Tuesday, April 22, 2014

പടച്ചോനും ശൈത്താനും...

10/25/10 നു എഴുതിയ കഥ...
--------------------------------------------------------
തീവണ്ടിപ്പാളത്തില്‍ തല ചേര്‍ത്തു വെച്ചു കിടക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.

ആരെങ്കിലും കണ്ടാല്‍? മദ്രസ്സയിലെ ആരെങ്കിലും ഇതുവഴി വന്നാല്‍?
ആമിനയ്ക്ക് അത് ഓര്‍ക്കാവുന്നതിലും അപ്പുറമായിരുന്നു..
-----------------------------
"ജ്ജ് ബെറുന്നനെ പറയാണ്..കള്ള ഹിമാറെ.ആകാശത്തില് ഇടി ബെട്ടുമ്പോ എങ്ങന്യാടാ പാളത്തുമ്പല് ഒച്ച ബെരണേ?" ആമിനയ്ക്ക് മൊയ്തീന്‍ പറഞ്ഞതൊന്നും വിശ്വാസമായില്ല.

"ന്നാ ജ്ജ് പോയി നോക്ക്യാളാ.ന്നോട് മ്മടെ കള്ളുടിയന്‍ മമ്മദ് പറഞ്ഞദാ"
മമ്മദാണ് മൊയ്തീനോട് പറഞ്ഞത്, ആകാശത്തില്‍ ഇടി വെട്ടുമ്പോള്‍ പാളത്തില്‍ ചെവി ഓര്‍ത്തു കിടന്നാല്‍ പടച്ചോനും ശൈത്താനും തമ്മിലുള്ള സംഭാഷണം കേള്‍ക്കാമെന്ന്. വേറെ ആരോടും പറയരുതെന്നും അയാള്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

പക്ഷെ മൊയ്തീന് ആമിനയോട്‌ മാത്രം ഒന്നും മറയ്ക്കാന്‍ സാധിക്കുകയില്ല. ഒരുമിച്ചാണ് അവര്‍ മദ്രസ്സയിലേക്ക് പോകുന്നതും വരുന്നതും.

കൈതപ്പൊന്തകള്‍ അതിരു കാക്കുന്ന ഇടവഴി താണ്ടി ആമിന മൊയ്തീന്‍റെ വീട്ടിനു മുന്നിലെത്തും.. "മൊയ്തീനേ... ടാ......... ബെക്കം ബായോ" അവള്‍ ഉറക്കെ വിളിച്ചു കൂവും. തലയിലെ തൊപ്പി ഒന്നുകൂടി ഇറക്കി വെച്ച്, കണ്ണാടിയില്‍ ഒന്നുകൂടി ഏന്തി വലിഞ്ഞു നോക്കി, കൈയില്‍ സ്ലേറ്റും പുസ്തകവുമായി മൊയ്തീന്‍ ഇറങ്ങുമ്പോഴേക്കും ആമിനയുടെ കുഞ്ഞു മുഖം ദേഷ്യം കൊണ്ട് ചുവന്നു വീര്‍ത്തിരിക്കും.

"നേരത്തിനെറങ്ങ്യാ ന്താടാ ചെക്കാ നെനക്ക്?" അധികാരഭാവത്തിലായിരിക്കും അവളുടെ ചോദ്യം. മൊയ്തീന്‍ ഒന്നും മിണ്ടാറില്ല. എന്നാല്‍ ചില ദിവസം ദേഷ്യം വന്നാല്‍ അവന്‍ അങ്ങോട്ടും തട്ടിക്കയറും.

"കാക്കാന്‍ ബയ്യങ്കി ജ്ജ് പൊയ്ക്കോടീ. അനക്കെന്താ തന്നെ പൂവാന്‍ കയ്യൂലേ?" പക്ഷെ അത് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോഴേക്കും വഴിവക്കില്‍ നിന്ന് ആമിന കരയുന്ന കാഴ്ചയായിരിക്കും കാണുക. പിന്നെ മൊയ്തീന്‍ തന്നെ വേണം അവളുടെ കണ്ണുനീരൊപ്പി സമാധാനിപ്പിക്കാന്‍. തട്ടന്‍ വലിച്ചിട്ട്, മൂക്ക് തുടച്ചുകൊണ്ട് അവള്‍ പറയും "ന്നാ ബാ..."

പിന്നെ രണ്ടുപേരും കൂടി ഓട്ടമാണ്. പാടം കടക്കുമ്പോള്‍ ഓരോ തോടും മൊയ്തീന്‍ ഒറ്റ ചാട്ടത്തിനു കടക്കും. പാവാട തെറുത്തു കേറ്റിപ്പിടിച്ചു പരുങ്ങി നില്‍ക്കുന്ന ആമിനയെ എന്നിട്ട് അവന്‍ കൈ പിടിച്ചു കടത്തും. ഇടക്ക് കുണ്ടന്‍ കുളത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന തെച്ചിപ്പൂവും അവന്‍ പറിച്ചു കൊടുക്കാറുണ്ട്. അതിനു പകരമായി ആമിന ഉങ്ങുന്തറയിലെ പീടികയില്‍ നിന്നും മിഠായി വാങ്ങിക്കൊടുക്കും.

അങ്ങിനെ കളിച്ചും ചിരിച്ചും,അണ്ണാറക്കണ്ണന്മാരോട് കൊഞ്ചിയും, തട്ടനും തൊപ്പിയും പരസ്പരം മാറ്റിക്കളിച്ചും മദ്രസയിലെത്തുമ്പോഴേക്ക് നേരം ഒരുപാടായിരിക്കും. പിന്നെ തിരിച്ചു പോകുന്നത് വരെ മിണ്ടാന്‍ കൂടി പറ്റില്ല.  അങ്ങിനെയിരിക്കെ ഒരു ദിവസം ഉച്ചക്കാണ് മൊയ്തീന്‍ ആ രഹസ്യം അവളോട്‌ പറയുന്നത്.

അവളുടെ പ്രതികരണം കണ്ടു മൊയ്തീന്‍റെ മുഖം വാടി. അവള്‍ അത്ഭുതത്തോടെ ആ വിടര്‍ന്ന മിഴി ചിമ്മാതെ തന്‍റെ നേര്‍ക്ക് നോക്കുമെന്നും, തന്‍റെ വര്‍ണ്ണന കാതുകൂര്‍പ്പിച്ചു കേള്‍ക്കുമെന്നും അവന്‍ കരുതി. എങ്കില്‍ അവളോടൊപ്പം അത് പരീക്ഷിക്കാന്‍ പോകാം എന്നും അവന്‍ വിചാരിച്ചു. പക്ഷെ ആമിന പ്രതികരിച്ചത് വളരെ ക്രൂരമായിട്ടാണെന്ന് അവനു തോന്നി. താന്‍ നുണ പറയുകയാണെന്നവള്‍ പറഞ്ഞുകളഞ്ഞു. മൊയ്തീനു കരച്ചില്‍ വന്നു. ഒന്നും മിണ്ടാതെ അവന്‍ തിരിഞ്ഞു നടന്നു.
--------------------------------------------------------------------------
വൈകീട്ട് മഴക്കോള് കണ്ടപ്പോള്‍ തന്നെ മൊയ്തീന്‍ കുട നിവര്‍ത്തി. വേണ്ട.. ഇന്ന്‍ ആമിനയെ കൂട്ടണ്ട. തനിക്ക് വിഷമമായി എന്നവള്‍ മനസ്സിലാക്കട്ടെ. അപ്പോള്‍ നാളെ അവള്‍ വന്നു കുണുങ്ങിക്കൊണ്ട് പറയും
"മോയ്തൂട്ട്യെ, ജ്ജ് ന്താടാ ന്നോട് മിണ്ടാത്തെ? ഇജ്ജ് പറഞ്ഞത് ഞാന്‍ ബിശ്വസിച്ച്. മ്മക്ക് രണ്ടാള്‍ക്കും കൂടി അതിന്ന്‍ കേക്കാന്‍ പൂവാട്ടാ.."

മൊയ്തു വേഗം നടന്നു തുടങ്ങി. ആമിന കാണരുത്. കണ്ടു പിറകില്‍ നിന്ന് വിളിച്ചിട്ടും നില്‍ക്കാതെ പോയാല്‍ അത് മോശമാണ്. മൊയ്തീന്‍ തന്‍റെ നടത്തത്തിനു വേഗത കൂട്ടി.
-------------------------------------------------------------------------
ആമിന ചെവിയോര്‍ത്തു കിടന്നു. ഇടി വെട്ടുന്ന ശബ്ദം ഒരു കാതിലൂടെ കേള്‍ക്കാനുണ്ട്. അവള്‍ ആ കാതു പൊത്തിപ്പിടിച്ചു. തീവണ്ടിയെങ്ങാനും വരുമോ? ഈ നേരത്ത് വണ്ടിയൊന്നുമില്ല. അവള്‍ കാതോര്‍ത്ത് കിടന്നു.

