു പോൽ ഒറ്റയായീടുക

No comments:

Post a Comment