Monday, December 22, 2014

വീട്ടിലേക്കുള്ള മടക്കം

മിഠായി വില്‍പ്പനക്കാരന്‍
കൊണ്ടുപോയ കുരുന്നുകള്‍
അലഞ്ഞു ഗതികെട്ടിപ്പോള്‍
വീട്ടിലേക്ക് വരുന്ന നാള്‍

കൂട്ടം കൂടി ചിരിക്കുന്നോ
അയല്‍പക്കത്തിലുള്ളവര്‍
എതിര്‍പ്പിന്‍ വാളുകള്‍ വീശി
തടുപ്പൂ ഖിന്നരായവര്‍

സ്വത്തു വിറ്റ്‌ തുലച്ചീടാന്‍
കച്ച കെട്ടി മുറുക്കിയോര്‍
ചുറ്റിലും നിന്നു ചൊല്ലുന്നോ
ശാപോക്തികള്‍ അഹര്‍ന്നിശം

രക്തബന്ധത്തെ ശങ്കിച്ചു
ചൊല്ലുന്നൂ ചിലരെങ്കിലും
അമ്മക്ക് മകനെ പുല്‍കാന്‍
രശീതിച്ചീട്ടു വേണമോ


അലച്ചിലാല്‍ നിറം മങ്ങി
വാടിപ്പോയെന്‍ കുരുന്നുകള്‍
കണ്ണീരിന്‍ മണികള്‍ വീഴ്ത്തി
കഴുകുന്നമ്മ മാനസം

നിറമാര്‍ന്ന ഗുണം കെട്ട
മിഠായി തിന്നിവര്‍ വയര്‍
കെട്ടു പോയ്‌ അതിനേകട്ടെ
ഗംഗാതീര്‍ത്ഥ മഹൌഷധി

ചെവിയില്‍ കേട്ടതെല്ലാമേ
ശരിയെന്നു നിനച്ചിവര്‍
ഏകട്ടെ ദിവ്യമാം ഗീതാ-
മകരന്ദസുധാംബുധി

കണ്ണിന്‍ തിമിരബാധക്കായ്
ജ്ഞാനത്തിന്‍റെ ശലാക ഞാന്‍
നീട്ടട്ടെ, വിരിയും കണ്ണില്‍
തിളങ്ങട്ടെ സുദര്‍ശനം

ഓരിയിട്ടു ഭയം കൂട്ടാന്‍
വെമ്പും ചെന്നായ് ഗണങ്ങളേ
ഓമല്‍ക്കിടങ്ങള്‍ ഇവരെ
വിട്ടു ഞാന്‍ തരികില്ലിനി

ചുറ്റിലും നൃത്തമാടുന്നു
വേതളക്കൂട്ടമെങ്കിലും
തെല്ലുമേ ഭയമില്ലെന്‍റെ
മക്കളെ ചേര്‍ത്തണക്കുവാന്‍

വീണ്ടും വര്‍ണ്ണക്കടലാസില്‍
പൊതിഞ്ഞ കൈവിഷങ്ങളെ
ഏല്‍ക്കാതെ കാത്തുസൂക്ഷിക്കാം
നിങ്ങളെ ചിരകാലവും

വെയില്‍ കത്തട്ടെ, കോപത്തിന്‍
കനല്‍ വര്‍ഷിച്ചിടട്ടെ ഹാ
വീട്ടില്‍ മടങ്ങി വന്നോരെ
ഊട്ടട്ടെ എന്‍റെ കൈകളാല്‍

ഗതി കിട്ടാതെ മിഠായി-
ക്കടലാസുകള്‍ പാറവെ
നിങ്ങള്‍ക്കുറങ്ങുവാനായ് ഞാന്‍
പാടട്ടെ എന്‍റെ ഗീതകം

* ചിത്രം കടപ്പാട് - ഗൂഗിള്‍.

No comments:

Post a Comment