Saturday, July 19, 2014

മരപ്രഭു...

"ഈ വഴി നേരെ പോയാല്‍ മതി. ഒരാഞ്ഞിലി മരം കാണാം.. അവിടുന്ന്‍ നേരെ വടക്കോട്ട്‌ കേറിയാല്‍ കാണണ പെര"
ഞാന്‍ ഉള്ളില്‍ ഒന്നൂറി ചിരിച്ചു..
"ഇതീ നാടിന്‍റെയാ.. ഒന്നും മാറിയിട്ടില്ല"
നന്ദി പറഞ്ഞ് ഞാന്‍ നേരെ നടന്നു.
----------------------------------------------------------
"ഇന്നേതാ മരം" ഞാന്‍ ചോദിച്ചു.
"ഓ..ഇന്ന്, ഇന്ന് നാഗലിംഗത്തിന്‍റെ മരത്തിനെ കുറിച്ചാവട്ടെ...കാലടി അദ്വൈതാശ്രമത്തില്‍ പോയിരുന്ന കാലത്താണ് ഇതിന്‍റെ ഭംഗി ഞാന്‍ അറിയുന്നത്. മനോഹരമായ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ആ മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ വേറെ ഒന്നും വേണ്ട മനസ്സ് ധ്യാനാത്മകമാവാന്‍." അവന്‍ ഒന്ന് നടുനീര്‍ത്തി.
ഹോസ്റ്റലില്‍ ഒഴിവു സമയങ്ങളിലെ സംസാരിത്തിനിടയിലാണ് ഒരിക്കല്‍ അവന്‍ ഏതോ ഒരു ചെടിയെ കുറിച്ച് പറഞ്ഞത്. അത് കണ്ടിട്ടില്ല എന്ന് പറഞ്ഞ എന്നെ ഏതോ അന്യഗ്രഹജീവിയെ എന്ന മട്ടില്‍ അവന്‍ നോക്കി.
"ശരിക്കും നീയിത് കണ്ടിട്ടേയില്ല?"
"ഇല്ല... ചിലപ്പോള്‍ ഉണ്ടാവാം...അതിന്‍റെ ഊരും പേരും ഒന്നും ചോദിച്ചു നോക്കിയിട്ടില്ല."ഞാന്‍ പറഞ്ഞു.
"നിനക്കറിയില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ..."
"ആ..എനിക്കറിയില്ല. ലോകത്തിലുള്ള എല്ലാ മരവും ചെടിയും അറിയണം എന്ന് നിര്‍ബന്ധം ഒന്നുമില്ലല്ലോ?? ഉണ്ടോ?"
"ഓ..ഇല്ല. പക്ഷെ ഓരോ മരവും ഓരോ ചെടിയും എനിക്ക് ഒരു ഓര്‍മ്മയാണ്. എന്‍റെ ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളുടെയും അതിരു കാക്കുന്ന മണങ്ങളും,രുചികളും ആണ്"
"ശരി മരപ്രഭോ....." ഞാന്‍ കളിയാക്കി.
അവിടെ നിന്നാണ് അവന്‍റെ ജീവിതവും മരങ്ങളും എന്നില്‍ ഇതള്‍ വിടര്‍ത്താന്‍ തുടങ്ങിയത്...
---------------------------------------------------------
"അശോകിന്‍റെ വീട്..." ചാണകം മെഴുകിയ മുറ്റത്ത് നില്‍ക്കുന്ന സ്ത്രീയോട് ഞാന്‍ ചോദിച്ചു.
"ഇതെന്നെ.. വിമല്‍ അല്ലേ? കുട്ടന്‍റെ കൂട്ടുകാരന്‍. അകത്തേക്കിരിക്കാം. അവന്‍ ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു ഒരുപക്ഷെ വരുന്നുണ്ടാകും എന്ന്..."
"അതെ. ഇതു വരെ വരാന്‍ സാധിച്ചിട്ടില്ല. ഇത്തവണ ഒഴിവാക്കാന്‍ വയ്യ എന്ന് കരുതി."
"എന്നാ ഇരിക്കൂ.. കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.."

സംഭാരം കുടിച്ച് വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അമ്മ പറഞ്ഞു
"എല്ലാം വിശദമായി പറഞ്ഞു തരണം എന്ന് ഏല്‍പ്പിച്ചിട്ടുണ്ട് കുട്ടന്‍"
"എല്ലാം അവന്‍ വരച്ചിട്ട് തന്നിട്ടുണ്ട്. ഇനി കാണുകയേ വേണ്ടൂ" ഞാന്‍ ചിരിച്ചു.
--------------------------------------------------------
അവന്‍റെ ജീവിതവും മരങ്ങളും തമ്മില്‍ ഉള്ള ഇഴപിരിക്കാന്‍ ആവാത്ത ബന്ധം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.

