മറ്റു മേഖലകളില്‍ എന്നത് പോലെ ഐ.ടി. മേഖലയിലും ശമ്പളം പ്രൊമോഷന്‍ ഇതൊക്കെ വളരെയധികം പ്രതീക്ഷകളോടെ ആണ് തൊഴിലാളികള്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ പതിവ് പോലെ ഇതൊരു പ്രഹസനം ആകാറും ആണ് പതിവ്..
അങ്ങിനെ ഒരു അവസ്ഥയില്‍ എഴുതിയ കവിത . ദിവസം - 06/11/2010
-------------------------------------------------------------
വന്നു കത്തു ഹാ! വീണ്ടും നിരാശ തന്‍
വന്യസംഘോഷണത്തോടെ ഇന്നലെ
കുന്നുപോലെ വളര്‍ത്തിയ സ്വപ്‌നങ്ങള്‍
ഒന്നടങ്കം തകര്‍ത്തു കൊണ്ടിന്നലെ
"എന്തു ചെയ്യുവാന്‍? എല്ലാം വിധി!" എന്നു
ചിന്തയില്‍ ഉറപ്പിച്ചു നിര്‍ത്തീടുവാന്‍
സ്വന്തമായി സമാശ്വസിച്ചീടുവാന്‍
ഹന്ത സാധിച്ചതില്ല ഇതു വരെ
ആരെ ഞാന്‍ പഴി ചാരണം ഇങ്ങു മണ്‍-
ചാരി നിന്നവര്‍ പോലും പറന്നിടെ
നൂറു സ്വപ്‌നങ്ങള്‍ എകിയോരൊക്കെയും
ദൂരെയാര്‍ക്കോ വിടുപണി ചെയ്യവേ
ജീവിതം-ഈ നിരന്തമാം ജീവിതം-
ഈ വിധം പോയിടേണമെന്നോ വിധി
നീലവാനം ഒരിക്കലും കണ്ടിടാ-
തീയിരുള്‍ മുറിക്കുള്ളിലെന്നോ ഗതി
നാറിടുമീ ശവപ്പറമ്പില്‍ നിന്നും
ഏറെ ദൂരെയല്ലെന്‍ സ്വപ്ന ജീവനം
നീറിടാതെ പിടയാതെ നെഞ്ചകം
നേരിടേണമീ കാറ്റിന്‍റെ സാഹസം
ഉള്ളതെല്ലാം അവിടുന്നു തന്നതെ-
ന്നുള്ളുകൊണ്ടു നിനച്ചിഹ വാഴണം
തെല്ലുമേ മുഷിയാതെ നിന്‍ താരകം
ഉള്ളിലെന്നും മുഴങ്ങുമാറാകണം
No comments:
Post a Comment