Wednesday, April 2, 2014

വാരണാസി

ഇതു വാരണാസി,
തമോഗഹ്വരങ്ങളില്‍
നിലവിളിക്കുന്ന പ്രാണന്‍റെ
മുക്തി, തന്‍ തിരകളാല്‍
ചേര്‍ത്തു പുല്‍കി
അരുളുന്ന, പഴയ
ജാഹ്നവി, തന്‍
പ്രാണനാഥന്റെ കഴലിണ
തഴുകീടും മഹാസ്ഥലി..

ഇതു വാരണാസി,
ഹൃദയത്തിന്‍ ഗ്രന്ഥികള്‍
സകലവും പൊട്ടി, സച്ചിത്-
സുഖത്തിന്റെ ഉറവു പൊട്ടും
സഹസ്രാര പദ്മങ്ങള്‍
ഒഴുകി നീങ്ങും മണികര്‍ണികാഘട്ടം
അതിരു കാക്കും
ത്രിപുരാന്തകപുരി

ഇതു വാരണാസി,
മാതാവന്നപൂര്‍ണ്ണ, തന്‍
കണവനെ കണികാണും
പ്രണയാര്‍ദ്ര മധുരമൂറി
വരുന്ന പുലരികള്‍,
ശിവപദങ്ങളില്‍
കൂപ്പുന്ന ദിക്കുകള്‍,
വിധുരയായൊഴുകുന്ന
ഭാഗീരഥി


ഇതു വാരണാസി,
നിലാവിന്‍റെ ഓളത്തില്‍
പഴയൊരു ഷഹനായി തന്‍
നിസ്വനം, അകലെ വിശ്വനാഥന്‍ മുന്നില്‍
കണ്ണടച്ചൊരു ഖയാലില്‍
വിതുമ്പുന്ന ബിസ്മില്ലാ,
ഖബറിടത്തില്‍ ശയിപ്പു
ദിഗന്തങ്ങള്‍ തഴുകിയെത്തുന്ന
സാന്ദ്ര സംഗീതിക

ഇതു വാരണാസി,
കെടുതി തന്‍ വേതാള-
ചുടല നൃത്തം കഴിഞ്ഞു
മഹാഗ്നി തന്‍ നടുവില്‍ ചാരമായ്
തീരും ശവപ്പറ-
മ്പിവിടെ കത്തിയെരിവൂ
ജനങ്ങള്‍ തന്‍ പുകയും രോഷം,നിരാശ..
നിരാലംബ നയനങ്ങളില്‍
ഒളി ചേര്‍ക്കും പ്രതീക്ഷ തന്‍
ചെറു തിരി പ്രകാശിക്കുന്ന കാശി നീ..

ഇതു വാരണാസി,
നരേന്ദ്രന്‍റെ ദിഗ്ജയ രഥം ഉരുളുന്ന
പാവന ഭൂമി, തന്‍ വഴി മുടക്കുവാനെത്തും
നരികള്‍ക്കു, മറുപടിയായി ഏകുന്ന
ഗര്‍ജ്ജനമതില്‍ രമിക്കുന്ന
ഭാരതഭൂമിയില്‍,
പുതു യുഗത്തിന്‍റെ ശംഖനിനാദങ്ങള്‍
അലയടിക്കും, പരിവര്‍ത്തനത്തിന്‍റെ
ചിറകിലേറിപ്പറക്കുന്ന ഭൂമിക..

ഇതു വാരണാസി,
കരുത്തായ്‌, പ്രതീക്ഷയായ്,
പുതിയ താമര പൂക്കും സരസ്സുകള്‍,
ജയപതാകയേന്തീടുന്ന
തോണികള്‍ ഒഴുകിടുന്ന
മഹാനദി, ഉള്ളിലെ മുറിവുണക്കും
ശിവാക്ഷരനാമത്തില്‍
അഭിരമിക്കുന്ന നാടിന്‍
ഹൃദന്തത്തില്‍
കരുതി വെച്ച നരേന്ദ്രസിംഹാസനം.......

*Image Courtsey : Google Images

1 comment:

  1. വാരണാസി നീതിയിലേയ്ക്ക് നടത്തട്ടെ

    ReplyDelete