Wednesday, September 17, 2014

നിവേദിതയുടെ പുണ്യപഥത്തിലൂടെ..

പെരുമ്പടവത്തിന്റെ "ഒരു സങ്കീര്‍ത്തനം പോലെ" വായിക്കാത്ത ഒരു സാഹിത്യകുതുകിയും മലയാളത്തില്‍ ഉണ്ടാവുക സാധ്യമല്ല. ലോകസാഹിത്യചരിത്രത്തിലെ അതികായനായ ദസ്തെയെവ്സ്കിയുടെ ജീവിതം തികച്ചും നൂതനവും അതിലേറെ തരളിതവും ആയ ഒരു തലത്തില്‍ അവതരിപ്പിച്ചു എന്നതാണ് അതിന്‍റെ പ്രത്യേകത. അന്ന് വരെ നടന്ന പഠനങ്ങളെക്കാള്‍ ജനമനസ്സുകളില്‍ ഈ സാഹിത്യകാരന്‍ എത്തിച്ചേരാന്‍ അതിടയാക്കി.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച്, പാലക്കാട്‌ വിവേകാനന്ദ ദാര്‍ശനിക സമാജത്തിന്‍റെ ചിക്കാഗോ അനുസ്മരണ വേദിയില്‍ വെച്ചു പ്രകാശനം ചെയ്ത, ശ്രീമതി ബീനാ ഗോവിന്ദിന്റെ നിവേദിത എന്ന നോവലിനേയും മുന്‍പറഞ്ഞ കൃതിയുടെ ജനുസ്സില്‍ പെടുത്താം എന്നെനിക്കു തോന്നുന്നു. ഭഗിനി നിവേദിത എന്ന ഭാരതപുത്രിയുടെ ജീവിതത്തെ ഇത്രമേല്‍ ഹൃദ്യമായി അവതരിപ്പിച്ച മറ്റൊരു ഗ്രന്ഥം മലയാളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

*********************************

വളരെ നാടകീയമായാണ് ഇതിലെ കഥാതന്തു വികസിപ്പിച്ചിട്ടുള്ളത്. ഇന്ന് വരെയുള്ള ഭാരതത്തിന്‍റെ ആത്മീയജ്യോതിസ്സിനെ ആളിക്കത്തിച്ച്, സ്വയം ഉരുകി ഒരു പതിനായിരത്താണ്ടിനെ പ്രകാശമാനമാക്കി കടന്നുപോയ യുഗാചാര്യന്‍ ശ്രീമദ്‌ വിവേകാനന്ദസ്വാമികളുടെ സമാധിരംഗത്തോടെ ആണ് നോവല്‍ ആരംഭിച്ചിരിക്കുന്നത്. അത് വിവേകാനന്ദനെ അറിയുന്നവരില്‍ കനത്ത ശോകം വളര്‍ത്തുമാറ് എഴുതിയിരിക്കുന്നതിനാല്‍, അതിന്‍റെ തുടര്‍ച്ച വായിക്കാന്‍ അവരില്‍ സ്വാഭാവികമായ ഒരു താല്പര്യം ജനിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.

ആ രംഗത്തിലൂടെയാണ്‌ നാം നിവേദിതയെ പരിചയപ്പെടുന്നത്.

*********************************
നാടും വീടും ഉപേക്ഷിച്ച്, ഒരു അന്യദേശത്തു വന്നു പാര്‍ത്ത്, അവിടത്തെ സ്വന്തമാവുക എന്നത് അനിതരസാധാരണമായ ഒരു കാര്യമാണ്.  അയർലാണ്ട്കാരിയായ മാർഗരെറ്റ് നോബിൾ, തന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഭാരതീയനായ ഒരു യുവസന്ന്യാസിയെ പരിചയപ്പെടുന്നതോടെ ആണ് തന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവഗതികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. അവിടെ വെച്ച്, ആ യുവാവിനോട് ആ പാശ്ചാത്യയുവതിക്ക് തോന്നിയിരിക്കാൻ ഇടയുള്ള വികാരം, ആത്മീയതലത്തിൽ അന്വേഷിക്കപ്പെടാവുന്ന ഒന്നാകാൻ ഇടയില്ല(മഹർഷി അരവിന്ദനും, അമ്മയും തമ്മിലുള്ള ആത്മീയ ഐക്യം ആണ് അവരെ പോണ്ടിച്ചേരിയിൽ എത്തിച്ചതെന്നു വിസ്മരിക്കുന്നില്ല).

