Thursday, June 5, 2014

ഉറക്കത്തിനുള്ള ഒരുക്കം

കാറ്റു വന്നു കരഞ്ഞു പറഞ്ഞു ഞാന്‍
കാവല്‍ നില്‍ക്കുന്ന കായല്‍ മറഞ്ഞു പോയ്‌

കൂടു വിട്ടൊരു പക്ഷി പാടുന്നെന്റെ
കാടു വെട്ടിത്തെളിക്കുന്നു രാക്ഷസര്‍

നീര്‍ത്തടങ്ങള്‍ വരണ്ടതറിയാതെ
നേര്‍ച്ചയുമായി വന്നിതാ കൊറ്റികള്‍

അര്‍ബുദം പിടിപെട്ട നിളാനദി
ഓര്‍ത്തിരുന്നൂ പഴയ കാലങ്ങളെ

വിണ്ട മണ്ണിന്നടിയില്‍ തേങ്ങുന്നതു
മണ്ണിരയോ വരണ്ട സ്വപ്നങ്ങളോ

പാട്ടു നിര്‍ത്തി മറഞ്ഞൂ കുരുവികള്‍
കൂട്ടു വെട്ടിക്കഴിഞ്ഞു മേഘങ്ങളും

പൂര്‍ത്തിയാക്കാത്ത ജീവനകാവ്യത്തിന്‍
പാതികീറിയ താളുമായ് നില്‍ക്കയാം
പുത്രദുഃഖം കനക്കും മനസ്സുമായ്
ഭൂമി, സര്‍വംസഹ, പ്രകൃതീശ്വരി

മുന്നിലെല്ലാം ദഹിച്ചൊടുങ്ങുമ്പൊഴും
കണ്ണടച്ചുറക്കം നടിക്കുന്നു നാം
സാരമില്ല നമുക്കുറങ്ങീടുവാന്‍
ആറടിയില്‍ കവിഞ്ഞു വേണ്ടല്ലയോ?

2 comments:

  1. നല്ല കവിത.

    ഇനി ഞാന്‍ കവിയ്ക്ക് വേറൊരു കവിയെ പരിചയപ്പെടുത്തട്ടെ!

    http://shajitks.blogspot.com/2014/06/blog-post.html

    ReplyDelete
  2. നന്ദി... കണ്ടു. നന്നായിട്ടുണ്ട്...

    ReplyDelete