Thursday, August 7, 2014

ഗര്‍ജ്ജിക്കാന്‍ മറന്ന സിംഹങ്ങളോട്

9/18/12  ന് എഴുതിയ കവിത
-------------------------------------

വിശന്നു മരിച്ച സിംഹങ്ങള്‍
ഇര തേടാന്‍ മറന്നു പോയവയായിരുന്നെന്നു
പുതിയ കണ്ടു പിടിത്തം.
മാന്‍ കുഞ്ഞുങ്ങള്‍ വരി വരിയായി
മുന്നിലൂടെ നടന്നു പോകുമ്പോളും
സ്വസ്ഥം കിടന്നവകള്‍....

മറന്നതോ
മറ്റെന്തെങ്കിലും ആയിത്തീരാന്‍
സ്വയം അടങ്ങിയിരുന്നതോ എന്നത്
ഉത്തരം കിട്ടാത്ത ഒരു ചോദ്യം.
രണ്ടായാലും ഒടുവില്‍
മാനുകള്‍ കൂട്ടം കൂട്ടമായി വന്നു
അവറ്റങ്ങളെ
ചവിട്ടി മെതിച്ചു പോലും....

ദുര്‍ബലനെ കൊന്നു തിന്നുകയാണ്
ലോക നിയമം.
സിംഹം അടങ്ങിയിരിക്കരുത്,
ഇരകളോട്
അനുകമ്പ കാണിക്കരുത്,
അല്പം പോലും
ആര്‍ദ്രചിത്തന്‍ ആകരുത്.

വന്യമായ നിന്റെ അലര്‍ച്ചയിലത്രേ
നിന്റെ സൌന്ദര്യം..
ചോര വാര്‍ന്നു വീഴുന്ന
നിന്റെ പല്ലിടകളിലത്രേ
ഈ കാടിന്റെ കണ്ണൊക്കെയും
നിന്റെ രാജതുല്യമായ ചലനം
ലോകത്തെ വിമോഹിപ്പിക്കാറുണ്ട്....

വയ്യെങ്കിലും നീ പൊരുതിയേ തീരൂ,
സട കുടഞ്ഞു ദിഗന്തം വിറക്കുമാറ്
അലറിയേ തീരൂ,
ഇരയെ നിന്റെ ദംഷ്ട്രകളില്‍
കോര്‍ക്കാന്‍ നിനക്കായില്ലെങ്കിലും
അതിന്റെ പിന്‍ കഴുത്തില്‍ നിന്നും
ഒരു കഷണം മാംസം
കടിച്ചെടുത്തേ, നീ
അന്ത്യശ്വാസം വലിക്കാവൂ...

കാരണം
മരിക്കുമ്പോളും
സിംഹം
സിംഹമായി തന്നെ മരിക്കണം.

1 comment:

  1. ആനിമല്‍ പ്ലാനറ്റില്‍ ആണെന്ന് തോന്നുന്നു, ഒരിക്കല്‍ ഒരു കിഴവന്‍ സിംഹത്തെ കാണിച്ചു. സങ്കടം തോന്നുന്ന ഒരു കാഴ്ച

    ReplyDelete