Monday, August 3, 2015

മടങ്ങിപ്പോയ പുലരി...

മറന്നു പോയി നീ...

മറന്നു പോയി നീ
അനാഥമാമേതോ
സ്വരങ്ങൾ പോലെയെൻ
കരച്ചിൽ കേൾക്കുന്നു

വിദൂരമാമേതോ
മരീചിക പോലെ
മരുഭൂവിൽ നിന്റെ
നിഴൽ ഞാൻ കാണുന്നു

വിറക്കുമീ സ്വരം കണക്ക് ജീവിതം
മണൽത്തിരകളിൽ ഉരഞ്ഞു തീരുന്നു
കൊഴിഞ്ഞു വാടിയ സുമദളങ്ങളായ്
കഴിഞ്ഞ കാലത്തിൻ പരിചിതസ്മിതം

രചന തീരാത്ത കവിത പോലെയീ
അപൂർണ്ണസൗഹൃദം മിഴിയടക്കുന്നു
വരച്ചു വെച്ചൊരു വരയിലൂടെ ഞാൻ
വെറുതെ പിന്നെയും വരച്ചിരിക്കുന്നു

ഇരുട്ടു മൂടുമെൻ വഴിയിലെ പൊന്ത-
ത്തലക്കൽ വന്നെത്തി ചിരിച്ചിരുന്നു നീ
വഴി പിഴച്ചൊരു പുലരി പോൽ വന്നു
തിരിഞ്ഞു നോക്കാതെ മടങ്ങിപ്പോയി നീ

കരിനീല കൃഷ്ണമണിയിൽ നേർത്തൊരു
പ്രകാശരശ്മി തൻ മഹാവിസ്ഫോടനം
അതേറ്റു വാങ്ങുവാൻ കഴിയാതെ വീണ്ടും
ഇരുട്ടിൽ ഒറ്റക്ക് ഭയപ്പെടുമ്പൊഴും

തുരുമ്പിച്ച വാക്കിൻ തലപ്പിനാൽ സ്വയം
മുറിവേൽപ്പിച്ചു ഞാൻ രമിച്ചിടുമ്പൊഴും
പറഞ്ഞതിന്നുമപ്പുറം പലപല
പൊരുളുകൾ കുത്തിത്തിരുകിടുമ്പൊഴും

ഉറക്കമില്ലാതെ അലഞ്ഞിടുന്നൊരെൻ
ചകിതമാനസം ഉറഞ്ഞിടുമ്പൊഴും
മറന്നു പോയി നീ..

മറന്നു പോയി നീ
ഒരൊറ്റ വാക്കിനാൽ
ഒരിറ്റു സാന്ത്വനം
വിതറിയില്ല നീ

ഒരു കടൽ അലയടിക്കുന്ന നെഞ്ചിൽ
ഒരഗ്നിപർവതം പുകയുന്നൊരുള്ളിൽ
നിരന്തരം ശാപവചസ്സിനാൽ പൊള്ളി-
പ്പഴുത്തു പോയൊരെൻ ഹൃദയത്തിനുള്ളിൽ

ഒരോർമ്മയായ് പോലും വരുന്നതില്ല നീ
ഒരു കുളിരായി പൊഴിഞ്ഞതില്ല നീ
പറന്നു പോയൊരാ പഴങ്കഥകളിൽ
പൊഴിഞ്ഞ തൂവലായ് തഴുകിയില്ല നീ


ഇരുൾമുറി പൂട്ടി തഴുതിടട്ടെ ഞാൻ
നിറഞ്ഞ കണ്ണു ചൂഴ്ന്നെടുത്തിടട്ടെ ഞാൻ
ഇനിയുമീ വഴി, വഴി തെറ്റി ഒരു
പുലരിയെങ്ങാനും വരുമെന്നേ ഭയം

3 comments:

  1. കവിത വായിച്ചു, ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  2. നിറകണ്ണു ചൂഴ്ന്നെടുത്താൽ പുലരി വീണ്ടുമണയുവതെങ്ങിനെയറിയും ? കണ്ണീരു തുടച്ചാട്ടെ :)

    മനോഹരമായ കവിത

    ശുഭാശംസകൾ ......

    ReplyDelete