Monday, March 17, 2014

ആരു നീ?

വന്‍കരകള്‍ താണ്ടുമ്പോള്‍ ഉണ്ടാകുന്ന സമയത്തിന്‍റെ വ്യത്യാസം (ജെറ്റ്ലാഗ്) തളര്‍ത്തുന്നതാണെങ്കിലും ഓര്‍ക്കാന്‍ രസമുള്ളതാണ്‌. സമയത്തിന്‍റെ കളി കാണാനും...
-------------------------------------

'ആരു നീ?' ചോദിക്കുന്നു
കാറു നീങ്ങിയ വാനം
'ആരു നീ?' ആരായുന്നു
മാറിയ സന്ധ്യാരാഗം

'ആരു നീ? എഴുന്നേല്‍ക്ക!'
സൂര്യന്‍റെ സപ്താശ്വമാം 
തേരില്‍ നിന്നുയരുന്ന 
ഘോരമാം ആജ്ഞാനാദം

മാറിയ സമയത്തിന്‍
വേഗത്തില്‍ പതറി ഞാന്‍
വേറെ വന്‍കര മേലെ-
യാണെന്നതറിയവേ

ഏഴേഴു സമുദ്രങ്ങള്‍
താണ്ടി ഞാന്‍ വരുമ്പോള്‍ ഹാ
ആരാണ് ചോദിക്കുന്ന-
തെന്നുടെയൂരും പേരും

വേറൊരു കാലത്തിന്‍റെ
ബോധമണ്ഡലത്തില്‍ നി-
ന്നാരൊരാള്‍ ചോദിക്കുന്നു
'ആരു നീ പറഞ്ഞാലും'

"ആരു ഞാന്‍?, കാലത്തിന്‍റെ
നീര്‍ക്കുമിളകള്‍ക്കുള്ളില്‍
പാരം കിതച്ചീടുന്ന
വായുവാം മറ്റെന്താവാന്‍?"

2 comments:

  1. ആരു ഞാന്‍?, കാലത്തിന്‍റെ
    നീര്‍ക്കുമിളകള്‍ക്കുള്ളില്‍
    പാരം കിതച്ചീടുന്ന
    വായുവാം മറ്റെന്താവാന്‍?"

    ഗ്രേറ്റ്!!

    ReplyDelete