Tuesday, July 22, 2014

മരീചിക...

നീയുണ്ട്,
ഉണ്ടെന്ന് ഞാന്‍ നന്നായ് കാണുണ്ട്
ദാഹത്താല്‍ തൊണ്ട വരളുന്നുണ്ട്

നീയുണ്ട്,
നീര്‍ച്ചോലക്കുളിരും കിനാവുണ്ട്
കിളികള്‍ ശബ്ദങ്ങള്‍ ശ്രവിപ്പതുണ്ട്

നീയുണ്ട്,
കുരല്‍ പൊട്ടി ദാഹം വലക്കുമ്പോള്‍
അകലെ പ്രതീക്ഷയായ് കാണ്മതുണ്ട്

നീയുണ്ട്,
നിന്നിലെ തെളിനീരാല്‍ നെഞ്ചകം
കുളിരുന്നനേകങ്ങള്‍ മുന്നിലുണ്ട്

ആവി പാറും മണല്‍ക്കൂനക്കുമപ്പുറം,
ആര്‍ത്തിരമ്പും പൊടിക്കാറ്റിന്നുമപ്പുറം,
ആകെ തളര്‍ത്തും നിരാശക്കുമപ്പുറം,
ആധി കൊള്ളുന്ന മനസ്സിന്നുമപ്പുറം,
നീയുണ്ട്, നിന്നിലെ തളിരുണ്ട്, തണലുണ്ട്,
തല തുവര്‍ത്തും ഈന്തപ്പനകളുണ്ട്

കുഴയുന്ന കാലില്‍, ഉഴറും മനസ്സിലൊരു
നറുതിരി വെട്ടമായ് അകലെയുണ്ട്,
കൊടിയതാം ഏകാന്ത പഥമിതില്‍
ശീതളച്ഛവിയായി ദൂരെ ചിരിപ്പതുണ്ട്,
നീയുണ്ട്, നട കൊള്ളുവാന്‍ ഒരു ലക്ഷ്യമായ്,
തണുവായി നിന്‍റെ പൂഞ്ചോലയുണ്ട്.......

കിതകൊണ്ടു ഞാന്‍ വന്ന വഴി പിന്നിലുണ്ട്, ഞാന്‍
കൊതിയോടെ കണ്ടൊരു സ്വപ്നമുണ്ട്,
മുകളില്‍ ആതങ്കത്തിന്‍ കനല്‍ വീശിടുന്നൊരു
കുപിതസൌരോര്‍ജ്ജപ്രവാഹമുണ്ട്,
ഇവിടെ ഞാനുണ്ടെന്‍ കിനാവുണ്ട്, പൂവുണ്ട്
നീ മാത്രം നീ മാത്രമില്ല.....

1 comment: