Monday, December 9, 2013

ഇതിനെ ഞാന്‍ എന്തു വിളിക്കും

12/22/10 നു എഴുതിയ കവിത
----------------------------------------
ഇതു നിനക്കായി ഞാന്‍ തീര്‍ത്ത ലോകത്തിന്‍
വെളിയിലെ പടിവാതില്‍ക്കുറിപ്പുകള്‍
ഇത് നിനക്കെന്റെ ജീവിതം കൊണ്ടു ഞാന്‍
പകരും സ്നേഹപ്പിടച്ചിലിന്നൊച്ചകള്‍

ഇടറി വീഴുന്ന പാതയോരങ്ങളില്‍
കുറുകിടും അരിപ്രാവിന്റെ നൊമ്പരം
നിറമിഴിയില്‍ പ്രണയമാം കണ്ണാടി
ഉടവതു കണ്ടവന്നുടെ വീര്‍പ്പുകള്‍

ഇതു പുലര്‍കാലം ചാര്‍ത്തും ചുവപ്പിനായ്
ഹൃദയരക്തം ചൊരിഞ്ഞ തെച്ചിപ്പൂവിന്‍
വിധുര സ്വപ്‌നങ്ങള്‍ തന്‍ ബലിപീഠത്തില്‍
ചിതറി വീണ പനിനീരിന്‍ തുള്ളികള്‍

പകുതി മുത്തിന്‍ വെളുപ്പും പകുതിയില്‍
കരി നിറവും പടര്ന്നതാം ചേതന
ഒരു മയക്കത്തിലെന്നോ പുലമ്പിയ
ഉറക്കഭ്രാന്തിന്റെ നേര്‍ക്കാഴ്ച്ചയാണിത്

ഇതു വെളിച്ചം മറക്കും ഗ്രഹണത്തിന്‍
സമയം ഉള്ളില്‍ തിളച്ചീടും രോദനം
ഇതു വിമൂകമാം സായന്തനങ്ങളില്‍
വെയിലു പാടും കദനകുതൂഹലം

നിലവിളിച്ചോടി വന്നിടും കാറ്റിനും
പറയുവാനുള്ള ക്രൂരമാം വേദന
വഴിയരികില്‍ തൊട്ടാവാടികള്‍ മുഖം
പകുതി പൊത്തിക്കരഞ്ഞതാം ദൈന്യത

ഇതു ഹൃദയത്തില്‍ എന്നുമുണങ്ങാത്ത
മുറിവു പാകും കവിയുടെ ഭ്രാന്തുകള്‍
ഇതു കരിഞ്ഞ സ്വപ്നങ്ങളില്‍ വ്യര്‍ത്ഥമായ്
പൊഴിയും മാരി തന്‍ തൂമണിമുത്തുകള്‍

1 comment:

  1. പാതി വെളുപ്പും പാതി കറുപ്പുമായൊരു ചേതന!
    നല്ല കവിത

    ReplyDelete