Thursday, April 7, 2016

മുറിക്കാത്ത ഒരു വിരൽ....

ഉയിരിൽ ഏതോ കോണിൽ
ചിറകിട്ടടിക്കുന്നു
പറയാൻ, പറക്കുവാൻ,
ആവാതെ വാക്കിൻ കിളി.
ഒരു സ്പർശത്താൽ,
ഒരു കുളിരും തലോടലാൽ
തുടിക്കും വീണ്ടും
ചിറകെന്നൊരു പ്രതീക്ഷയാൽ.

പൊടിയും ദുർഗന്ധവും
കൊണ്ടു മൂടിയ ചിത്ത-
മിരുളിൽ തപ്പിത്തട-
ഞ്ഞീടുന്നൂ വഴി തെറ്റി.
ഒരു ദീപകരാഗമെങ്ങുന്നോ
കേൾക്കും വീണ്ടു-
മതിനായ് നിശ്ശബ്ദമാം
പ്രത്യാശാഗാനം പാടി

ഒരു പാഴ്ച്ചിരാതെന്റെ
ധ്യാനഭ്രംശമാം മനം
കരുതിക്കാക്കുന്നുണ്ട്
എണ്ണ വറ്റിയെന്നാലും.
തിരികൾ തെളിയുന്ന
കാർത്തിക രാത്രിക്കായി
ചെറുതാണെന്നാകിലും
നനയാത്തൊരു തിരി.

കുറിമാനത്തിന്നൊന്നും
മടക്കത്തപാലി-
ല്ലെന്നറിയാം, എന്നാൽ പോലും
നിർത്തുന്നിലെഴുത്തുകൾ.
ഒടുവിൽ, വിലാസങ്ങൾ തെറ്റിയ
തപാലുകൾ പലതും,
വന്നെത്തുന്ന
ദീർഘസ്വപ്നവുമായി

മുറി വിട്ടിറങ്ങുവാൻ
ഭയമാം, ഒരിക്കലും
തിരികെ വരാത്തൊരെൻ
കിളിയെങ്ങാനും വന്നാൽ..
ഒരു ചട്ടുകം ചോറെൻ
കലത്തിൽ കാണും വിശ -
ന്നൊരു യാത്രികനെന്റെ
വാതിൽക്കൽ വന്നെങ്കിലോ...

ഒരു ചൂണ്ടാണി വിരൽ
ഇനിയും മുറിക്കാതെ,
ഗുരുവിന്നായി
സമർപ്പിക്കാതെ വെച്ചിട്ടുണ്ട്
ഒരു സന്ധ്യയിലിന്നൊ-
രായിരം ചെന്താമര
വിരിയുന്നേരം നീല
തിലകം ചാർത്തിക്കുവാൻ .....

1 comment: