Thursday, May 4, 2017

പതിതപാവനൻ

ഒരു വരി എഴുതീടാൻ ത്രാണിയില്ലാത്തൊരെന്നെ
തിരുമഹദപദാനം വാഴ്ത്തിടാനായ് വിളിക്കെ
വെറുമൊരു ശിശു ഞാനെന്നുള്ളിൽ ബോധം നിറച്ചെൻ
രസനയിൽ വിടരേണേ അക്ഷര ബ്രഹ്മമേ നീ

ശുകഭൃഗുസനകന്മാരാലുമോരാത്ത സച്ചിത്-
സുഖനിഖിലനിധാനം, നിന്റെയാ പ്രേമധാര,
മുകിലുകൾ പൊഴിയും പോൽ ജീവനിൽ വാർന്നി-
തൻപിൻ കടലുകൾ നിറയേണേ, മദ്‌ഗുരോനാഥമൂർത്തേ

തവ തിരുമുഖമോതും വാക്കിലോരോന്നിലും ഹാ
അവധികൾ തടയാതേയുള്ള സ്നേഹപ്രവാഹം
അതിലൊരു കണമിന്നെൻ തൊണ്ടയിൽക്കൂടിറങ്ങേ
സുകൃതജലധി തന്നിൽ മുങ്ങിനീരുന്നു ജീവൻ

വിഷയസുഖമിതൊന്നേ ലക്ഷ്യമെന്നുള്ള ചിന്താ-
വിഷമിതു ജഗദാകെ ഭീതി-നാശങ്ങൾ തീർക്കേ
കൃപയൊടെയിതു പാനം ചെയ്തു നീ നീലകണ്ഠാ!!
പുനരപി ജഗദാകെ വാഴ്ത്തിടുന്നൂ ഭവാനെ!!


അതിശയകരമാകും രൂപഭാവങ്ങളോടെ
പലകുറി അവതാരം ചെയ്തുവെന്നാകിലെന്തു
ഇവരൊരു പൊഴുതെന്നെ ഓർത്തിടുന്നില്ലയെന്നോ
തിരുമനസി നിനച്ചീ മർത്യരൂപം ധരിച്ചു

പലവിധ പരിഭൂഷാനാട്യജാലങ്ങളില്ല,
ഉയരെയുയരെ പാറും ജ്ഞാനഗീർവാണമില്ല,
പതിതജനമനസ്സിൽ ആശ തൻ ദീപമാകും
സരളമൃദുലഭാവം ദേവ നീ കൈവരിച്ചു

ചരണമതിൽ ജനങ്ങൾക്കാശ്രയം നൽകിയും ത-
ന്നനുചരരെ ജഗത്തിൽ സേവനത്തിന്നയച്ചും
പുതിയ യുഗമുദിക്കാൻ ശംഖനാദം മുഴക്കി
വിരവൊടെ ക്ഷുധിരാമൻ തൻ്റെ പൊന്നിൻ കിടാവേ

കൃപയുടെ കടലാം നിൻ ശാന്തനേത്രദ്വയത്തിൻ
പ്രഭയതിൽ അലിയുന്നൂ ക്ഷുദ്രമാം എൻ ഹൃദന്തം
ഒഴുകിയൊഴുകി കണ്ണീർ വീണു നെഞ്ചം തണുക്കെ
ചെവിയിലമൃതതുല്യം പെയ്തിടും ദിവ്യനാമം

തിരികെ തരുവതിന്നായ് ഒന്നുമില്ലെന്റെ കൈയ്യിൽ
സകലവുമവിടുന്നേ തന്നതാണെന്റെ പക്കൽ
പിഴകൾ പലതുമുണ്ടാം വാക്കിൽ, നോക്കിൽ, നടപ്പിൽ
തുണ തരിക ദയാബ്ധേ രാമകൃഷ്ണാ നമസ്തേ

അറിവിൻ നിധികൾ വേണ്ടാ നിർവികല്പം സമാധി
ജനനമരണചക്രത്തിന്റെ കെട്ടറ്റിടേണ്ടാ
മരണമുയിർ പിളർക്കാൻ വന്നിടും മുൻപു നേരിൽ
ഒരു ഞൊടി തവ രൂപം മിന്നിമാഞ്ഞാൽ കൃതാർത്ഥൻ

ജയ ജയ കരുണാബ്ധേ ദക്ഷിണേശപ്രകാശാ
ജയ ജയ ജഗദീശാ ശാരദാഹൃന്നിവാസിൻ
ജയ വിമലയശസ്വിൻ ഭക്തിമുക്തി പ്രദായിൻ
ജയ ജഗദഭിവന്ദ്യാ രാമകൃഷ്ണാ മഹേശാ!!!

1 comment:


  1. ജയ ജയ കരുണാബ്ധേ ദക്ഷിണേശപ്രകാശാ
    ജയ ജയ ജഗദീശാ ശാരദാഹൃന്നിവാസിൻ
    ജയ വിമലയശസ്വിൻ ഭക്തിമുക്തി പ്രദായിൻ
    ജയ ജഗദഭിവന്ദ്യാ രാമകൃഷ്ണാ മഹേശാ!

    ReplyDelete