Thursday, August 27, 2015

ഓണം വരുമെന്ന്!!

ഓണം വരുമെന്ന്
ഓണം വരുമെന്ന്

പൂക്കളമില്ലാതെ
പൂപ്പൊലി പാടാതെ
തൃക്കാക്കരപ്പന്
പൂവടയില്ലാതെ
തുമ്പകളില്ലാതെ
തുമ്പികൾ പാറാതെ
ചുണ്ടിലൊരിത്തിരി
പുഞ്ചിരിയില്ലാതെ
ഓണം വരുമെന്ന്
വീണ്ടുമിക്കൊല്ലവും
കാണം കളയുവാൻ
ഓണം വരുമെന്ന്

മാബലിത്തമ്പുരാൻ
കോമാളി വേഷമായ്
ഓണവില്ലാകവേ
പൊട്ടിത്തകർന്നു പോയ്‌,
ചുറ്റിലും ഉത്രാട-
പ്പാച്ചിൽ തിരക്കിലീ
മുക്കുറ്റികൾ മിഴി
താഴ്ത്തി നില്ക്കുന്നിതാ
ഓണ നിലാവില്ല
ഓണക്കളിയില്ല
ഒന്നിച്ചിരുന്നുണ്ട
നാലുകെട്ടിന്നില്ല
എങ്കിലും ആർക്കുന്നി-
താരോ പടിക്കൽ നി-
ന്നോണം വരുമെന്ന്

വീണ്ടുമീ കൈതകൾ
പൂക്കും വരമ്പിലൂ-
ടേതോ അനാഥമാം
പാണന്റെ പാട്ടിലൂ-
ടോര്‍മ്മ തന്‍ മഞ്ഞിന്‍
തുകിലുകള്‍ക്കുള്ളില്‍ നി-
ന്നീറന്‍ മുകിലിന്‍റെ
പ്രാര്‍ത്ഥന പോലെയി-
ന്നോണം വരുമെന്ന്
ഓണം വരുമെന്ന്

വിണ്ട മണ്ണിന്‍ മാറ്
വീണ്ടും ചുരക്കുമി-
ത്തുമ്പ തന്‍ വേരുകള്‍
വീണ്ടും തുടിക്കുമെ-
ന്നീയിരുള്‍ നീങ്ങി
പുലരി ഉദിക്കുമെ-
ന്നാ സമത്വപ്പെരു-
മാള്‍ തന്‍ ഭരണമീ
നാടിന്‍ മനസ്സില്‍
ഇനിയും നടക്കുമെ-
ന്നേതോ പഴംപാട്ടില്‍
കേള്‍ക്കുന്നു ഞാന്‍ വീണ്ടു-
മോണം വരുമെന്ന്
ഓണം വരുമെന്ന്!!

1 comment:

  1. ഓണം വന്നുപോയി
    ആശംസകള്‍

    ReplyDelete