Monday, February 15, 2016

കാരുണ്യപീയൂഷം...

വിശ്വമാകെ നിറഞ്ഞ ചൈതന്യത്തിന്‍
വിസ്മയാവിഷ്കൃത സ്നേഹധാമമേ
സത്യസുന്ദര സംവിദാനന്ദമാം
നിത്യപീയൂഷ സച്ചിത്സ്വരൂപമേ

കാളികാമഗ്ന ചിത്തവുമായ് ജീവ-
നാളികയില്‍ പിറന്ന സൌഭാഗ്യമേ
മുഗ്ദ്ധഹാസത്തിനാൽ അൻപ് അയക്കുമെൻ
സ്നിഗ്ദ്ധസംഗീത കല്ലോലജാലമേ

വെന്തുരുകുന്ന മാനുഷ ഹൃത്തിലെ-
പ്പൊൻതടാകം നിറച്ച പയോദമേ
ആത്മരാഗത്തിൻ ഈരടി പാടി സൌ-
ഭാഗ്യമായി ഉദിച്ച പ്രഭാതമേ

വിണ്ടലത്തിൻ വിശാലമാം സ്വച്ഛത
തൻ മിഴിയിൽ കൊരുത്ത ഗദാധരാ
ലോകനായകാ നിന്‍ കടാക്ഷങ്ങളാല്‍
മൂകമാമെന്‍ വിപഞ്ചിക പാടിയോ

അന്തിവാനച്ചുവപ്പു പോൽ നിൻ പദ-
പങ്കജത്തിൻ അരുണിമ കാണ്മു ഞാൻ
സത്യവേദാക്ഷരപ്പൊരുള്‍ നിന്നുടെ
വായ്മൊഴിയില്‍ മധുരം ശ്രവിപ്പു ഞാന്‍

മര്‍ത്യലോകാസുലഭമാം ചാരുത
നിന്‍ ചലനമോരോന്നിലും കാണ്മു ഞാന്‍
ഭക്തി തന്നുടെ ഉന്മത്ത ഭാവങ്ങള്‍
നിന്നില്‍ മിന്നി മറവതറിവു ഞാന്‍

ദേവ നീയില്ലയെങ്കിലെന്‍ ജീവിതം
വ്യര്‍ത്ഥമായ് തീര്‍ന്നുപോയിരിക്കാം ദൃഡം
നിന്‍റെ നാമമില്ലെങ്കില്‍ നിരാശ തന്‍
അന്ധകൂപങ്ങളില്‍ പോയി ഞാന്‍ വീണിടാം
നീ ഉയിരിന്‍റെ കാവലാളല്ലെങ്കില്‍
നീറിനീറി മരിച്ചു പോയേനെ ഞാന്‍
ആര്‍ദ്രമാം നിന്‍ സ്മിതം ലഭിക്കായ്കിലോ
വേദനയോടെന്‍ ഹൃദയം നുറുങ്ങിടാം

പണ്ട് രാമനായ് , പിന്നെ ശ്രീകൃഷ്ണനായ്
വന്നു ഭൂമിയെ ധന്യയായ് തീര്‍ത്ത നീ
ഇന്നു ശ്രീരാമകൃഷ്ണനായ്, നേര്‍വഴി
കാട്ടുവാനായ് അവതരിച്ചില്ലയോ

നിന്നുടലെന്നും കണ്ടിടാനാകണം
നിന്‍റെ നാമം ജപിക്കുവാനാകണം
നിന്‍റെ പേരിന്നൊരക്ഷരമെങ്കിലും
എന്‍റെ പ്രാണനില്‍ കോറുവാനാകണം

സച്ചിദാനന്ദമാം ഗഗനത്തിങ്കല്‍
പൊന്‍ ചിറകു വിരിക്കുന്ന ഹംസമേ
നിന്‍റെ തൂവല്‍പ്പുതപ്പിന്നടിയിലീ
ജന്മം ധന്യമായ് തീര്‍ക്കുവാനാകണം

No comments:

Post a Comment