നിലാവിന്റെ നൂറു തേച്ചു
മുറുക്കുന്നോള്
മുറുക്കിത്തുപ്പിടും നേരം
ചിരിക്കുന്നോള്
ചിരികളിൽ മന്ത്രവാദം
വിതറുന്നോള്
മന്ത്രമോതി മുടി ചിക്കി-
യിരിക്കുന്നോള്
മുടിയഴിച്ചിട്ടു രാത്രി
ഉലാത്തുന്നോള്
ഉണരുമ്പോൾ മഞ്ഞു പോലെ
മാഞ്ഞു പോവോള്
പകലൊക്കെ കാവിനുള്ളിൽ
കഴിയുന്നോള്
പാല മേലെ വസിക്കുന്ന
യക്ഷിയാണോള്
ഓടുരുക്കികുടിച്ചു തൻ-
മുന്നിലെ ചെല്ല-
പ്പെട്ടിയിലെ വെറ്റില തൻ
ഞെട്ടറുത്തിട്ടു
കാറ്റിൽ പാറും മുടി കയ്യാൽ
വകഞ്ഞു മാറ്റി
പൊടിയുന്ന വിയർപ്പെല്ലാം
തുടച്ചു മാറ്റി
അടയ്ക്ക തൻ മൊരി പയ്യെ
ചുരണ്ടി മാറ്റി
പുകയില കയ്യുകളാൽ
തിരുമ്മിക്കൊണ്ട്
ചുണ്ടിലൂറും മാദകമാം
പുഞ്ചിരിയോടെ
മധുരമായ് മുറുക്കുന്നു
എപ്പൊഴും യക്ഷി
നിരങ്ങുന്ന പകലിനെ
ശപിച്ചു കൊണ്ട്, തൻ
ഉടൽ മൂടും ചേലയെല്ലാം
ഉരിഞ്ഞു കൊണ്ട്
ദിഗംബരയായി തന്റെ
വയർ തടവി
വിതുമ്പുന്ന മുലക്കണ്ണ്
തിരുപ്പിടിച്ച്
പടിഞ്ഞാറൻ ചക്രവാളം
ചുവക്കുന്നതും
പറവകൾ കൂട്ടിലേക്ക്
അണയുന്നതും
ഇരുളിന്റെ ഗന്ധമെങ്ങും
നിറയും വരെ
നോക്കി നിശ്വസിച്ചിടുന്നൂ
നിരാശയോടെ
ഗതകാലസ്മരണകൾ
അയവിറക്കി, അതിൻ
രസങ്ങളോരോന്നിലും തൻ
മനസ്സു മുക്കി
പ്രണയത്തിൻ മധുരത്തിൽ
നാണമാർന്നിട്ടും
അതിന്നായി കുടിച്ച കൈ-
പ്പുകൾ ഓർമ്മിച്ചും
ചതിയുടെ വിഷപ്പുക
ശ്വസിച്ച് ബോധം
മറയുന്ന വരെ ഭോഗി-
ച്ചവരെയോർത്തും
നൊന്തുപെറ്റ കിടാവിന്റെ
ശവത്തിൻ മുൻപിൽ
കണ്ണുനീരും വറ്റി നിന്ന
ദൈന്യതയോർത്തും
ഒടുവിലാ പ്രതികാരം
ജ്വലിച്ചോരഗ്നി-
ച്ചിറകേറി കൂടു വിട്ടു
മാറിയതോർത്തും
കനൽ കത്തും കണ്ണിനാലെ
വഴിയിൽ ഭീതി
പരത്തിയീ ഉലകത്തെ
വെല്ലുവിളിച്ചും
വളഞ്ഞ തൻ ദംഷ്ട്ര നീട്ടി-
യട്ടഹസിച്ചീ
നെറികെട്ട ലോകമാകെ
നടുക്കുന്നോള്
പരിശുദ്ധസ്നേഹത്തിനെ
വ്യഭിചരിച്ചും
നിറഞ്ഞ സ്വാർത്ഥതയിൽത്താൻ
സ്വയം മറന്നും
പരനുള്ള സുഭഗത്തിൽ
അസൂയ പൂണ്ടും
