Tuesday, July 29, 2014

നഷ്ടമായ നീ...

നഷ്ടമായതാണ് നീ...

എനിക്കെന്നില്‍ നിന്നും
ഏതോ ശപ്തനിമിഷത്തിന്‍
നടുക്കത്തില്‍ നഷ്ടമായതാണ് നീ..

ഓടിപ്പാച്ചിലിനിടയില്‍
സമയത്തിന്‍ കയങ്ങളില്‍
നിലയറ്റു
ഞെട്ടടര്‍ന്നതാണ് നീ

അഹംബോധത്തിന്‍റെ
തമോഗഹ്വരങ്ങളില്‍
നിലവിളികളായ്
ആര്‍ത്തലച്ചതാണ് നീ

വെയില്‍ പുരട്ടിയ
എന്‍റെ പരുത്ത
കൈകളേറ്റു,
വിടരും മുന്‍പേ
കരിഞ്ഞുപോയതാണ് നീ

കെട്ടിയടച്ച
സ്നേഹത്തില്‍
പുറമേക്കുള്ള
വഴിയറിയാതെ
ചീഞ്ഞളിഞ്ഞതാണ് നീ

വെറുതെയീ കനല്‍
കുടിച്ചതാണ് നീ
വിയര്‍പ്പിനാല്‍
ഉയിര്‍ പിഴിഞ്ഞതാണ് നീ
വിട ചൊല്ലാന്‍ മറന്ന
പകല്‍ക്കിനാവാണ് നീ

എന്‍റെ ആത്മപിണ്ഡസമര്‍പ്പണത്തിനിടയില്‍
തിലോദകത്തിനിടയില്‍
കൈവിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുവീണതാണ് നീ

ഞാന്‍ മറന്ന ഞാനാണ് നീ...

1 comment:

  1. തീരാത്ത നഷ്ടങ്ങള്‍

    ReplyDelete