Sunday, May 11, 2014

യാത്ര

ഇനിയെന്‍റെ പുലരികളെ,
സന്ധ്യകളെ, രാത്രികളെ,
ശിശിരം പൊതിഞ്ഞ കുളിര്‍
നിലവിന്‍റെ ചില്ലകളെ,

വെയിലില്‍ കരിഞ്ഞൊരെന്‍
വിശ്വാസ നാമ്പുകളെ,
ഉയിരിൽ പുതഞ്ഞ ചെറു
ചിരി തന്റെ രേഖകളെ,

വിറകൊണ്ട ജീവനിൽ
ഉറയുന്ന വാക്കുകളെ,
മുറുകെ പുണർന്നെന്നി
ലേറും നിൻ വള്ളികളെ,

നിറുകയിൽ ഉമ്മ ത-
ന്നകലും ഹിമാംശുകളെ,
വിരലിൽ പിടിച്ചെന്നെ
വഴി നടത്തുന്നവരെ,

ചിതറിയ പുരാവൃത്ത-
മൊഴുകുമീ തോടുകളെ
മധുരമെൻ ചേതന തൻ
ഹിന്ദോള ശീലുകളെ

ഹരിനാമ മന്ത്രങ്ങൾ
ഉരുവിടും ചിന്തകളെ
വിരലുണ്ടു ചിരിതൂകി
നിൽക്കുമെൻ ബാല്യത്തെ

ഇനി മറക്കട്ടെ, പൂ
വിളി പൊന്തും ഓണത്തെ
കണിയിൽ മിഴിക്കുമെൻ
മേടപ്പുലരികളെ

ധനുവിൽ കുളിരുന്നൊ-
രാതിര രാത്രികളെ
ഇടയുമ്പോൾ അഴകായി
വിടരുന്ന താളത്തെ

പുഴവക്കിൽ നാം കണ്ട
മധുരക്കിനാവുകളെ
മിഴി കോർത്തു നാം നിന്ന
നടവഴിപ്പാതകളെ

വിറയാർന്ന ചുണ്ടിൽ  ഞാൻ
ഏകിയ മുത്തത്തെ
നിറമാർന്നു മിഴിയിൽ
പൊഴിഞ്ഞ കണ്ണീർമഴയെ

ഇനി പിന്നിലിട്ടു
പോയീടട്ടെ, ജീവിതം
ഇതുവരെ പോകാത്ത
പാതകൾ തേടി ഞാൻ

ഇനിയെന്റെ അവസാന
വാക്കുരക്കട്ടെ ഞാൻ
ഇനി ഭൂതകാലത്തിൻ
ബലിയിട്ടിടട്ടെ ഞാൻ

തിരികെ വരാനുള്ള
വഴി മറക്കട്ടെ ഞാൻ!!!!

No comments:

Post a Comment