Wednesday, October 1, 2014

കിതപ്പ്

ഇന്ന് ഒക്ടോബര്‍ 1 ലോക വയോജന ദിനം. ഇത് ഞാന്‍ അറിയുന്നതിന് മുന്‍പ്, ഏതോ പ്രേരണയാല്‍ ഞാന്‍ എഴുതിയത്
----------------------------------------------------------------------
കിതപ്പ്
------------------
എഴുന്നേറ്റ നേരം
മുതല്‍ക്കേ തുടങ്ങും,
പതുക്കെ കനക്കും
കിതപ്പ്, കിതപ്പ്.

വെയില്‍ തട്ടിയാല്‍,
ചാറ്റല്‍ കൊണ്ടാല്‍,
നിറുത്താന്‍
കഴിയാത്ത വണ്ണം
കിതപ്പ്, കിതപ്പ്

പനിച്ചൂട് പോയി,
വിശപ്പുണ്ട്, സ്വാദും.
കിതപ്പൊന്നു മാത്രം
വിടുന്നില്ല പക്ഷെ

ഒരല്‍പം നടന്നാല്‍,
അനങ്ങാന്‍ തുനിഞ്ഞാല്‍,
വെറുതെ എഴുന്നേറ്റു
വാതില്‍ കടന്നാല്‍,
മഷിപ്പേനയോടൊ-
ത്തെഴുതാനിരുന്നാല്‍,
തൊടിയില്‍ നടന്നാല്‍,
ഉറക്കെ പറഞ്ഞാല്‍,
പൊടിക്കാറ്റ് മൂടുന്ന പോലെന്റെ
ശ്വാസം കിതക്കുന്നു,
നെഞ്ചില്‍ വലിക്കുന്നു വീണ്ടും



പുറത്തുള്ള മക്കള്‍
വിളിക്കുമ്പോള്‍
ഒന്നും പറഞ്ഞീടുവാന്‍ വയ്യ
നെഞ്ചില്‍ കിതപ്പ്.
"മടിക്കുള്ള ന്യായം",
പറയുന്ന കേട്ടു,
മറുത്തോതുവാന്‍ വയ്യ
അന്‍പിന്‍ കിതപ്പ്.

ശരീരത്തില്‍ വര്‍ഷങ്ങള്‍
വീണു കിതപ്പൂ,
പിറന്നാള്‍ ദിനങ്ങള്‍
അനാഥം കിതപ്പൂ,
വിഷുവിന്‍റെ ഓര്‍മ്മ
കിനാവില്‍ കിതപ്പൂ,
മൊഴി നാഭിരന്ധ്രത്തില്‍
ഒട്ടിക്കിതപ്പൂ,

ഇരുളിന്‍റെ മാറത്തു
വീണു പകലിന്‍
ദിനചര്യ പോലെ
ചുവക്കും കിതപ്പ്

വിളക്കറ്റ നാഗ-
ത്തറ തന്‍ കിതപ്പ്,
നിലാവറ്റ രാവില്‍
ഭയത്തിന്‍ കിതപ്പ്,
ഒഴുകാന്‍ കഴിയാ
പുഴ തന്‍ കിതപ്പ്,
ഒഴുക്കറ്റ വാഴ്വിന്‍
കുതിപ്പിന്‍ കിതപ്പ്.

പറയാന്‍ ഇനിയും
എനിക്കേറെയുണ്ട്
ഒരായുസ്സു കൊണ്ടു
കുടിച്ച കഥകള്‍.
അതൊന്നെന്റെ വാക്കില്‍
തുളുമ്പാന്‍ തുടങ്ങേ,
തടുക്കുന്നു വീണ്ടും
നശിച്ചീ കിതപ്പ്.

കുതിക്കുന്നു നിര്‍ത്താതെ,
നേട്ടങ്ങള്‍ കൊയ്യാന്‍
കിതപ്പെന്തറിയാതെ-
യോടുന്നു ലോകം.
പൊലിക്കുന്നു ചുറ്റും
പുതുമ, നിരാശ
ക്കകം വാര്‍ദ്ധകം താ-
നിരുളില്‍ കിതപ്പൂ.......

2 comments:

  1. കയറ്റം കയൌമ്പോള്‍ മാത്രം അനുഭവപ്പെട്ടിരുന്ന കിതപ്പ് ക്രമേണ ശക്തി പ്രാപിച്ച് എന്തു ചെയ്യുമ്പോഴും ഒപ്പമുണ്ടാവുമെന്ന മട്ടായി. ചുറ്റും നോക്കുമ്പോള്‍ എല്ലാറ്റിനേയും കിതപ്പ് ബാധിച്ചിരിക്കുന്നു. ഈ കിതപ്പ് വളരെ നന്നായി

    ReplyDelete
  2. വളരെ നന്നായി.

    ReplyDelete