നിരന്തര കലഹത്തിൽ
കുഴങ്ങുന്നോരെ
വഴി തെറ്റി വരുന്നോരെ
വിളിച്ചു കേറ്റി
ശരീരത്തിൻ കെട്ടറുത്തു
സ്വാതന്ത്രരാക്കി
ഉടലിന്നും മുകളിലെ
നിർമലപ്രേമ
സമുദ്രത്തിൽ കുളിപ്പിക്കാൻ
ഒരുമ്പെട്ടോള്
ഒരു രാത്രി മധുവിധു
കഴിഞ്ഞു പകൽ
ഉണരുമ്പോൾ സൂര്യകാന്തി-
യാക്കി മാറ്റുന്നോൾ
വിടർത്തിയ സുമങ്ങളെ
ഗവനിക്കാതെ
പകൽ തോറും തിരിച്ചു തൻ
താവളം പൂകി
കഴിഞ്ഞതും, വരാനുള്ള-
തൊക്കെയും തള്ളി
ഇവിടെയീ നിമിഷത്തിൽ
അലിയുന്നോള്
കിടാങ്ങളെ കണ്ടിടുമ്പോൾ
മുലപ്പാലൂറി
വരുന്ന വാത്സല്യമായി
ചുരക്കുന്നോള്
അവരുടെ നിഷ്കളങ്ക
പ്രാർത്ഥനകൾക്ക്
മറുപടി നൽകിടുവാൻ
വെമ്പിടുന്നോള്
തനിക്ക് നേർച്ചയേകുന്ന
മധുരമെല്ലാം
ചെറു ചുണ്ടിൽ ചേർത്തു ചിരി
തൂകിടുന്നോള്
നഷ്ടസ്നേഹമോർത്തു കണ്ണീർ
വാർത്തിടുന്നോള്
തന്റെ പ്രിയനായി കാത്തു
കാതരയായോൾ
പദസ്വനമൊന്നു കേൾക്കേ
പ്രതീക്ഷയോടെ തൻ
പ്രിയനുടെ സ്വരം കേൾക്കാൻ
കൊതിക്കുന്നോള്
നിഷ്കപട സ്നേഹരൂപ
മായിടുന്നോള്
യക്ഷിയമ്മയായി കര
കാത്തിടുന്നോള്
അരൂപിയായ് കിടാങ്ങളെ
കാറ്റിൽ വന്നൊന്നു
തൊടാൻ, മുത്തം കൊടുക്കുവാൻ
കൊതിക്കുന്നോള്
കറുപ്പിച്ചു കറുപ്പിച്ചു
വെളുപ്പിപ്പോള്
ഇരുട്ടിനു കൂട്ടിരുന്നു
കഥ ചൊല്ലുന്നോൾ
പാലപൂക്കും ഗന്ധമായി
മാറിടുന്നോള്
സന്ധ്യയുടെ നിറമാർന്നു
തുടിക്കുന്നോള്
കണ്ണുകളിൽ കദനത്തിൻ
കടലിളക്കം
നെഞ്ചിനുള്ളിൽ പാൽക്കടലിൻ
തിരത്തിളക്കം
ചുണ്ടിൽ മദസന്ധ്യയുടെ
മുന്തിരിച്ചാറ്
പല്ലിടയിലൊളിപ്പിക്കും
ഭീഷണദംഷ്ട്ര
ധ്രുവങ്ങളെ ചേർത്തിണക്കി-
യാടിടും യക്ഷി
സ്വയം ദീപശിഖയായി
മാറിടും യക്ഷി
നെറികേട്ടോരുലകത്തിൻ
മുന്നിൽ പേടിക്കാ-
തിടറാതെ തൻ നിയോഗം
പേറിടും യക്ഷി
വിശ്വമെല്ലാം ഏകതാന-
മായി പാടുന്ന
പ്രേമരാഗം ഉറക്കവേ
പാടിടും യക്ഷി
മോഹമെല്ലാമൊറ്റ രാവിൻ
സ്വപ്നമെന്നല്ലോ
ഒറ്റയായി പാടിടുന്നൂ
പാലമേൽ യക്ഷി
