Wednesday, December 24, 2014

ദേവബാലനോട്‌....

ആരാ മഞ്ഞിന്‍റെ രാവില്‍, എളിയൊരു കുടിലില്‍ ബെത്ലഹേമിന്‍റെ മാറില്‍
പയ്യിന്‍കൂട്ടില്‍ ഉദിക്കും ദിനകരസദൃശന്‍ ജാതനായ്, ദേവബാലന്‍
ആ ലോകാരാധ്യനാകും ഋഷികുലതിലകത്തിന്‍ പദം കുമ്പിടുന്നേന്‍
നീയേ ഞങ്ങള്‍ക്കു സ്വര്‍ഗം അവനിയില്‍ കനിവായ് തീര്‍ത്തു തന്നീടണേമേ

ദൈവത്തിന്‍ രാജ്യമുള്ളില്‍, മനമതിലതിനെ തേടിടാതെത്ര കാലം
കഷ്ടം ചുറ്റും തിരക്കുന്നിവിടെ മനുജര്‍, തന്‍ സോദരര്‍ക്കന്നമേകാ-
തെന്തെന്തീ പൊന്‍ കുരിശ്ശും, കവല സകലതില്‍ ചില്ലുകൂടും ഉയര്‍ത്തു-
ന്നീശാ നിന്‍ ധര്‍മ്മമിന്നീ ഗതിയില്‍, ദയവു ചെയ്തൊന്നു കൂടിപ്പിറക്കൂ

സത്യം - ധര്‍മം മറന്നും, മതമിതു ഗതിയൊന്നെന്നു തമ്മില്‍ കൊരുത്തും,
നിത്യം ദാരിദ്ര്യ-രോഗാതുരരെ, തവ വചോഭൂതി പാടേ മറന്നും,
മാര്‍ഗം കൂട്ടുന്നു നിന്‍റെ സഭകള്‍ പലതിലേക്കെങ്കിലെത്തുന്നതില്ലാ
ഈശോ, നിന്‍ സത്യമാകും തിരുസഭ, ജഗദീശന്റെ അന്‍പിന്‍ കവാടം

നിന്‍ ജീവന്‍ വാര്‍ന്ന രക്തം, തവ തിരു വചനത്തിന്‍റെ സാന്ദ്രപ്രഭാവം
നിന്‍ കണ്ണില്‍ വാര്‍ന്നൊരന്‍പിന്‍ കുളിരല, ഹൃദയം ചേര്‍ത്തൊരാ ദേവഗാനം
എന്നും മണ്ണില്‍ മനുഷ്യന്നിവയുടെ മധുരം മാത്രമേ വേണ്ടു, സത്യം!
നിന്‍ രാജ്യം വന്നിടാനായ്, ദയയുടെയലയില്‍ ജീവനാകെ കുളിര്‍ക്കാന്‍

ദുഃഖിപ്പോര്‍, ഭാരമേന്തിത്തളരും മനുജരീ ശീതളച്ഛായ തന്നില്‍
നിശ്ശങ്കം പാപഭാരച്ചുമടുകള്‍ സകലം നിന്നിലര്‍പ്പിച്ചിടുമ്പോള്‍
അന്നോരോ ചാട്ടവാറിന്നടിയില്‍ ഗുരുവരാ നിന്‍റെ മെയ് വാര്‍ന്ന രക്തം
തന്നേ ഞങ്ങള്‍ക്ക് ധ്യേയം, മറിയയുടെ സമാഹ്ലാദരാകാശശാങ്കാ

1 comment: