Friday, March 13, 2015

അസുരവിത്തുകള്‍....

മുഖം ഒന്നാണെനിക്കും
എന്‍ ശത്രുവിനും
ഞങ്ങളുടെ പടയിലെല്ലാം
ഒരു പോലിരിക്കുന്നവര്‍

ഇരുണ്ട രണ്ടു ഭൂഖണ്ഡങ്ങള്‍
ഞങ്ങള്‍ക്കുണ്ട് ഭരിക്കാനെങ്കിലും
അന്യന്‍റെ തൊടിയിലാണ്
കണ്ണെപ്പോഴും..

സ്ഥലം മാറിക്കളിച്ച്
വേലിക്കും കാലു കഴച്ചു.
മുഖം മാറ്റിക്കളിച്ച് ഞങ്ങള്‍
തളര്‍ന്നു..

ഇന്നലെ അവരുടെ സുഷുപ്തിയില്‍
ഞാന്‍ ഗര്‍ഭസ്ഥനായിരുന്നു
വലിയ ആ വയറില്‍
ഞാനും, എന്‍റെ അപരനും,
എന്‍റെ പടയാളികളും
അവരുടെ അപരന്മാരായ
ശത്രുക്കളും
ഞങ്ങള്‍ എല്ലാവരും
ചിരിക്കുന്നു, കരയുന്നു,
തമ്മില്‍ തല്ലി കളി(പ്പി)ക്കുന്നു

ഇന്നവരുടെ സ്വപ്നത്തില്‍
ഈ ചെറിയ ലോകത്തില്‍
ഞാനും, നീയും
നമ്മള്‍ എല്ലാവരും
അമ്പെയ്യുന്നു, ചുടുരക്തം കൊണ്ട-
ഭിഷേകം ചെയ്യുന്നു,
മാര്‍ പിളര്‍ന്നു കുടല്‍മാലകള്‍
കഴുത്തിലണിഞ്ഞു തുള്ളുന്നു.

നാളെ അവരുടെ ജാഗ്രത്തില്‍
നമ്മള്‍ ഒരമ്മയുടെ
രണ്ട് അമ്മിഞ്ഞകള്‍ - ഇടതും വലതും -
മാറി മാറി
കടിച്ചു പറിക്കുന്ന
ചെകുത്താന്‍റെ സന്തതികള്‍
ആയി തിരിച്ചറിയപ്പെടും....

3 comments: