Monday, May 12, 2014

പുതിയ ആകാശം പുതിയ ഭൂമി

ശപിക്കപ്പെട്ട നിമിഷങ്ങളാൽ തീർത്ത
ഒരു പുരുഷായുസ്സിന്റെ
ഒടുവിലത്തെ
മൈൽക്കുറ്റിയും ഞാൻ
താണ്ടിയിരിക്കുന്നു.

കരിമ്പാലകൾക്ക് താഴെ
കുഴിച്ചിട്ട മുത്തശ്ശിക്കഥകളിലെ
നിധി തേടി
ഇനി അലയേണ്ടതില്ല

അപമാനത്തിന്റെ
വിഴുപ്പുകൾ ഇനി
നല്ലനടപ്പിനാൽ
വെളുപ്പിച്ചെടുക്കേണ്ടതില്ല

പറന്നുപോയ
വിശ്വാസശലഭങ്ങൾക്ക് വേണ്ടി
പിന്നാലെ ഓടേണ്ടതില്ല

പഴകി ദ്രവിച്ച സ്നേഹത്തിന്റെ
ശിലാഫലകങ്ങളിൽ
ഇനി വർഷാവർഷം
പൂമാല ചാർത്തി
തൊഴുതു നിൽക്കേണ്ടതില്ല

വെറുപ്പും സ്നേഹവും
ഒരുപോലെ തീണ്ടാത്ത
നിർമമത്വത്തിന്റെ
ആകാശം
നിസ്സംഗതയുടെ
ഭൂമി
അതാ എന്റെ കാഴ്ച്ചവട്ടത്തിൽ...

No comments:

Post a Comment