ഏതൊന്നിനെ വാഴ്ത്തിപ്പാടുമ്പോൾ വേദങ്ങൾ പോലും മൌനമായിരിക്കുന്നുവോ, ഇതു വരെ എച്ചിൽ പെടാത്ത ആ സാരത്തെ നാം ഓരോരുത്തരും അവനവൻ മനസ്സിലാക്കിയ വിധം വ്യാഖ്യാനിക്കുന്നു. അതിതെല്ലാമാണോ എന്ന് ചോദിച്ചാൽ അതെ. എന്നാൽ അതിത്ര മാത്രമാണോ എന്ന് ചോദിച്ചാൽ അല്ല. അത് ഇതൊക്കെ തന്നെ ആയിരിക്കെ അതിതിനും എത്രയോ അപ്പുറമാണ്... അതിനാലാണ് നാം ആത്മാനുഭവം മാത്രം പ്രമാണമായി സ്വീകരിക്കുന്നത്.
അവതാരവരിഷ്ഠനായി സമസ്തലോകവും വണങ്ങുന്ന ഭഗവാൻ ശ്രീരാമകൃഷ്ണന്റെ മഹിമ ഇതേ കാരണത്തിനാൽ തന്നെയാണ് അനേക മഹത്തുക്കളാൽ നിരവധി പ്രകാരത്തിൽ വർണ്ണിക്കപ്പെട്ടാലും പിന്നെയും പിടിതരാത്ത അത്യത്ഭുത പ്രതിഭാസമായി നിലകൊള്ളുന്നത്. അതിനാൽ തന്നെ ആണ് അന്ധൻ കണ്ട ആനയെ പോലെ, എനിക്കും ഭഗവാനെ ഒന്ന് തൊട്ടുനോക്കി എന്റെ അഭിപ്രായവും പറയാം എന്ന ധിക്കാരം എന്നിലുദിക്കുന്നത്.
ആ ജീവിതത്തെ അനവദ്യസുന്ദരമായി പ്രതിപാദിക്കുന്ന ലേഖനങ്ങൾ ആ അവതാരലീലകൾ നേരിട്ടു കണ്ട ഭാഗ്യശാലികളുടേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ പിഷ്ടപേഷണം ചെയ്യാതെ, ഈയുള്ളവനെ പോലെയുള്ള മായാപാശബദ്ധരെ അവിടുത്തെ ജീവിതവും സന്ദേശവും എങ്ങിനെ പ്രത്യാശാഭരിതരാക്കുന്നു എന്നതാണ് എന്റെ വിഷയം.
-------------------------------------------------------------
അവധിയില്ലാത്ത തെറ്റുകൾ കൊണ്ട് മോചനം അസാധ്യമെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിനു മുന്നിലാണ് ഭഗവാൻ വളരെ അനായാസമായി ആ വിശ്വാസങ്ങളെ തിരുത്തിക്കുറിക്കുന്നത്. പതിതരെന്നും തിരസ്കൃതരെന്നും മുദ്രകുത്തപ്പെട്ട ജനസഞ്ചയങ്ങളുടെ വിയർപ്പും കണ്ണുനീരും ഒപ്പിയ ആ ശുഭ്രവസ്ത്രാഞ്ചലത്തിന്റെ ഒരിഴ പോലും അനേക ജന്മാര്‍ജ്ജിതങ്ങളായ പുണ്യപാപസഞ്ചയങ്ങളെ എരിക്കാന്‍ ശക്തിയാര്‍ന്നതത്രേ...
