നീ പ്രപഞ്ചത്തെയാകെ ഭരിക്കെ
എന്തു പേടിയീ ഞങ്ങള്‍ക്കു ദേവാ
നിന്‍റെ ആജ്ഞയാല്‍ കത്തുന്നു സൂര്യന്‍
നിന്‍റെ വാക്കാല്‍ ജ്വലിക്കുന്നിതഗ്നി
നിന്‍റെ ശ്വാസ നിശ്വാസത്തിനൊന്നാല്‍
സ്വൈരമായ് പ്രവഹിപ്പൂ പവനന്‍
നിന്‍റെ പുരികക്കൊടികള്‍ക്ക് കീഴില്‍
നിര്‍ന്നിമേഷനായ് നില്‍ക്കുന്നു കാലം
നീ പകരും കുളിര്‍മ്മയില്‍ മുങ്ങാന്‍
കാത്തു നില്‍പ്പൂ നിലാവിന്‍റെ വെട്ടം
നിന്‍ നഖേന്ദുമരീചിയാല്‍ മാത്രം
വെണ്മ പൂശുന്നിതാ ലോകമെല്ലാം
നിന്‍റെ ഇച്ഛ നടക്കുവാന്‍ മാത്രം
ഹാ ചലിക്കുന്നു പുല്‍ക്കൊടി പോലും
നീ തണലായി നില്‍ക്കുമ്പൊളേതു
വെയിലിനുണ്ടു കാഠിന്യം തളര്‍ത്താന്‍
നീ തുണയായി നില്‍ക്കുമ്പൊളേതു
കാറ്റിനുണ്ടു ഗര്‍വ്വം ചുഴലാവാന്‍
കൂര്‍ത്ത മുള്ളു നിറഞ്ഞ വഴിയും
മൂര്‍ച്ചയുള്ള മനസ്സുകള്‍ ചുറ്റും
നീറിടുന്നൊരീ നെഞ്ചില്‍ അഴലിന്‍
പോറല്‍ വീഴ്ത്താന്‍ തുനിയുന്ന നേരം
നിന്‍റെ പേരിന്‍റെ ആദ്യാക്ഷരത്താല്‍
മാറിടുന്നു മധുരമായ് പക്ഷെ.
നിന്‍ സ്മൃതിയുടെ സാന്ദ്രസുഗന്ധം
വീശിടുന്നെന്റെ ഓര്‍മ്മകള്‍ തോറും
നീ തെളിക്കും വഴിയെ നടക്കാന്‍
നിന്‍ മൃദുല പദത്തില്‍ ലയിക്കാന്‍
എന്‍റെ കര്‍മ്മങ്ങളെല്ലാം ഭവാന്റെ
കാല്‍ക്കല്‍ പൂജാസുമങ്ങളായ് മാറാന്‍
നിന്‍റെ കര്‍ത്തൃത്വമേല്‍ക്കാന്‍ അതിന്നായ്
എന്‍റെ സര്‍വവും ഞാന്‍ സമര്‍പ്പിക്കാന്‍
നല്‍കണേ അതിന്നായി അനുജ്ഞ
നിന്‍റെ കയ്യിലെ യന്ത്രമായ് മാറാന്‍
നീ പ്രപഞ്ചത്തെയാകെ ഭരിക്കെ
എന്തു പേടിയീ ഞങ്ങള്‍ക്കു ദേവാ
സര്‍വം സുരക്ഷിതം!!
ReplyDelete