യക്ഷിക്കഥകള്‍ പൂത്തിറങ്ങിയ പാലപ്പൂവിന്റെ മണം മുത്തശ്ശിയുടെ ഓര്‍മ്മയാണ്. ആ മടിയില്‍ കിടന്ന് കേട്ടുറങ്ങിയ കഥകള്‍.... അതോടൊപ്പം കാച്ചിയ വെളിച്ചെണ്ണയുടെയും, തുളസിക്കതിരിന്റെയും മണം കൂടിക്കലര്‍ന്നാണ്‌ അവന്‍റെ ബോധത്തില്‍ ആ കാലങ്ങള്‍ വരച്ചിട്ടിരിക്കുന്നത്.

ബാല്യകുതൂഹലങ്ങള്‍ വിടര്‍ന്ന കണ്ണുമായി പൂക്കളത്തിന് വേണ്ടി പാടത്തും പറമ്പിലും ഓടി നടന്നു പറിച്ചെടുത്ത മുക്കുറ്റിയും, മത്തപ്പൂവും, തുമ്പയും, ചെമ്പരുത്തിയും.....
തന്നത്താന്‍ മറന്നു, പ്രകൃതിയുമായി ഇണങ്ങി, താനും, മണ്ണും, പൂവും ഒന്നാകുന്ന ഓണക്കാലങ്ങള്‍...

സ്കൂളില്‍ ഇലമംഗലത്തിന്‍റെ ഇലയുടെ വ്യാപാരം നടത്തി സ്ലേറ്റ്‌ പെന്‍സിലും മഷിത്തണ്ടും വാരിക്കൂട്ടിയ കൂട്ടുകാരി മധുരമായ ഒരോര്‍മ്മയായിരുന്നു. അന്ന് പകരം കൊടുത്ത ഉണ്ണിയപ്പവും, മഷിത്തണ്ടുകളും ഒക്കെ, കടലാസ്സിന്റെ നോട്ടുകള്‍ക്കും അപ്പുറം വളര്‍ന്ന സൌഹൃദങ്ങളുടെ കഥയാണ്‌

ആദ്യത്തെ ബീഡി ഒളിച്ചിരുന്നു വലിച്ച പറങ്കിമാവിന്‍റെ തോട്ടം, കുരുത്തക്കേടുകളുടെ കഥകള്‍ വിളമ്പി തന്നു.

വീട്ടിലെ കല്യാണി എന്ന പൂച്ചയെ കുഴിച്ചിട്ട അത്തിമരച്ചുവട്, ലക്ഷ്മിപ്പശുവിനെ തീറ്റിക്കാന്‍ കൊണ്ടുപോയിരുന്ന താഴേപ്പാടം, കുരങ്ങന്മാര്‍ വിഹരിച്ചിരുന്ന വാഴത്തോപ്പ്, ഇതെല്ലാം അവനില്‍ അറിയാതെ ഒരു എകാത്മഭാവം വളര്‍ത്തിയിരുന്നു.

ആദ്യത്തെ പ്രണയത്തിനു സാക്ഷ്യം വഹിച്ച കരിമ്പനകള്‍. ഒടുവില്‍ കഥാന്ത്യം കണ്ണുനീര്‍ തുളുമ്പാതെ ഓടി വന്നപ്പോള്‍, ഒന്നാശ്വസിപ്പിക്കാന്‍ മൂകമായി അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സൊറ പറഞ്ഞിരുന്ന ആലിന്‍ചോട് ഒന്നിനുമല്ലാത്ത ഒട്ടേറെ സൌഹൃദങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു.

അവന്‍റെ കഥകളില്‍ അറിഞ്ഞും അറിയാതെയും മരങ്ങള്‍ ഒരു കഥാപാത്രം ആയിരുന്നു. അതൊന്നും അറിയില്ല എന്ന് പറഞ്ഞ എന്നെ കണ്ട് അവന്‍ അത്ഭുതപ്പെട്ടില്ലെങ്കിലല്ലേ ആശ്ചര്യമുള്ളൂ?