നിരവധി ഇടങ്ങളില്‍ നാം കേട്ട ഒരു വാചകമാണ് "ദൈവകോപം അല്ലെങ്കില്‍ ഭഗവത്കോപം ഉണ്ടാകും" എന്ന്. പ്രത്യേകിച്ച്, ഈശ്വരനിന്ദകന്മാരോട് കാരണവന്മാർ പറഞ്ഞു മടുത്ത ഒരു വാചകം. ഇത്തരം സന്ദർഭങ്ങളിൽ ഒക്കെയും ഞാൻ ഉറപ്പിച്ചു ചിന്തിക്കാറുള്ള ഒരു കാര്യം "എന്റെ ഭഗവാൻ തന്നെ നിന്ദിക്കുന്നവരിൽ കോപം വർഷിക്കുന്ന ഒരാളല്ല" എന്നതാണ്. ഭഗവാങ്കലേക്ക് എത്തുവാൻ തന്നെ തുല്യാനിന്ദാസ്തുതിമാൻ ആയിരിക്കണം എന്നിരിക്കേ , സ്നേഹമാണ് ഭഗവാന്റെ സ്വരൂപം എന്നിരിക്കേ, തന്നെ വന്ദിക്കുന്നവരിൽ നന്മയും, നിന്ദിക്കുന്നവരിൽ കോപവും വർഷിക്കുന്നു അവിടുന്നെങ്കിൽ, അതെന്റെ ഭഗവാനല്ല എന്ന് ഉറപ്പിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഭഗവാൻ എന്ന് വ്യാഹരിക്കുന്ന അത് എന്നെക്കാൾ ഒട്ടും മികച്ചതുമല്ല, കാരണം ഇത് തന്നെ ആണല്ലോ, നാം സാധാരണ മനുഷ്യരുടെയും സ്വഭാവം.
എന്റെ ഭഗവാൻ, തന്നെ നിന്ദിക്കുന്നവരെ പോലും ആശ്ലേഷിക്കുന്നവനത്രേ. തന്നെ കൊല്ലുവാനായ് വന്ന പൂതനക്ക് അമ്മയുടെ സ്ഥാനം കൊടുത്തവൻ, തന്നെ ക്രൂശിച്ച ദുഷ്ടന്മാരോട് പൊറുക്കേണമേ എന്ന് ഹൃദയം നുറുങ്ങി വിലപിച്ചവൻ, മദ്യപിച്ച് തന്നെ അധിക്ഷേപിച്ചവനെ സ്വന്തം ചരണാന്തികത്തിൽ ചേർത്തു നിറുത്തി, അവനിൽ അനിതരസാധാരണമായ ഭക്തി പ്രസാദിച്ചവൻ , ആ ഗദാധരൻ, അവനത്രെ എന്റെ ഭഗവാൻ....
------------------------------------------------------------
നിത്യജീവിതത്തിൽ നാം കാണുന്ന രണ്ടു ധ്രുവങ്ങൾ ഉണ്ട്... ഒന്ന്, ഈ ലോകത്തിനെ പാടെ തിരസ്കരിച്ച് ഇതിനപ്പുറമുള്ള എന്തിനെയോ തേടി പോകുന്നത്. മറ്റൊന്ന്, ഇതാണ് ശാശ്വതം എന്ന് കരുതി, ലൌകികവൃത്തിയിൽ മുങ്ങി കഴിയുന്നത്. ഇവ സമാന്തര രേഖകളായി നമുക്ക് അനുഭവപ്പെടുന്നു. ആദ്യത്തേത്, ഈ ലോകത്തിന്റെ തിരസ്കാരം കൊണ്ട് മാത്രം ആദ്ധ്യാത്മികത എന്ന പേരിന് അർഹമാകുന്നില്ല. രണ്ടാമത്തേത് തീർച്ചയായും സമാധാനം കൊണ്ടുവരുന്നുമില്ല. ഈ വൈരുദ്ധ്യങ്ങൾ നമ്മെ എന്നെന്നും കുഴക്കാറുണ്ട്...
ഇതിനിടയിലേക്കാണ്, ഇവകളെ ബന്ധിപ്പിക്കുന്ന സുവർണ്ണരേഖയായി ഭഗവാന്റെ ഉപദേശങ്ങൾ നാം ശ്രവിക്കുന്നത്. അതീവസരളമായി ഭഗവാൻ ഈ കുരുക്കഴിക്കുന്നു. "ഭക്തിയാകുന്ന എണ്ണ കൈയിൽ പുരട്ടി, ലൗകികജീവിതമാകുന്ന ചക്ക മുറിച്ചു കൊള്ളൂ.. മുളഞ്ഞു കൈയിൽ പുരളുകയില്ല", "ഒരു കൈ കൊണ്ട് ഈശ്വരന്റെ കാലുകൾ മുറുകെ പിടിക്കുക, മറ്റൊന്നിനാൽ ലോകത്തിലെ എല്ലാ വേലയും ചെയ്യുക".