വിവേകാനന്ദന്റെ സർവാശ്ലേഷിയായ ആത്മീയ സൗരഭം മിസ്സ്‌ നോബിളിനെയും അദ്ദേഹത്തോട് അടുപ്പിക്കുന്നു. അവാച്യമായ ആനന്ദം അദ്ദേഹത്തിൻറെ സാന്നിദ്ധ്യത്തിൽ അവർ കണ്ടെത്തുന്നു. വിവേകാനന്ദന്റെ അമേരിക്കയിലേക്കുള്ള യാത്രയും ദിഗ്വിജയവും മാർഗരെറ്റ് എന്ന സാധാരണ യുവതിയിൽ ഉണ്ടാക്കിയ ചലനങ്ങൾ സ്ത്രൈണ ചാപല്യത്തോടെ(വാസ്തവത്തിൽ അങ്ങിനെ ആയിരുന്നോ എന്ന നാം സംശയിച്ചാൽ കൂടിയും) വരച്ചു കാട്ടാൻ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.

********************************

മാർഗെരെറ്റ് നോബിളിൽ നിന്നും നിവേദിതയിലേക്കുള്ള പരിണാമം ദുർഘടം പിടിച്ചത് തന്നെ ആയിരുന്നു. തന്റെ വികാരങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്ത കുടുംബത്തിനെ പറഞ്ഞു മനസ്സിലാക്കാൻ നിവേദിതക്ക് അല്പമൊന്നുമല്ല അധ്വാനിക്കേണ്ടി വന്നിരിക്കുക.

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത്, തന്റെ ഗുരുവിന്റെ വാക്കിന്റെ മാത്രം പിൻബലത്തിൽ ഭാരതത്തിലേക്ക് വരുന്ന നിവേദിതയെക്കാത്ത് ഭാരതത്തിൽ ഉണ്ടായിരുന്നതും ദുരിതങ്ങൾ തന്നെ ആയിരുന്നു. അത് വളരെ വ്യക്തമായി വിവേകാനന്ദൻ പറഞ്ഞിരുന്നതും ആണ്. അതിനെ കൂസാതെ തന്റെ പ്രവൃത്തിപഥത്തിൽ മുന്നേറുമ്പോളാണ് നിവേദിത ഇതളു വിടർത്തുന്നത്.

ബാലികാവിദ്യാഭ്യാസത്തിൽ തുടങ്ങിയ ആ കർമകാണ്ഡത്തിൽ വിവേകാനന്ദൻ മാത്രമായിരുന്നു എകാവലംബം. എന്നാൽ കർക്കശക്കാരനായ ആ ഗുരുവാകട്ടെ (തന്റെ ഗുരുവിനെ പോലെ തന്നെ), നിവേദിതയിൽ സമ്പൂർണ്ണ ഭാരതീയതയിൽ കുറഞ്ഞൊന്നും കൊണ്ട് തൃപ്തനാകുന്നില്ല. ഹൈന്ദവ സംസ്കൃതിയുടെ ഓരോ ചെറിയ മണിമുത്തുകളും തന്റെ ഹൃദയത്തിൽ അദ്ദേഹം എത്രമാത്രം ചേർത്തു വെച്ചിരുന്നു എന്ന്, ഈ കൃതി വായിക്കുന്ന ഏവനും മനസ്സിലാകും.

തുടർന്ന് നാം കാണുന്നത്, തന്റെ ഗുരുവിന്റെ വാക്ക് പിൻപറ്റി, അദ്ദേഹത്തിൻറെ ആലംബം കൂടിയില്ലാതെ, സ്വന്തം വ്യക്തിപ്രഭാവത്തിന്റെ ബലത്തിൽ ചിറകു വിരിച്ചു ദേശീയവിഹായസ്സിൽ വിഹരിക്കുന്ന നിവേദിതയെ ആണ്. ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങൾ സാമാന്യം വിസ്തരിച്ചു തന്നെ പ്രതിപാദിച്ചിരിക്കുന്നു.

