Wednesday, October 22, 2014

അഴിയാത്ത കുരുക്കുകള്‍

അഴിയാത്ത കുരുക്കുകള്‍
ഉപേക്ഷിച്ചു നാം
അഴിയുന്നവ മാത്രം
നോക്കാന്‍ തുടങ്ങിയതെന്നാണ്

അഴിക്കുന്നവ ഓരോന്നും
നാമറിയാതെ
അഴിയാത്തവയില്‍
പുതിയ കുരുക്കുകള്‍ തീര്‍ത്തു കൊണ്ടിരുന്നു

വേദന കടിച്ചമര്‍ത്തി
നാം ചിരിച്ചതൊക്കെ
മുറിവില്‍
പുതിയ ആഴങ്ങള്‍ തീര്‍ത്തു.

മഴവില്‍ ചിറകില്‍ നാം
പാറി നടന്നപ്പോള്‍
ഹൃദയങ്ങള്‍
പഞ്ഞിക്കഷണം പോലെ
ചിതറിപ്പോയി..

പൊടിക്കാറ്റുകള്‍
വന്നു നമ്മെ മൂടിയപ്പോള്‍
നാം രണ്ടു വഴിക്കു
പിരിഞ്ഞുപോയി...
അനാഥരായി...

ഇനി,
ഒരു നിലവിളി വേണം
നമുക്ക് പരസ്പരം കണ്ടെത്താന്‍
ഒരു പേമാരി വേണം
നമുക്ക് കെട്ടിപ്പിടിച്ചു കരയാന്‍
ഒരു ചെന്തീക്കനല്‍ വേണം
പഴയ പാഴ്ക്കടലാസുകള്‍
കത്തിച്ചു കളയാന്‍

ഇനി,
ഒരു കഠാര വേണം,
ഹൃദയം പിളര്‍ന്ന്
എല്ലാ കുരുക്കും
അറുത്തുമാറ്റാന്‍.........

No comments:

Post a Comment