ഗീതയും, ഭാഗവതവുമെല്ലാം പറഞ്ഞു പറഞ്ഞു തോറ്റ ഒരാശയം, ഒന്നുരണ്ട് വാചകങ്ങൾ കൊണ്ട് അനായാസം നമ്മിലേക്ക് തുളഞ്ഞു കയറുന്നു. തന്റെ ഗൃഹസ്ഥ ഭക്തന്മാർക്ക് ഇത്രയധികം ഉപായങ്ങങ്ങളിലൂടെ ആത്മവിശ്വാസം പകർന്ന ആചാര്യന്മാർ വിരളമാണ്. എത്രമാത്രം ആഴങ്ങളിൽ നിന്നായാലും ഉയരുവാൻ സാധിക്കുമെന്ന്, ലോകത്തിൽ എത്രമാത്രം ആണ്ടു പോയാലും ഭഗവാൻ നമ്മെ കുറിച്ചും ആധി കൊള്ളുന്നുവെന്ന്, അവിടുത്തെ കൃപ മാത്രമേ നാം നേടേണ്ടതായിട്ടുള്ളുവെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിച്ചവൻ, അവനവന്റെ മോക്ഷവും ലോകനന്മയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് നമ്മെ ഉദ്ബോധിപ്പിച്ചവൻ, ആ പരമഹംസൻ, അവനത്രേ എന്റെ ഭഗവാൻ......
----------------------------------------------
ശ്രീരാമകൃഷ്ണവചനാമൃതത്തിന്റെ ആദ്യ ഭാഗങ്ങളിൽ തന്നെ, മാസ്റ്റർ മഹാശയന്റെ അൽപമെങ്കിലും തലപൊക്കിയ തർക്കവാസനക്കേറ്റ പ്രഹരത്തെ അദ്ദേഹം വിശദമാക്കുന്നുണ്ട്. വ്യർഥമായ തർക്കങ്ങളും അനുചിതമായ പരോപദേശവും കൊണ്ട് ജടിലമായ ഇക്കാലത്തും ആ വാക്യങ്ങൾ അന്വർത്ഥം തന്നെ.
പലപ്പോഴും നമ്മുടെ രീതി കുതർക്കത്തിന്റെയാണ്. സ്വന്തം വാദഗതി സ്ഥാപിക്കാൻ നാമറിയാതെ തന്നെ പല വഴികളിലും നാം ചെല്ലും. പലപ്പോഴും അത് അവസാാനിക്കുന്നതാകട്ടെ ശത്രുതയിലും. ഭഗവാൻ വളരെ ലളിതമായി ഇവ നുള്ളിക്കളയുന്നു. മറ്റുള്ളവരെ നേർവഴിക്ക് നടത്താൻ ശ്രമിക്കുന്നവർ ഇതൊന്നു കേട്ടിരുന്നെങ്കിൽ. തങ്ങളിലൂടെയല്ലാതെ മോചനമില്ല എന്നുദ്ഘോഷിക്കുന്നവർ ഈ വേദം ശ്രവിച്ചിരുന്നെങ്കിൽ...
എപ്പോളെപ്പോൾ അനാവശ്യമായി നാം തർക്കിക്കാനോ, മറ്റൊരുത്തനെ വിലയിരുത്താനോ, അവന്റെ ജീവിതത്തെയോ വിശ്വാസങ്ങളെയോ കുറിച്ച് അഭിപ്രായം പറയുവാനോ തുടങ്ങുമ്പോൾ, ഒരു നിമിഷം അവിടുത്തെ സ്മരിക്കുക...
ഈ സ്ഥിരബുദ്ധി, നമ്മിൽ കനിവോടെ വർഷിക്കുന്ന ആ സ്നേഹപയോദം, അവനത്രെ എന്റെ ഭഗവാൻ...
-------------------------------------------------------
പറഞ്ഞാൽ തീരാത്ത ആ മഹിമയെ ഒരു പുറത്തിൽ ഉപന്യസിക്കാം എന്നൊന്നും അതിമോഹം എനിക്കില്ല.
