Thursday, January 2, 2014

കലി...

കത്തി നില്‍ക്കും കോപമുള്ളില്‍
പൊട്ടി ലാവയായൊലിച്ചു
ചുറ്റിലും അഴല്‍ പരത്തി
കുത്തിയോടുമ്പോള്‍

ദിക്കുകള്‍ നടുങ്ങിയെന്റെ
അട്ടഹാസം കേട്ടപോല്‍, ഉ-
ന്മത്തമാകും ക്രോധമെന്റെ
കണ്‍ മറക്കുമ്പോള്‍

വെട്ടുകത്തി, വെണ്‍കഠാര
തോറ്റിടുന്ന മട്ടിലെന്റെ
വാക്കിനാല്‍ ഞാന്‍ ജീവിതങ്ങള്‍
വെട്ടി മാറ്റുമ്പോള്‍

കാല്‍ നഖം തൊട്ടാ പെരുപ്പു
കേറിയെന്റെയുച്ചിയില്‍ വേ-
താള നൃത്തം ആടിയെന്നില്‍
തീ പുകക്കുമ്പോള്‍

ശാപവാക്കില്‍, കണ്ണുനീരിന്‍
അമ്ലധാരയില്‍ നനഞ്ഞു,
കണ്ണു വെന്തു, എന്നില്‍ നിന്നും
ഞാന്‍ അകലുമ്പോള്‍

നീറിടുമാ ഉമിത്തീയില്‍
ഞാനെരിഞ്ഞെരിഞ്ഞിടുമ്പോള്‍
മാറിലെന്റെ നിന്‍റെ ശാപം
തുളഞ്ഞിടുമ്പോള്‍

ഉത്തരത്തില്‍ കോര്‍ത്തതിന്റെ
അറ്റമെന്‍ കഴുത്തിലിട്ട്
ചിത്രമായി ഞാന്‍ മുറിയില്‍
തൂങ്ങിയാടുന്നു...

2 comments:

  1. വയലന്റ് കവിതയാണല്ലോ

    ReplyDelete
  2. ഇത്ര കോപം കവിതയിൽ മാത്രം മതി, കേട്ടോ.? :)

    നല്ല കവിത.നന്നായി എഴുതി.

    ശുഭാശംസകൾ....


    ReplyDelete