Saturday, August 16, 2014

ഗുരുസ്മരണം..

നിറച്ചുള്ളില്‍ വെച്ചുള്ള സ്വാര്‍ത്ഥങ്ങള്‍, ദുഃഖം,
തുരുമ്പിച്ച ജീവപ്പിടച്ചില്‍, മയക്കും
ശരീരാഭിമാനപ്പെരുംപൊയ്, മറക്കാന്‍
സ്മരിപ്പൂ സദാ രാമകൃഷ്ണന്റെ രൂപം

വിപത്തുക്കളില്‍ പെട്ടുഴന്നെന്‍ മനസ്സില്‍
അപസ്മാര ബാധച്ചുഴല്‍ വീശിടുമ്പോള്‍
കൃപാവാരിധിക്കുള്ളില്‍ ആഴ്ന്നൊന്നെണീക്കാന്‍
ജപിപ്പൂ ഗദാധാരി തന്‍ പുണ്യ നാമം

വിമോഹത്തില്‍ നിന്നും മനോവാക്പ്രവൃത്തി
സമാനങ്ങളല്ലാതുദിക്കുന്ന നേരം,
അമിഥ്യാപഥത്തിന്‍ തിരിവെട്ടമേകാന്‍
നമിപ്പൂ ഗുരുദേവ പാദാംബുജങ്ങള്‍

ജയിക്കാതെയുള്ളം ജഗത്തെ ജയിച്ചും,
കുനിക്കാ ശിരസ്സില്‍ കിരീടം ധരിച്ചും
മനസ്സില്‍ കരഞ്ഞും, പുറമേ ചിരിച്ചും
മടുക്കുമ്പോള്‍ ഓര്‍ക്കുന്നു ഠാക്കൂറിന്‍ നാമം
'
പണത്തിന്നു, ഭാര്യക്ക്, മക്കള്‍ക്ക്‌ വേണ്ടി
അഹോരാത്രമില്ലാതെ കണ്ണീരു വീഴ്ത്തി-
ത്തളരുമ്പോള്‍, ഉള്ളില്‍ നിരാശ കനക്കേ
മനസ്സില്‍ തിളങ്ങുന്നു നിന്‍ മുഗ്ദ്ധഹാസം

നിലാവില്‍ മിഴിക്കുന്ന താരത്തിളക്കം,
ചിരാതിന്റെ നാളം ചിതറുന്ന വെട്ടം,
ഉദിക്കുന്ന ഭാനുപ്രകാശം, സമസ്തം
ലയിക്കുന്നു നിന്‍ സ്മേരമൊന്നില്‍ മഹേശാ

ധനം വേണ്ട മാനം, ലഭിക്കേണ്ട സൌഖ്യം,
നിലക്കട്ടെ കാപട്യ സ്നേഹാദരങ്ങള്‍,
അഖണ്ഡപ്രകാശത്തില്‍ നീരാടുവാനായ്
ലഭിക്കേണമേ ഭക്തി നിന്‍ കാലിലെന്നും....

* ഇന്ന് ഭഗവാന്‍ ലീലകള്‍ അവസാനിപ്പിച്ച്, തിരിച്ചു പോയ ദിവസം.

1 comment: