Saturday, January 18, 2014

മേരി ആവാസ് സുനോ...

ഇനിയെന്‍ ശബ്ദം കേള്‍ക്കൂ...
ആയിരം നൂറ്റാണ്ടുകള്‍
പഴക്കം വന്നീ ചിതലെടുത്ത
ശബ്ദങ്ങളില്‍
നിന്ന് വേറിട്ടുള്ള
സ്വാതന്ത്ര്യ ധ്വനി കേള്‍ക്കൂ
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ



കറുത്ത ബീഡിപ്പുക
തെരുവില്‍ ഉയര്‍ത്തുന്ന
വിപ്ലവ പ്രസംഗത്തിന്‍
സ്വപ്നനിര്‍വാണം വിട്ടു,
ജ്വലിക്കും പുരുഷത്വ
സിംഹഗര്‍ജ്ജനം കേള്‍ക്കൂ
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ

വെറുപ്പാല്‍ മസ്തിഷ്കത്തിന്‍
അറ്റത്തെ കോശം വരെ
നിറച്ചു തന്നീടുന്ന
വേദപുസ്തകങ്ങളെ
വലിച്ചു കീറൂ, നിന്‍റെ
കൈകളെ ബന്ധിച്ചിടും
വിലങ്ങു തകര്‍ത്തുഷ-
ധ്യാനത്തിന്‍ സ്വരം കേള്‍ക്കൂ
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ

പാപത്തിന്‍ ഭയപ്പെടു-
ത്തലുകള്‍, നിരാശ തന്‍
ദുസ്സഹ കാകോളങ്ങള്‍,
ദുര്‍ഗ്ഗമ തമിസ്രങ്ങള്‍,
നരച്ച സിദ്ധാന്തങ്ങള്‍,
ഭാരിച്ച തറവാടിത്തം
ഉറച്ച ശബ്ദത്താലെ
ധിക്കരിച്ചിറങ്ങുകീ
സ്വച്ഛമാം വിഹായസ്സിന്‍
മംഗളധ്വാനം കേള്‍ക്കൂ
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ....

ലോകത്തിന്‍ ധന-മദ-
മാനത്തിന്‍ ബഹളങ്ങള്‍,
ഞാന്‍ ഞാനെന്നെപ്പോളുമേ
കേള്‍ക്കുമീ ധിക്കാരങ്ങള്‍,
അടിമച്ചങ്ങലക്കണ്ണി-
ക്കിലുക്കം, അധികാരം
ചുട്ടെരിച്ചിടും ജന-
തതി തന്‍ നിലവിളി,
ഒരു നിമിഷത്തേക്കിവ
മറക്കൂ, ഉയിര്‍ക്കുവാന്‍
മൌനമാം ആത്മാവിന്‍റെ
സാന്ദ്ര സംഗീതം കേള്‍ക്കൂ,
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ....

കിളി തന്‍ ചിറകടി-
യൊച്ചകള്‍, നിലാവിന്‍റെ
കടലിന്‍ തിരയടി,
വാഴ്വിന്‍റെ തരളമാം
വേണുനാദത്തിന്‍ സ്വരം,
ആത്മ മന്ത്രണത്തിന്‍റെ
കല്യാണിരാഗം കേള്‍ക്കൂ..
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ..

ഇനിയീ പ്രപഞ്ചത്തിന്‍
പ്രണവാനന്ദം കേള്‍ക്കൂ,
ഇനി നീ കൈവല്യത്തിന്‍
മധുരാമൃതം കേള്‍ക്കൂ
ഇനി ധീരതയുടെ
പടഹധ്വനി കേള്‍ക്കൂ
ഇനി ശാന്തി തന്‍ ദിവ്യ
ശംഖനിസ്വനം കേള്‍ക്കൂ..
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ
ഇനിയെന്‍ ശബ്ദം കേള്‍ക്കൂ......

4 comments:

  1. എല്ലാം നല്ല കവിതകൾ...

    ReplyDelete
  2. വെറുപ്പിന്റെ പുസ്തകങ്ങള്‍ വലിച്ചെറിയൂ......നല്ല കവിത, നല്ല ആഹ്വാനം

    ReplyDelete
  3. പാപ ച്യുതികളിൽ നിന്നും ആത്മബോധത്തിലേക്ക് എതിനോക്കുവാൻ ഉജ്വലമായൊരു ആഹ്വാനം. നന്നായിരിക്കുന്നു കവിത.

    ReplyDelete