***************************

പക്ഷെ, വിവേകാനന്ദനിലേക്ക് ആകർഷിക്കപ്പെട്ട് ഭാരതത്തിലേക്ക് വരുന്ന നിവേദിതയുടെ മനോഗതങ്ങൾ ചിത്രീകരിച്ച സൂക്ഷ്മത, ആ കൈയൊതുക്കം, പിന്നീടുള്ള ഭാഗങ്ങളിൽ നഷ്ടപ്പെട്ടതായി തോന്നി. സംഭവങ്ങളുടെ ബാഹുല്യം നിമിത്തം മനപ്പൂർവം വിട്ടുകളഞ്ഞതാകാം. പക്ഷെ ഭാരതിയും, ഗാന്ധിജിയും, ബോസും ഒക്കെ ആയുള്ള കൂടിക്കാഴ്ചകൾ ചിത്രീകരിക്കുന്നതിനേക്കാൾ ഹൃദ്യം അതായിരുന്നു എന്നാണെനിക്ക് തോന്നുന്നത്. മഹത്തായ ആ സംഭവങ്ങൾക്കിടയിൽ നാം നിവേദിതയുടെ ഹൃദയത്തുടിപ്പുകൾ തേടുകയാകും.

അതൊഴിച്ചു നിർത്തിയാൽ, വിവേകാനന്ദനോടൊത്തുള്ള യാത്രകളും മറ്റും അതീവ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഭഗവാൻ ശ്രീരാമകൃഷ്ണനെ കുറിച്ചും, വിവേകാനന്ദനെ കുറിച്ചും ഒക്കെ പ്രതിപാദിക്കുന്ന ഏതാനും ചില സ്ഥലങ്ങളിൽ പരിസരം അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. അതെല്ലാം നോവലിസ്റ്റിന്റെ വിജയം തന്നെയാണ്.

സ്ഥലങ്ങളും, അവയുടെ ചുറ്റുപാടുകളും പ്രതിപാദിച്ചിരിക്കുന്നത് അവരുടെ ആഴത്തിലുള്ള നിരീക്ഷണപാടവം വ്യക്തമാക്കുന്നു. ചെറിയ വിശദാംശങ്ങൾ കൂടിയും കാവ്യാത്മകമായി പകർന്നു നല്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. യൂറോപിന്റെ പശ്ചാത്തലത്തിൽ വരുന്ന രംഗങ്ങളിൽ, ചില കണ്ടു പഴകിയ ചിത്രങ്ങൾ ആണ് വാക്കിൽ വരുന്നതെങ്കിലും, ബംഗാളിന്റെയും ഹിമാലയത്തിന്റെയും ഭംഗി ആസ്വാദകന്റെ മുൻപിൽ നിറഞ്ഞാടുക തന്നെ ചെയ്യും.

*********************************

ദേശീയ രാഷ്ട്രീയത്തിൽ സജീവമായ നിവേദിത പല പരീക്ഷണങ്ങളിലൂടെയും കടന്നു പോകുന്നു. മഹാനായ ശാസ്ത്രജ്ഞൻ ജെ.സി.ബോസിന് ഭഗിനിയുമായുള്ള  പരിചയം അദ്ദേഹത്തിന് ആത്മീയമായ ഒരു താങ്ങ് തന്നെ ആയിരുന്നു. നിവേദിതയുടെ പ്രവൃത്തികൾ ബ്രിട്ടീഷ് ഭരണകൂടത്തിന് തലവേദനയാകുകയും അവർ നിവേദിതയെ നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ജന സഹസ്രങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് വലിച്ചടുപ്പിക്കാൻ അവർക്ക്  സാധിച്ചു. നിവേദിതയുടെ രാഷ്ട്രീയ പ്രവേശത്തിനെ വിവേകാനന്ദൻ വളരെ കരുതലോടെ ആണ് വീക്ഷിച്ചിരുന്നത്. പക്ഷെ, നിവേദിതക്ക് ഭാരതത്തിന്‌ വേണ്ടി നൽകാൻ ഉള്ളതെന്ത് എന്ന് പണ്ടേ കണ്ടറിഞ്ഞ അദ്ദേഹം അവരെ നിരുൽസാഹപ്പെടുത്തിയില്ല .