മുറുക്കുന്നോള്
മുറുക്കിത്തുപ്പിടും നേരം
ചിരിക്കുന്നോള്
ചിരികളിൽ മന്ത്രവാദം
വിതറുന്നോള്
മന്ത്രമോതി മുടി ചിക്കി-
യിരിക്കുന്നോള്
മുടിയഴിച്ചിട്ടു രാത്രി
ഉലാത്തുന്നോള്
ഉണരുമ്പോൾ മഞ്ഞു പോലെ
മാഞ്ഞു പോവോള്
പകലൊക്കെ കാവിനുള്ളിൽ
കഴിയുന്നോള്
പാല മേലെ വസിക്കുന്ന
യക്ഷിയാണോള്
ഓടുരുക്കികുടിച്ചു തൻ-
മുന്നിലെ ചെല്ല-
പ്പെട്ടിയിലെ വെറ്റില തൻ
ഞെട്ടറുത്തിട്ടു
കാറ്റിൽ പാറും മുടി കയ്യാൽ
വകഞ്ഞു മാറ്റി
പൊടിയുന്ന വിയർപ്പെല്ലാം
തുടച്ചു മാറ്റി
അടയ്ക്ക തൻ മൊരി പയ്യെ
ചുരണ്ടി മാറ്റി
പുകയില കയ്യുകളാൽ
തിരുമ്മിക്കൊണ്ട്
ചുണ്ടിലൂറും മാദകമാം
പുഞ്ചിരിയോടെ
മധുരമായ് മുറുക്കുന്നു
എപ്പൊഴും യക്ഷി
നിരങ്ങുന്ന പകലിനെ
ശപിച്ചു കൊണ്ട്, തൻ
ഉടൽ മൂടും ചേലയെല്ലാം
ഉരിഞ്ഞു കൊണ്ട്
ദിഗംബരയായി തന്റെ
വയർ തടവി
വിതുമ്പുന്ന മുലക്കണ്ണ്
തിരുപ്പിടിച്ച്
പടിഞ്ഞാറൻ ചക്രവാളം
ചുവക്കുന്നതും
പറവകൾ കൂട്ടിലേക്ക്
അണയുന്നതും
ഇരുളിന്റെ ഗന്ധമെങ്ങും
നിറയും വരെ
നോക്കി നിശ്വസിച്ചിടുന്നൂ
നിരാശയോടെ
ഗതകാലസ്മരണകൾ
അയവിറക്കി, അതിൻ
രസങ്ങളോരോന്നിലും തൻ
മനസ്സു മുക്കി
പ്രണയത്തിൻ മധുരത്തിൽ
നാണമാർന്നിട്ടും
അതിന്നായി കുടിച്ച കൈ-
പ്പുകൾ ഓർമ്മിച്ചും
ചതിയുടെ വിഷപ്പുക
ശ്വസിച്ച് ബോധം
മറയുന്ന വരെ ഭോഗി-
ച്ചവരെയോർത്തും
നൊന്തുപെറ്റ കിടാവിന്റെ
ശവത്തിൻ മുൻപിൽ
കണ്ണുനീരും വറ്റി നിന്ന
ദൈന്യതയോർത്തും
ഒടുവിലാ പ്രതികാരം
ജ്വലിച്ചോരഗ്നി-
ച്ചിറകേറി കൂടു വിട്ടു
മാറിയതോർത്തും
കനൽ കത്തും കണ്ണിനാലെ
വഴിയിൽ ഭീതി
പരത്തിയീ ഉലകത്തെ
വെല്ലുവിളിച്ചും
വളഞ്ഞ തൻ ദംഷ്ട്ര നീട്ടി-
യട്ടഹസിച്ചീ
നെറികെട്ട ലോകമാകെ
നടുക്കുന്നോള്
പരിശുദ്ധസ്നേഹത്തിനെ
വ്യഭിചരിച്ചും
നിറഞ്ഞ സ്വാർത്ഥതയിൽത്താൻ
സ്വയം മറന്നും
പരനുള്ള സുഭഗത്തിൽ
അസൂയ പൂണ്ടും
നിരന്തര കലഹത്തിൽ