മൊയ്തീനോട് അങ്ങിനെ പറയേണ്ടിയിരുന്നില്ലെന്ന്‍ അവള്‍ക്ക് പിന്നീട് തോന്നി. അത് കേട്ടപ്പോള്‍ അവന്റെ മുഖം താളില പോലെ വാടിയത് അവള്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ സാരമില്ലെന്നു പറഞ്ഞു കൂട്ടാവാം എന്ന് വിചാരിച്ചതാണ്. പിന്നെ ആമിനക്ക് തോന്നി, വൈകീട്ട് ഇവിടെ വന്ന്‍ ഇതൊന്നു ശ്രമിച്ചിട്ടാകാം അവനോട് പറയുക എന്ന്. നാളെ പോയി, താന്‍ അത് ചെയ്തു നോക്കി എന്ന് പറയുമ്പോള്‍, അവന്‍ തന്‍റെ മുന്‍പിലെ നീളന്‍ പല്ലുകാട്ടി ചിരിക്കുന്നത് അവള്‍ സ്വപ്നം കണ്ടു. ആമിന പതുക്കെ ചിരിച്ചു.

മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചു പോകണോ എന്നവള്‍ ആലോചിച്ചു. വേണ്ട.. കുറച്ചു കൂടി കാക്കാം. പടച്ചോനും ശൈത്താനും കൂടി എന്തായിരിക്കും സംസാരിക്കുക? അവള്‍ ആശ്ചര്യപ്പെട്ടു. പുസ്തകം നനയാതെ സൂക്ഷിച്ച പ്ലാസ്റ്റിക് ബാഗ് ഒരു വശത്തേക്ക് നീക്കി വെച്ച് അവള്‍ വീണ്ടും ശ്രദ്ധിച്ചു. പാളം ഒന്നനങ്ങിയതായി അവള്‍ക്കു തോന്നി. ആകാശത്ത് ഒരു ഇടി മിന്നി മാഞ്ഞു. മേഘങ്ങള്‍ ഉറക്കെ ഗര്‍ജ്ജിച്ചു.

റേഡിയോ സ്റ്റേഷന്‍ ട്യൂണ്‍ ചെയ്യുമ്പോള്‍ കേട്ടിരുന്നപോലെ പലപല ശബ്ദങ്ങള്‍ അവളുടെ കാതില്‍ വന്നലച്ചു. മഴത്തുള്ളികള്‍ മുഖത്ത് പതിക്കുമ്പോള്‍ താന്‍ മറ്റേതോ ലോകത്താണെന്നു പോലും അവള്‍ക്കു തോന്നി. കേള്‍ക്കുന്ന ആ ശബ്ദങ്ങളില്‍ പടച്ചോന്‍റെ ശബ്ദം കേള്‍ക്കാനുണ്ടോ എന്നവള്‍ ശ്രദ്ധിച്ചു. കണ്ണടച്ചപ്പോള്‍ തല കറങ്ങുന്നത് പോലെ തോന്നി.

മഴ ആര്‍ത്തലച്ചു ദേഹത്തു വീഴുന്നതും, ചെവിയില്‍ നൂറായിരം ശബ്ദങ്ങള്‍ അലയടിച്ചുയരുന്നതും അവള അറിയുന്നുണ്ടായിരുന്നു. ഏതൊക്കെയോ അറിയാത്ത ഹൂറികളുടെ ലോകത്തിലൂടെ അവള്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അവളുടെ അടഞ്ഞ കണ്ണില്‍ മൊയ്തീന്‍റെ പുഞ്ചിരി നിറഞ്ഞു. ആയിരം ശബ്ദങ്ങളില്‍ ഓരോന്നിലും പടച്ചോന്‍റെയും ചെകുത്താന്‍റെയും ശബ്ദം അവള്‍ കേട്ടു. ആകാശത്തിലെ ഇടിമുഴക്കത്തില്‍, മഴത്തുള്ളികളുടെ കിലുകിലുക്കത്തില്‍, തവളക്കരച്ചിലുകളില്‍, ഉരസുന്ന കല്ലിന്‍റെ ശബ്ദത്തില്‍.... അങ്ങിനെ നൂറായിരം ശബ്ദങ്ങളില്‍ പടച്ചോനും ശൈത്താനും സംവദിക്കുന്നത് അവള്‍ കേട്ടു.

അകലെ നിന്നും സമയം തെറ്റി വരുന്ന പാസഞ്ചര്‍ വണ്ടിയുടെ ശബ്ദം മാത്രം അവള്‍ കേട്ടില്ല...............................

No comments:

Post a Comment