രാഷ്ട്രീയബന്ധം വളർന്ന സാഹചര്യത്തിൽ നിവേദിത രാമകൃഷ്ണമഠത്തിൽ നിന്ന് ഔദ്യോഗികമായി പുറത്തു പോകുന്നു. പക്ഷെ സഹോദര സന്യാസിമാർ അവർക്ക് ഭ്രാതൃതുല്യമായ സ്നേഹാദരങ്ങൾ നൽകിപ്പോന്നു. മാതൃദേവിയുടെയും മറ്റും അന്ത്യകാലഘട്ടങ്ങളിൽ ഭഗിനി അവരെ ശുശ്രൂഷിക്കുന്നു.

നിരന്തര അധ്വാനം മൂലം ആരോഗ്യം തകർന്ന ഭഗിനി, പതിയെ ഉൾവലിയുന്ന ചിത്രം അസാധ്യ കൈയടക്കത്തോടെ ആണ് ശ്രീമതി ബീനാ ഗോവിന്ദ് അവതരിപ്പിച്ചിരിക്കുന്നത്. ഒടുവിൽ ഭഗിനി നിവേദിത അനശ്വരതയിൽ മറയുന്ന ചിത്രം നമ്മുടെ മുന്നിൽ എത്തുമ്പോൾ, നതമസ്തകരായി ആ ധന്യജ്യോതിസ്സിനെ നമിക്കാനേ നമുക്ക് കഴിയുന്നുള്ളൂ.

******************************

മലയാള സാഹിത്യത്തിൽ ഇറങ്ങുന്ന പുസ്തകങ്ങളിൽ പകുതിയിലധികം ചവറുകൾ എന്ന വിശേഷണമേ അർഹിക്കുന്നുള്ളൂ. മിച്ചമുള്ള കൃതികളിൽ തന്നെ നമ്മെ ഒരേ സമയം ആനന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന കൃതികൾ  വിരലിൽ എണ്ണാവുന്നതേ ഉള്ളൂ. അത്തരത്തിൽ ഉള്ള ഒരു കൃതിയാണ് ശ്രീമതി ബീനയുടെ "നിവേദിത" എന്നത് നിസ്തർക്കമാണ്‌.

ആഴമേറിയ പഠനവും തപസ്സും ഈ കൃതിക്ക് പിന്നിലുണ്ടെന്ന് ഈ കൃതി വായിക്കുന്ന നാം വ്യക്തമായി മനസ്സിലാക്കും. വിവേകാനന്ദ സന്ദേശം ഉൾക്കൊണ്ടിരുന്നാലേ ഇങ്ങിനെ ഒരു ഹൃദയസ്പർശിയായ കൃതി ഇത്രമേൽ ശക്തമായി അവതരിപ്പിക്കാൻ സാധിക്കയുള്ളൂ. മലയാളത്തിന്റെ ശ്രീരാമകൃഷ്ണ - വിവേകാനന്ദ സാഹിത്യത്തിൽ "നിവേദിത" ക്ക് നിസ്തുലമായ ഒരു സ്ഥാനം ലഭിക്കും എന്നതിൽ സംശയമേതുമില്ല.

"നിവേദിത"ക്കും നോവലിസ്റ്റ്‌ ബീനാ ഗോവിന്ദിനും അഭിനന്ദനങ്ങൾ. ആശംസകൾ...

"രുദ്രാക്ഷം, ശുഭ്രവസ്ത്രാവൃത തനു, സുമുഖം സുന്ദരസ്മേരയുക്തം,
ആർദ്രം കണ്ണിൽ തിളക്കം, ഹൃദയവിജയിയാം ആത്മശക്തിപ്രഹർഷം,
ചിദ്രൂപം ചിന്ത ചെയ്യും മനസി ഗുരുവരൻ തന്ന ശക്തിപ്രവാഹം,
സാന്ദ്രം നിത്യപ്രണാമം അരുളുക മനമേ നീ 'നിവേദിച്ചവൾ'ക്കായ്"

*****************************

2 comments:

  1. മാര്‍ഗരറ്റ് എലിസബത്ത്‌ നോബിള്‍

    ReplyDelete