കുഴങ്ങുന്നോരെ
വഴി തെറ്റി വരുന്നോരെ
വിളിച്ചു കേറ്റി
ശരീരത്തിൻ കെട്ടറുത്തു
സ്വാതന്ത്രരാക്കി
ഉടലിന്നും മുകളിലെ
നിർമലപ്രേമ
സമുദ്രത്തിൽ കുളിപ്പിക്കാൻ
ഒരുമ്പെട്ടോള്
ഒരു രാത്രി മധുവിധു
കഴിഞ്ഞു പകൽ
ഉണരുമ്പോൾ സൂര്യകാന്തി-
യാക്കി മാറ്റുന്നോൾ
വിടർത്തിയ സുമങ്ങളെ
ഗവനിക്കാതെ
പകൽ തോറും തിരിച്ചു തൻ
താവളം പൂകി
കഴിഞ്ഞതും, വരാനുള്ള-
തൊക്കെയും തള്ളി
ഇവിടെയീ നിമിഷത്തിൽ
അലിയുന്നോള്
കിടാങ്ങളെ കണ്ടിടുമ്പോൾ
മുലപ്പാലൂറി
വരുന്ന വാത്സല്യമായി
ചുരക്കുന്നോള്
അവരുടെ നിഷ്കളങ്ക
പ്രാർത്ഥനകൾക്ക്
മറുപടി നൽകിടുവാൻ
വെമ്പിടുന്നോള്
തനിക്ക് നേർച്ചയേകുന്ന
മധുരമെല്ലാം
ചെറു ചുണ്ടിൽ ചേർത്തു ചിരി
തൂകിടുന്നോള്
നഷ്ടസ്നേഹമോർത്തു കണ്ണീർ
വാർത്തിടുന്നോള്
തന്റെ പ്രിയനായി കാത്തു
കാതരയായോൾ
പദസ്വനമൊന്നു കേൾക്കേ
പ്രതീക്ഷയോടെ തൻ
പ്രിയനുടെ സ്വരം കേൾക്കാൻ
കൊതിക്കുന്നോള്
നിഷ്കപട സ്നേഹരൂപ
മായിടുന്നോള്
യക്ഷിയമ്മയായി കര
കാത്തിടുന്നോള്
അരൂപിയായ് കിടാങ്ങളെ
കാറ്റിൽ വന്നൊന്നു
തൊടാൻ, മുത്തം കൊടുക്കുവാൻ
കൊതിക്കുന്നോള്
കറുപ്പിച്ചു കറുപ്പിച്ചു
വെളുപ്പിപ്പോള്
ഇരുട്ടിനു കൂട്ടിരുന്നു
കഥ ചൊല്ലുന്നോൾ
പാലപൂക്കും ഗന്ധമായി
മാറിടുന്നോള്
സന്ധ്യയുടെ നിറമാർന്നു
തുടിക്കുന്നോള്
കണ്ണുകളിൽ കദനത്തിൻ
കടലിളക്കം
നെഞ്ചിനുള്ളിൽ പാൽക്കടലിൻ
തിരത്തിളക്കം
ചുണ്ടിൽ മദസന്ധ്യയുടെ
മുന്തിരിച്ചാറ്
പല്ലിടയിലൊളിപ്പിക്കും
ഭീഷണദംഷ്ട്ര
ധ്രുവങ്ങളെ ചേർത്തിണക്കി-
യാടിടും യക്ഷി
സ്വയം ദീപശിഖയായി
മാറിടും യക്ഷി
നെറികേട്ടോരുലകത്തിൻ
മുന്നിൽ പേടിക്കാ-
തിടറാതെ തൻ നിയോഗം
പേറിടും യക്ഷി
വിശ്വമെല്ലാം ഏകതാന-
മായി പാടുന്ന
പ്രേമരാഗം ഉറക്കവേ
പാടിടും യക്ഷി
മോഹമെല്ലാമൊറ്റ രാവിൻ
സ്വപ്നമെന്നല്ലോ
ഒറ്റയായി പാടിടുന്നൂ
പാലമേൽ യക്ഷി
No comments:
Post a Comment