Monday, January 6, 2014

ഞാന്‍..

10/22/10 നു എഴുതിയ കവിത
------------------------------------------
തെളിഞ്ഞ വാനിലായ്‌ പാറും
പൂങ്കുയില്‍ നാദമല്ല ഞാന്‍
ഉടഞ്ഞ ചില്ലില്‍ മിന്നീടും
വൈദ്യുത പ്രഭായല്ല ഞാന്‍

നിറഞ്ഞ മാറില്‍ ചാഞ്ഞീടും
കുഞ്ഞിന്‍ നൈര്‍മ്മല്യമല്ല ഞാന്‍
വിരിഞ്ഞു നില്‍ക്കും പൂവിന്‍റെ
നിഷ്കളങ്കതയല്ല ഞാന്‍

മണിവീണക്കമ്പികള്‍ പാടും
ശുദ്ധസാവേരിയല്ല ഞാന്‍
ഉണരും പൊന്നുഷസ്സിന്റെ
പടഹധ്വനിയല്ല ഞാന്‍

കഴിഞ്ഞു പോയ കാലത്തിന്‍
കാവല്‍ മാലാഖയല്ല ഞാന്‍
വരും നാളുകളെണ്ണുന്ന
കിനാക്കായലിലല്ല ഞാന്‍

കൊഴിഞ്ഞു വീണ പുഷ്പത്തിന്‍
തപ്തനിശ്വസിതങ്ങളില്‍
കരഞ്ഞീറനണിഞ്ഞീടും
കണ്ണില്‍ അഞ്ജനമല്ല ഞാന്‍

മരുവിന്‍ മുകളില്‍ക്കത്തും
ആതപക്കനലല്ല ഞാന്‍
മകരത്തെ പുതപ്പിക്കും
നിലാവിന്‍ തിരയല്ല ഞാന്‍

ശിരോരേഖ വരച്ചിട്ട
പാഴ്ജീവിതവുമല്ല ഞാന്‍
വിധിയെ പൊരുതാന്‍ വെമ്പും
ആന്ധ്യ യൌവനമല്ല ഞാന്‍

ചന്തക്കവലകള്‍ തോറും,
മദ്യവ്യാപാരശാലയില്‍,
തെരുവില്‍ വേശ്യകള്‍ക്കൊപ്പം,
ആടിടും ധൂര്‍ത്തുമല്ല ഞാന്‍

ശവം കത്തുന്ന മണ്ണില്‍ തന്‍
ശൂലമാഴ്ത്തുന്ന സാധുവിന്‍
ശിരസ്സില്‍ മത്തിളക്കീടും
കഞ്ചാവിന്‍ പുകയല്ല ഞാന്‍

ദാഹിച്ചീടാത്ത സിദ്ധാന്ത-
ശിരോമണിയുമല്ല ഞാന്‍
ലക്ഷ്യമില്ലാതലഞ്ഞീടും
മനോവൈകൃതമല്ല ഞാന്‍

സന്ധ്യകള്‍ മോന്തിടും ചാറിന്‍
മാദകത്വവുമല്ല ഞാന്‍
അന്തിത്തിരി കൊളുത്തേണ്ട
നാഗദേവതയല്ല ഞാന്‍

ആത്മനാദം മുഴങ്ങുന്ന
ശംഖനിസ്വനമല്ല ഞാന്‍
ആത്മസമ്മോഹനത്തിന്റെ
മാന്ത്രികേലസ്സുമല്ല ഞാന്‍

ഉയിരിന്‍ ധര്‍മ്മപീഠത്തിന്‍
ദണ്ഡധാരകനല്ല ഞാന്‍
നിറയും കണ്‍കളില്‍ ചോരും
അഴലിന്‍ നിഴലല്ല ഞാന്‍

പ്രാണനില്‍ ഒഴുകീടുന്ന
വികാരച്ചുഴി താണ്ടിയെന്‍
നാവില്‍ വന്നു നിറഞ്ഞീടും
അക്ഷരബ്രഹ്മമാണു ഞാന്‍

കുറിക്കും വാക്കിലോരോന്നില്‍
അര്‍ത്ഥമായി വിളങ്ങിടും
പരമാത്മപ്രകാശത്തിന്‍
ബഹി:സ്ഫുരണമാണു ഞാന്‍

പാടും രാഗങ്ങളില്‍ ഊറും
ലയവിന്യാസമാണു ഞാന്‍
നിമിഷപ്രഭയായ് മിന്നും
കാവ്യവൈഖരിയാണു ഞാന്‍


1 comment: