Saturday, May 24, 2014

അച്ഛന്‍റെ കത്ത്...

സാന്ധ്യ നക്ഷത്രമേ
നീയെന്‍റെ ഓമലെ
കാണുവാന്‍ പോയി
വരികയോ ചൊല്ലുക

കണ്ണു ചിമ്മിക്കൊണ്ട്
നിന്നോടു മൌനമായ്
ഇന്നവനെന്റെ
വിശേഷം തിരക്കിയോ

കൈകൾ കുടഞ്ഞു ഞാൻ
കാണുവാൻ ചെല്ലാത്ത
കാരണത്താൽ പ്രതി-
ഷേധം മുഴക്കിയോ

അച്ഛൻ വരാത്തതിൽ
നീരസം പൂണ്ടവൻ
ഉച്ചത്തിലെന്തു
കരഞ്ഞുവോ ഇന്നലെ

അമ്മിഞ്ഞപ്പാലു
നുകരവേ പുഞ്ചിരി
എന്തു നിൻ പക്കല്‍
കൊടുത്തയച്ചില്ലയോ

പാല്‍മണക്കുന്ന
ചെറു ചുണ്ടിനാലവന്‍
അച്ഛനു സമ്മാനമായ്
മുത്തമേകിയോ

സായാഹ്ന താരകേ
നാളെ നീ ചെല്ലുമ്പോൾ
നീയൊന്നവനോടിതു
പറഞ്ഞീടുക

"നിന്നെയെടുക്കുവാന്‍
വെമ്പുന്നു മാനസം
നിന്നെ നിനക്കെ
കുളിരുന്നുവെങ്കിലും

നിൻ ചിരി കാണാ-
തിരിക്കുമീ നാളുകൾ
കണ്ണേ! മരിപ്പതിന്‍
തുല്യമാണച്ഛന്"

മാനത്തു ചന്ദ്രനു-
ദിച്ചെങ്കിലും ഞാനൊ-
രല്‍പം ക്ഷമിപ്പൂ
നിലാവില്‍ കുളിക്കുവാന്‍

1 comment: