Monday, May 26, 2014

മോഡിഭാരതം...

മോഡി വന്നിതു,  മോദമോടിഹ പാടിടുന്നു മഹാജനം
കാടുകേറിയിതേവരെ വിടുവായില്‍ ദൂഷണമോതിയോര്‍
നാടിനുറ്റൊരു നായകന്‍, പടുവാം ഇവന്‍ ഭരണത്തിനാല്‍
പേടിമാറ്റി, വികാസം ഭാരതനാഡിയില്‍ പ്രവഹിക്കണേ

മാഡമേകിയ വീക്കുകള്‍ ഉരിയാടിടാതെ സഹിച്ചവര്‍,
പാടുപെട്ടു വയര്‍ നിറച്ചവര്‍, വീടു ചോര്‍ന്നു നനഞ്ഞവര്‍,
കേടു വന്ന മരങ്ങള്‍ നാം കടയോടുടന്‍ കളയുന്നപോല്‍
ഈ കുടുംബ വിലാസമിന്നടിയോടവര്‍ പിഴുതില്ലയോ

വീടുകള്‍, നഗരങ്ങള്‍ ഇന്ത്യയില്‍ നാടുകള്‍ പലതൊക്കെയും
ആടിടും മത-ജാതി തന്‍ പിടിവിട്ടു ഏകത തേടിയീ
താടി വെച്ച നരേന്ദ്രനില്‍ അഭയം തിരഞ്ഞു വരുന്ന നാള്‍
വേദിയായ് പുരുഷത്വഗര്‍ജ്ജനമീ ധരിത്രി ശ്രവിക്കുവാന്‍


ചാടുവാക്കുകളില്ല, ധീരത പാടിടും മധുരസ്വരം
ഊടുപാതകളില്ല, നേര്‍വഴി തേടിടും നവഭാരതം
ജാഡയില്ല, കരള്‍ തുറന്നിടുമീ മുഹൂര്‍ത്തമിതിങ്കലി-
ന്നോടിമാറുക പാടുവാനരുതാത്ത ഭൂതവിപത്തുകള്‍

നേടിടാന്‍ പലനാളു നാം കനവില്‍ തിരഞ്ഞൊരു വൈഭവം
ഓടുവാന്‍ കുതികൊണ്ടു നാം പുതുശക്തിയായിയുയിര്‍ക്കുവാന്‍
മോഡി തന്‍ ഭരണത്തിനാലെ സമൃദ്ധഭാരതമാകുവാന്‍
നീ ദയാപര കാക്കണേ മമ ദേശഭക്തിയഹര്‍ന്നിശം

1 comment:

  1. നന്നായാല്‍ നന്നായി, ഭാരതം വളരട്ടെ

    ReplyDelete