"അസിതഗിരിസമം സ്യാത് കജ്ജലം സിന്ധുപാത്രേ,
സുരവരതരുശാഖാ ലേഖനീ പത്രമുർവ്വീ
ലിഖതി യദി ഗൃഹീത്വാ ശാരദാ സർവകാലം
തദപി തവഗുണാനാം ഈശ പാരം ന യാതി"
എന്ന ശിവമഹിന്മസ്തോത്രത്തിലെ വരികൾ അവിടുത്തെ കുറിച്ചും സത്യം തന്നെ. ഓർക്കും തോറും കണ്ണുകളിൽ നനവായി, പാടും തോറും നാവിൽ മധുരമായി, ചിന്തിക്കും തോറും ഹൃദയത്തിൽ ഉണ്മയായി, മറക്കാൻ കഴിയാത്ത വിധം ഹൃദയത്തിലൊട്ടിപ്പിടിച്ച ഈ രാമകൃഷ്ണൻ, അവനെ കുറിച്ച് എഴുതാൻ ഞാനാര്?
---------------------------------------
"വ്യാസവാല്മീകിമാരാൽ പോലും അളക്കാൻ കഴിയാത്ത മഹിമയോലുന്ന അവിടുത്തെ കുറിച്ച് ഞാൻ എന്ത് പറയാനാണ്" എന്ന് ആ കാലടികളിൽ കുമ്പിട്ടു പറഞ്ഞ ആ ഗിരീഷിന്റെ ഭക്തിയുടെ ഒരു കണികയെങ്കിലും എന്നിൽ ഉണർത്തുക.
"ഭഗവാന്റെ വണ്ടി ഓടിക്കാൻ ഭാഗ്യം സിദ്ധിച്ച കുതിരക്കാരനെ കിട്ടുമെങ്കിൽ, അവന്റെ കാലിലെ പൊടിയെങ്കിലും നിന്റെ ശിരസ്സിൽ ചൂടുക. അതു മാത്രം മതി നിന്നെ മുക്തനാക്കാൻ" എന്ന് ഉറച്ചു പറഞ്ഞ രാമചന്ദ്ര ദത്തയുടെ വിശ്വാസത്തിന്റെ ഒരു തീപ്പൊരി എന്നിലും തൂവുക.
അനവധി ജന്മാന്തരങ്ങളിലൂടെ അലഞ്ഞലഞ്ഞു നിന്റെ കാൽക്കൽ ഞാൻ വന്നു വീഴുമ്പോൾ, ആ മെല്ലിച്ച കൈ കൊണ്ടെന്റെ മുറിവുകളിൽ തലോടുക.
സമാധിയിൽ പകുതിയടഞ്ഞ, കണ്ണുനീർ പ്രവഹിക്കുന്ന, ആ മിഴികൾ പാതി തുറന്നു നീയെന്റെ ആത്മാവിനുള്ളിലേക്ക് കൃപാകടാക്ഷമയക്കുക.
വിങ്ങിപ്പൊട്ടുന്ന എന്റെ ദുഃഖച്ചുമടുകൾ ഇറക്കിവെച്ച്, നിന്റെ മടിയിൽ ഒരൽപനേരം വിശ്രമിക്കാൻ എന്നെ അനുവദിക്കുക.
ഒടുവിൽ ഞാനെഴുതിയതെല്ലാം വെറും പൊള്ളയായ അക്ഷരങ്ങൾ ആണെന്നറിഞ്ഞുകൊണ്ട് തന്നെ, അവയ്ക്ക് ഒരർത്ഥം നീ കല്പ്പിക്കുക.
-------------------------------------------
അന്ധർ കണ്ട ആനയെ കുറിച്ച് പറഞ്ഞാണ് ഞാനിത് തുടങ്ങിയത്. അവസാനിപ്പിക്കേണ്ടി വരുന്നതും അത് ഓർത്തുകൊണ്ടു തന്നെ...
"അന്ധർ നിൻ തുമ്പിയോ കൊമ്പോ പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്ക് കൊതി നിൻ വാലിൻ രോമം കൊണ്ടൊരു മോതിരം...."(മേഘരൂപൻ - ആറ്റൂർ രവിവർമ )
--------------------------------------------

എന്റെ ഭഗവാൻ തന്നെ നിന്ദിക്കുന്നവരിൽ കോപം വർഷിക്കുന്ന ഒരാളല്ല>>>>>>>>>>> എന്റെയും
ReplyDelete