ഓരോ മരം കാണുമ്പോഴും മുന്‍പ് അനവധി തവണ കണ്ട് പരിചയിച്ച സുഹൃത്തുക്കളെ പോലെ അവയോരോന്നും തോന്നിച്ചു. ഓരോ കഥയും തിരിനീട്ടി.
----------------------------------------------------
"നിന്‍റെ ജീവിതത്തില്‍ ഇങ്ങിനെ കഥകളും അതില്‍ മരങ്ങളും ഒന്നുമില്ലേ?" ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു.
"എല്ലാവരിലും ഈ കഥകളും മരങ്ങളും പൂക്കളും ഒക്കെ ഉണ്ട്.... നാം കാണുന്നത് അതിനെയാണോ, മറ്റെന്തെങ്കിലുമോ എന്നതാണ് വ്യത്യാസം."
"അത് ശരിയാ...."
"എന്‍റെ കഥകളില്‍ ഈ മരച്ചുവടും പൂവും ഒക്കെ ഉണ്ട്, പക്ഷെ, അതൊക്കെ സിനിമയില്‍ നാം കാണുന്ന എക്സ്ട്രാസിനെ പോലെ ഒരിക്കലും എന്‍റെ മനസ്സില്‍ പതിഞ്ഞു നില്‍ക്കാറില്ല..."
"നായകനാണ് എല്ലായ്പ്പോഴും പ്രാധാന്യം അല്ലെ?"
"അതെ... എനിക്ക് തന്നെ. ലോകം എനിക്ക് ചുറ്റും കറങ്ങുന്നു... അതില്‍ എനിക്ക് തണല്‍ വിരിക്കുന്ന മരവും, മണം ചുരത്തുന്ന പൂവും, കുളിര്‍ ഒഴുക്കുന്ന കാറ്റും എല്ലാം ഫോക്കസ് ലഭിക്കാത്ത വെറും നര്‍ത്തകിമാര്‍..." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
"എന്നാല്‍ നീ വരും, ഈ അപ്സര സുന്ദരിമാരെ തേടി..." അവന്‍ കണ്ണടച്ച് പറഞ്ഞു.

ഇന്നിതാ, അത് സത്യമായിരിക്കുന്നു...
--------------------------------------------------
"ഞാന്‍ ഒരു മാസത്തിനുള്ളില്‍ വരാം. അന്ന് എന്‍റെ കൂടെ വേറെ ചിലരും ഉണ്ടാകും."
"ഇത് മോന്‍റെ ചാനലില്‍ തന്നെ അല്ലെ വരിക? ഞാന്‍ കാണാറുണ്ട് ട്ടോ പരിപാടികള്‍."
ഞാന്‍ ഒന്ന് ചിരിച്ചു.
-------------------------------------------------
"കായാമ്പൂവും, താഴംപൂവും അത്തിയും അരയാലും എല്ലാം നമ്മുടെ നാവുകളില്‍ ഗാനശകലങ്ങളായി അനേക വര്‍ഷങ്ങളായി തത്തിക്കളിക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഒരിക്കല്‍ പോലും നേരിട്ട് കാണാത്തവരോ കണ്ടാല്‍ തന്നെ തിരിച്ചറിയാന്‍ കഴിയാത്തവരോ ആണ് നമ്മില്‍ ഭൂരിഭാഗവും. ജീവിതത്തിലെ ഏത് നിമിഷത്തിലും, താന്‍ മാത്രമാണ് കാണപ്പെടേണ്ടതും അറിയപ്പെടേണ്ടതും ആയ ഒരേ ഒരു വസ്തു എന്ന നമ്മുടെ ഔദ്ധത്യം തന്നെ ആണ്, നമ്മുടെ ജീവിതത്തെ ദിനവുമെന്നോണം തൊട്ടു തലോടുന്ന, ഈ സസ്യജാലത്തെക്കുറിച്ച് നമ്മില്‍ ഇത്രത്തോളം അജ്ഞത ഉളവാക്കുന്നത്....
ഈ ആഴ്ചയിലെ ഇന്‍ ഫോക്കസ്, കേരളത്തിലെ സസ്യവൈവിധ്യത്തെ കുറിച്ചാണ്...."
ടി.വി. അവതാരകന്‍ വിമല്‍ പറഞ്ഞു നിറുത്തി.
അകലെ കള്ളിച്ചെടികള്‍ പൂക്കുന്ന മരുഭൂമിയില്‍ ഒരു നീര്‍മാതളസുഗന്ധം പോലെ മരപ്രഭുവിന്റെ പുഞ്ചിരി വിടര്‍ന്നു......

1 comment:

  1. മരപ്രഭുവിന്റെ കഥ അല്പം ഒന്ന് സ്വയവിശകലനത്തിനിടയാക്കി!

    ReplyDelete